ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഏതാനും ആണ്‍കുട്ടികള്‍ വനിതാദിനത്തില്‍ പെണ്‍വേഷമണിഞ്ഞ ചിത്രമെന്ന തരത്തില്‍ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സാരി ധരിച്ച മൂന്ന് ആണ്‍കുട്ടികളുടെയും കോട്ടണിഞ്ഞ ഒരു പെണ്‍കുട്ടിയുടെയും ചിത്രമാണ് പ്രചരിക്കുന്നത്. വനിതാ ദിനത്തില്‍ കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികളുടെ വേഷംകെട്ട് എന്ന തരത്തില്‍ പരിഹാസ്യരൂപേണയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രം ജെഎന്‍യുവിലേതോ മലയാളി വിദ്യാര്‍ത്ഥികളുടേതോ അല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പ്രചരിക്കുന്ന ചിത്രം പരിശോധിച്ചതോടെ ഇത് 2020 ല്‍ വിവിധ മാധ്യമറിപ്പോര്‍ട്ടുകളില്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. കന്നഡയില്‍ പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത് പൂനെയിലെ ഒരു കോളജിലെ വിദ്യാര്‍ത്ഥികളാണെന്ന സൂചന ലഭിച്ചു.
ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പൂനെയിലെ ഫെര്‍ഗ്യൂസന്‍ കോളജിലെ വിദ്യാര്‍ത്ഥികളുടെ ചിത്രമാണിതെന്ന് വ്യക്തമായി. 2020 ജനുവരി 22ന് ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദമാക്കുന്നു. കോളജില്‍ പരമ്പരാഗത ദിനാചരണത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമായ വേഷം ധരിച്ചെത്തിയത്. ഹോന്‍വദജകര്‍, ആകാശ് പവാര്‍, ഋഷികേശ് സനപ് എന്നീ വിദ്യാര്‍ത്ഥികളാണ് സാരി ധരിച്ചത്. ശ്രദ്ധ ദേശ്പാണ്ഡെ എന്ന പെണ്‍കുട്ടിയാണ് ഇവര്‍ക്കൊപ്പം കോട്ട് ധരിച്ചതെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സമാന റിപ്പോര്‍ട്ടുകള്‍ മറ്റ് ദേശീയമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ലിംഗസമത്വത്തിന്റെ സന്ദേശമാണ് ഇതുവഴി പങ്കുവെച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെട്ടതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ പ്രചരിക്കുന്ന ചിത്രത്തിന് അഞ്ചുവര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ജെഎന്‍യുവുമായോ വനിതാദിനവുമായോ ബന്ധമില്ലെന്നും വ്യക്തമായി.
Conclusion:
ജെഎന്‍യുവിലെ ഏതാനും ആണ്‍കുട്ടികള്‍ വനിതാദിനത്തില്‍ സാരിധരിച്ചുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം 2020-ല്‍ പൂനെയിലെ ഒരു സ്വകാര്യ കോളജില്‍നിന്നുള്ളതാണ്. ചിത്രത്തിന് വനിതാദിനവുമായോ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുമായോ ബന്ധമില്ലെന്നും ചിത്രത്തിലുള്ളത് മലയാളി വിദ്യാര്‍ത്ഥികളല്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.