144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി കോടിക്കണക്കിന് തീർത്ഥാടകർ സ്നാനം ചെയ്യാനായി എത്തിയതിന്റെ റിപ്പോർട്ടുകൾ ലഭ്യമാണ്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയിൽ പ്രമുഖരടക്കം നിരവധി പേര്‍ പങ്കെടുക്കുന്നതിനാൽ അമ്പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ മേളയുടെ പരിസരങ്ങളിൽ നിയമിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതിനിടയിൽ ബോളിവുഡ് താരങ്ങളില്‍ ചിലര്‍ കുംഭമേളയില്‍ പങ്കെടുത്തെന്ന അവകാശവാദത്തോടെ ഏതാനും ചിത്രങ്ങൾ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ബോളിവുഡ് താരങ്ങളായ സോനാക്ഷി സിൻഹ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, തെലുഗു നടൻ അല്ലു അർജുൻ, കരീന കപൂർ, രാം ചരൺ, തമന്ന തുടങ്ങിയവര്‍
മേളയുടെ ഭാഗമായെന്ന തരത്തിലാണ് പ്രചാരണം
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്നും വസ്തുത പരിശോധനയില്‍ കണ്ടെത്തി. ചിത്രത്തിലുള്ള താരങ്ങളൊന്നും കുംഭമേളയിലെത്തിയതായി മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തനായില്ല. ഇത് പ്രചാരണം അടിസ്ഥാനരഹിതമാകാമെന്ന ആദ്യസൂചനയായി. തുടര്‍ന്ന് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ എബിപി ലൈവ് വാര്‍ത്താ ചാനലിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇതേ ചിത്രങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തി.2025 ജനുവരി 17ന് പങ്കുവെച്ചരിക്കുന്ന ചിത്രങ്ങളില്‍ ചാനലിന്റെ ലോഗോയും കാണാം.
താരങ്ങല്‍ ത്രിശൂലം കൈയ്യിലേന്തി കുറിതൊട്ട് കുംഭമേളയില്‍ പങ്കെടുത്താല്‍ എങ്ങനെയിരിക്കുമെന്ന സാങ്കല്പിക ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന അടിക്കുറിപ്പോടെയാണ് ചാനല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ചിത്രങ്ങള്‍ യഥാര്‍ത്ഥമല്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചാനലിന്റെ വെബ്സൈറ്റില്‍ വിനോദവിഭാഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നല്‍കിയതായി കണ്ടെത്തി. ജനുവരി 17ന് ഹിന്ദിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഓരോ ചിത്രത്തിനൊപ്പവും നല്‍കിയിരിക്കുന്ന വിശദമായ വിവരണത്തില്‍ ചിത്രങ്ങള്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇതോടെ ചിത്രങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും വിനോദത്തിനായി തയ്യാറാക്കിയ എഐ ചിത്രങ്ങളാണിവയെന്നും വ്യക്തമായി. പ്രസ്തുത താരങ്ങള്‍ കുംഭമേളയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.