ട്രെയിനുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ വ്യത്യസ്ത നിറങ്ങള്‍ നല്‍കിയിരിക്കുന്നതുമായി ബന്ധപ്പെട്ട് ചില അവകാശവാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വ്യത്യസ്ത വിഭാഗം ട്രെയിനുകളെ തിരിച്ചറിയാനാണ് നിറങ്ങളെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ സാധാരണ ട്രെയിനുകള്‍ നീല നിറത്തിലും രാജധാനി ട്രെയിനുകള്‍ ചുവപ്പ് നിറത്തിലുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളില്‍ നിലവിലെ നിറങ്ങളില്‍ വ്യത്യാസമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഈയിടെ മാധ്യമങ്ങള്‍ വഴി പുറത്തുവന്ന ട്രെയിനുകളുടെ ദൃശ്യങ്ങളാണ് ആദ്യം പരിശോധിച്ചത്. നീല നിറത്തിലുള്ള ബോഗിള്‍ ഇപ്പോള്‍ പൊതുവെ കാണാറില്ലെന്നതിനാലാണ് ഇത്തരമൊരു പരിശോധന നടത്തിയത്. 2023 ഏപ്രിലില്‍ ഏറെ ചര്‍ച്ചയായ എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ അന്നുമുതലേ നീല നിറമുള്ള ബോഗികള്‍ നിലവിലില്ലെന്ന് വ്യക്തമായി. ബ്രൗണ്‍ ഷെയ്ഡിലുള്ള രണ്ട് നിറങ്ങളാണ് ഈ ദൃശ്യങ്ങളിലുള്ളത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2018 മുതല്‍തന്നെ റെയില്‍വേ സാധാരണ ട്രെയിന്‍ ബോഗികള്‍ ഈ നിറത്തിലേക്ക് മാറ്റാന്‍ നടപടി തുടങ്ങിയിരുന്നതായി വ്യക്തമായി. എന്‍ഡിടിവി ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ ഇക്കാര്യം 2018-ല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജധാനി, ശതാബ്ദി ഉള്‍പ്പെടെ ട്രെയിനുകളുടെ നിറത്തില്‍ മാറ്റമില്ലെന്നും ചെന്നൈ ഐസിഎഫില്‍ നിര്‍മിക്കുന്ന മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ നിറത്തില്‍ മാത്രമാണ് മാറ്റമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ എക്സ്പ്രസ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് തുടങ്ങിയ മാധ്യമങ്ങളും 2018-ല്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കാണാം.
ഇതോടെ നീല നിറത്തിലുള്ള കോച്ചുകള്‍ മാറ്റാന്‍ 2018ല്‍ തന്നെ തുടക്കമിട്ടതായും നിലവില്‍ നീല ബോഗികള്‍ ഉപയോഗിക്കുന്നില്ലെന്നും വ്യക്തമായി.
തുടര്‍ന്ന് പ്രചരിക്കുന്ന ചിത്രത്തില്‍ രണ്ടാമതായി നല്‍കിയിരിക്കുന്ന ചുവന്ന നിറത്തിലുള്ള കോച്ചിനെക്കുറിച്ച് അന്വേഷിച്ചു. രാജധാനി ട്രെയിനുകള്‍ക്കാണ് ഈ നിറമെന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തിറങ്ങുന്ന പുതിയ LBH കോച്ചുകള്‍ക്കെല്ലാം ഈ നിറമാണ് ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കൂടാതെ പ്രചരിക്കുന്ന പോസ്റ്റില്‍ അവകാശപ്പെടുന്നതുപോലെ ജനശതാബ്ദി ട്രെയിനുകള്‍ക്കെല്ലാം മഞ്ഞയും നീലയുമല്ല നിറമെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം ഗരീബ്‍രഥ് എക്സ്പ്രസിന്റെ നിറം പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതുപോലെ പച്ചയും മഞ്ഞയുമാണ്. ഇതില്‍ നല്‍കിയിരിക്കുന്നതിന് പുറമെ വേറെയും നിറങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ ഉപയോഗിക്കുന്നുണ്ട്. ഹംസഫര്‍ എക്സ്പ്രസ്, ദുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രത്യേക ട്രെയിനുകള്‍ക്കെല്ലാം പ്രത്യേക നിറങ്ങളുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഇതോടെ പ്രചരിക്കുന്ന പോസ്റ്റ് പഴയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സ്ഥിരീകരിച്ചു.
Conclusion:
ട്രെയിനുകളുടെ നിറവ്യത്യാസം സംബന്ധിച്ച് നടക്കുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതും പഴയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതുമാണ്. നിലവില്‍ നീല നിറത്തിലുള്ള കംപാര്‍ട്ട്മെന്റുകള്‍ ഉപയോഗിക്കുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.