പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിൽ സുപ്രഭാതം ദിനപത്രത്തിൽ വന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരസ്യം വൻ വിവാദമായിരുന്നു. ഇതിനെ തുടർന്ന് പത്രത്തിന് വരിക്കാരെ നഷ്ടമായതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം. 'സുപ്രഭാതത്തിന് നഷ്ടപ്പെട്ടത് 62,000 വരിക്കാരെ' എന്ന തലക്കെട്ടോടെയുള്ള മീഡിയ വണ്ണിന്റെ വാർത്താകാർഡ് രൂപത്തിലാണ് പ്രചരണം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മീഡിയവണ്‍ ഇത്തരമൊരു വാര്‍ത്താകാര്‍ഡ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡില്‍ പ്രധാന വാര്‍ത്താ വാക്യത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് ചില അക്ഷരങ്ങള്‍ കാണാം. ഉപയോഗിച്ച ഫോണ്ടിലുള്ള വ്യത്യാസമടക്കം ഘടകങ്ങള്‍ ഇത് എഡിറ്റ് ചെയ്ത് നിര്‍മിച്ചതാകാമെന്ന സൂചന നല്‍കി. തുടര്‍ന്ന് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന തിയതിയില്‍ മീഡിയവണ്‍ പങ്കുവെച്ച വാര്‍ത്താകാര്‍ഡുകള്‍ പരിശോധിച്ചു. ഇതോടെ യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്തി.
വിവാദ പരസ്യവുമായി ബന്ധപ്പെട്ടുതന്നെയാണ് വാര്‍ത്ത. സംഭവത്തില്‍ മന്ത്രി എംബി രാജേഷടക്കം സിപിഐഎം നേതാക്കള്‍ നിലപാട് മാറ്റിയതുമായി ബന്ധപ്പെട്ടാണ് മീഡിയവണ്‍ വാര്‍ത്താകാര്‍ഡ് പങ്കുവെച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച വിശദമായ വാര്‍ത്തയും ചാനലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി കാണാം.
പ്രചരിക്കുന്ന കാര്‍ഡ് ഈ വാര്‍ത്താ കാര്‍ഡില്‍ മാറ്റം വരുത്തി തയ്യാറാക്കിയതാണെന്ന് വ്യക്തമായി. മലക്കം മറിഞ്ഞ് സിപിഎം എന്ന പ്രധാന വാര്‍ത്താവാക്യം മായ്ച്ച് പകരം പ്രചരിക്കുന്ന ഉള്ളടക്കം എഴുതിച്ചേര്‍ക്കുകയായിരുന്നു. ബിഗ് ബ്രേക്കിങ് എന്ന തലക്കെട്ടും ഒഴിവാക്കിയതായി കാണാം.
അവസാനഘട്ട സ്ഥിരീകരണത്തിനായി മീഡിയവണ്‍ വെബ് ഡെസ്കില്‍ ബന്ധപ്പെട്ടു. കാര്‍ഡ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും സുപ്രഭാതത്തിനെതിരെ ഇത്തരമൊരു വാര്‍ത്ത മീഡിയവണ്‍ ഒരു പ്ലാറ്റ്ഫോമിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മീഡിയവണ്‍ ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും വ്യക്തമായി.