ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയെന്നും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടിയെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ശേഖർ അഗർവാളിന്റെ വീട്ടില്‍നിന്ന് പിടികൂടിയ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ കൗണ്ടിങ് മെഷീന്‍ വേണ്ടിവന്നുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ ഏതാനും ഉദ്യോഗസ്ഥര്‍ പണം എണ്ണിത്തിട്ടപ്പെടുത്തുന്നുന്നതും കാണാം.
Fact-check:
പ്രചരിക്കുന്ന വീഡിയോയ്ക്ക് ആം ആദ്മി പാര്‍ട്ടിയുമായോ മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുമായോ ബന്ധമില്ലെന്നും കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ ഇഡി 2022 ല്‍ നടത്തിയ റെയ്ഡിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രത്തിലെ ചില ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
2022 സെപ്തംബര്‍ 11 ന് CNN-News18 യൂട്യൂബില്‍ ഇതേ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. കൊല്‍ക്കത്തയിലെ വ്യാപാരിയില്‍നിന്ന് 18 കോടി രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഈ സൂചന ഉപയോഗിച്ച് യൂട്യൂബില്‍തന്നെ നടത്തിയ തിരച്ചിലില്‍ NDTV 2022 സെപ്തംബര്‍ 10ന് പങ്കുവെച്ച വാര്‍ത്തയിലും ഇതേ ദൃശ്യങ്ങള്‍ കണ്ടെത്തി.
കൊല്‍ക്കത്തയിലെ വ്യാപാരിയുടെ വീട്ടില്‍ നടന്ന റെയ്ഡ് എന്ന രീതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് NDTV യുടെ വെബ്സൈറ്റ് പരിശോധിച്ചതോടെ വിശദമായ റിപ്പോര്‍ട്ട് 2022 സെപ്തംബര്‍ 11ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
ഒരു മൊബൈല്‍ ഗെയിം അപ്ലിക്കേഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കൊല്‍ക്കത്തയിലെ ആമിര്‍ ഖാന്‍ എന്ന വ്യക്തിയുടെ ആറ് ഇടങ്ങളിലാണ് ED പരിശോധന നടത്തിയതെന്നും 18 കോടിയോളം രൂപയാണ് കണ്ടെടുത്തതെന്നും NDTV റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ പ്രധാന മാധ്യമങ്ങളെല്ലാം സെപ്തംബര്‍ 10-11 തിയതികളിലായി ഈ വാര്‍ത്ത നല്‍കിയതായി കണ്ടെത്തി.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റെയ്ഡിന് ആംആദ്മി പാര്‍ട്ടിയുമായി ബന്ധമില്ലെന്നും വ്യക്തമായി.
Conclusion:
ഗുജറാത്തിലെ ആംആദ്മി നേതാവിന്റെ വീട്ടിലെ ഇഡി റെയ്ഡ് എന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് 2022 ല്‍ കൊല്‍ക്കത്തയിലെ ഒരു വ്യാപാരിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിന്റെ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.