Fact Check: ഫലം പ്രഖ്യാപനത്തിനടിയിൽ രാഹുൽ ഗാന്ധി ബാങ്കോക്കിലേക്ക് പറക്കാനൊരുങ്ങിയോ ?
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ജൂൺ 4ന് നടക്കാനിരിക്കെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബാങ്കോക്കിലേക്ക് സഞ്ചരിക്കുന്നതായി കാണിക്കുന്ന വിമാന ടിക്കറ്റുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ പങ്കുവെച്ചു.
By Newsmeter Network Published on 3 Jun 2024 7:20 AM GMTClaim: 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിനോടാനുബന്ധിച്ച് രാഹുൽ ഗാന്ധി ബാങ്കോക്കിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തു.
Fact: തികച്ചും തെറ്റായ വാദമാണിത്. ബാങ്കോകിലേക്കള്ള രാഹുൽ ഗാന്ധിയുടെ ഫ്ലൈറ്റ് ടിക്കറ്റുകളെന്ന പേരിൽ വൈറലായ ചിത്രങ്ങൾ വ്യാജമാണ്
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ജൂൺ 4ന് നടക്കാനിരിക്കെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബാങ്കോക്കിലേക്ക് സഞ്ചരിക്കുന്നതായി കാണിക്കുന്ന വിമാന ടിക്കറ്റുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ പങ്കുവെക്കുകയാണ്. വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്നായി നിരവധി പേർ രാഹുൽ ഗാന്ധിയുടെ പേരുള്ള രണ്ടുതരം ടിക്കറ്റുകളുടെ ചിത്രങ്ങൾ -ഒന്ന് വിസ്താര മറ്റൊന്ന് തായ് എയർവേയ്സ് - വ്യാപകമായി പങ്കുവെച്ചതായി കാണാം.
ആദ്യ ടിക്കറ്റ് ഇന്ത്യയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള വിസ്താര വിമാനത്തിനുള്ള ബോർഡിംഗ് പാസിൻ്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് ആളുകൾ രാഹുൽ ഗാന്ധി യാത്ര ചെയ്തതായി ആരോപിക്കുന്നത്. ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നത് യാത്ര ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസമുള്ള ജൂൺ അഞ്ചിനാണ് പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബിസിനസ് ക്ലാസ് ടിക്കറ്റാണിത്. “രാഹുൽ ഗാന്ധി ജൂൺ 5 ന് ബാങ്കോക്കിലേക്ക് പോകുന്നു, എന്തിന്?, ടിക്കറ്റുകൾ നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്..എന്തിന്? "തുടങ്ങിയ ചോദ്യങ്ങളും ആശങ്കകളും ഉന്നയിച്ചുകൊണ്ട് നിരവധി പേരാണ് ടിക്കറ്റിന്റെ ചിത്രം പങ്കുവെച്ചിട്ടുള്ളത്.
രണ്ടാമത്തെ ടിക്കറ്റ് മെയ് 31-ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഡൽഹിയിൽ നിന്ന് പുറപ്പെടുന്നതും ബാങ്കോക്കിൽ എത്തിച്ചേരുന്നതുമായ തായ് എയർവേയ്സിന്റെ ടിക്കറ്റിൻ്റെ ചിത്രമാണ് രാഹുൽ ഗാന്ധിയുടെ പേരിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. എക്കണോമിക് ക്ലാസ് ടിക്കറ്റിന്റെ ചിത്രം "രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസിൻ്റെ എക്സ്ക്ലൂസീവ് ഫോട്ടോ... ബാങ്കോക്കിലേക്ക് (പട്ടായ)" എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ കാണാം. (Archive 1, Archive 2, Archive 3)
ഉടായിപ്പ് മുന്നണിയിലെ കൊങ്ങി മൂരികളോടാണ്.. നീയൊക്കെ exit പോളും നോക്കി ഇരുന്നോ, ഇവിടെ ഒരുത്തൻ പട്ടായ പോവാൻ ടിക്കറ്റും എടുത്തു കഴിഞ്ഞു.
ഇത്തരത്തിൽ ഒരേ അടിക്കുറുപ്പുമായി നിരവധി പേര് ഫേസ്ബുക്കിൽ വ്യാപകമായി ഇതേ ചിത്രം പങ്കു വച്ചതായി കാണാം. ( Archive 4, Archive 5, Archive 6)
Fact Check :
ടിക്കറ്റുകളുടെ ഫോട്ടോകൾ വ്യാജമായതിനാൽ ആരോപണം തെറ്റാണെന്ന് ന്യൂസ്മീറ്റർ കണ്ടെത്തി.
രണ്ട് വ്യത്യസ്ത ടിക്കറ്റുകളിൽ രാഹുൽ ഗാന്ധി വ്യത്യസ്ത തീയതികളിൽ പട്ടായയിലേക്ക് യാത്ര ചെയ്യുന്നതായി കാണിക്കുന്നത് തന്നെ വ്യക്തമായ സംശയം ഉയർത്തുന്ന കാര്യമാണ്. ആദ്യ ടിക്കറ്റിൻ്റെ നിജസ്ഥിതി രാഹുൽ ഗാന്ധിക്കുള്ള വിസ്താര ഫ്ലൈറ്റ് ബോർഡിംഗ് പാസിൻ്റെ ചിത്രം വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ, ഒരു ടിക്കറ്റ് രണ്ട് വ്യത്യസ്ത ഫ്ലൈറ്റ് നമ്പറുകൾ ഞങ്ങൾ കണ്ടെത്തി. ഒരിടത്ത് 'UK121' എന്നും മറ്റൊരിടത്ത് 'UK115' എന്നും ചിത്രത്തിൽ കാണാം. വ്യാജമായി നിർമ്മിച്ചതാണെന്ന് ഇതോടു കൂടി വ്യക്തം.
കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് വെച്ച് പരിശോധിച്ചപ്പോൾ 2019 ഓഗസ്റ്റ് 9-ലെ 'ലൈവ് ഫ്രം എ ലോഞ്ച്' ബ്ലോഗിലെ ഒരു ലേഖനം ന്യൂസ്മീറ്റർ കണ്ടെത്തി. യഥാർത്ഥ ബോർഡിംഗ് പാസ്, ബ്ലോഗിൻ്റെ സ്ഥാപകനും എഡിറ്ററുമായ അജയ് അവ്താനിക്ക് 2019 ഓഗസ്റ്റ് 6-ന് ഡെൽഹിയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള ഫ്ലൈറ്റിനായി നൽകിയതാണ് ഇതിൽ നിന്നും വ്യക്തം.
‘ഓൺബോർഡ് വിസ്താര ടു സിംഗപ്പൂർ: ദ ഫസ്റ്റ് വിസ്താര ഇൻ്റർനാഷണൽ ഫ്ലൈറ്റ് എവർ!’ എന്ന തലക്കെട്ടിലുള്ള ലേഖനം വ്യോമയാന വ്യവസായത്തിലെ സംഭവവികാസങ്ങൾ എടുത്തുകാട്ടുന്ന ഒരു യാത്രാ വിവരണമാണ്. വൈറൽ ചിത്രവും 2019 ലെ ലേഖനത്തിൽ അവതരിപ്പിച്ച യഥാർത്ഥ ഫോട്ടോയും തമ്മിലുള്ള സാമ്യതകൾ ഇവിടെ പങ്കു വെക്കുന്നു. കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ നിലവിലെ ബോർഡിംഗ് പാസിൻ്റ ഉടമയായ അജയ് അവ്താനിയെ ബന്ധപ്പെടാൻ ശ്രമിക്കുകയും അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയുമാണ്.
രണ്ടാമത്തെ ടിക്കറ്റിൻ്റെ നിജസ്ഥിതി
രാഹുൽ ഗാന്ധിയുടെതെന്ന് ആരോപിക്കുന്ന തായ് എയർവേയ്സ് ടിക്കറ്റും വ്യാജമാണെന്ന് ന്യൂസ് മീറ്ററിൻ്റെ വിശകലനത്തിൽ വ്യക്തമായി. ടിക്കറ്റിൽ രാഹുൽ ഗാന്ധിയുടെ പേര് രാഹുൽ എം ഗാന്ധി എന്നാണ് എഴുതിയിട്ടുള്ളത്. ടിക്കറ്റിലെ ഒരു ഭാഗത്തുള്ള സ്റ്റിക്കർ, ചിത്രം ഡിജിറ്റലായി എഡിറ്റ് ചെയ്തതാണെന്ന സൂചനകൾ നൽകുന്നു. ടിക്കറ്റ് ലക്ഷ്യസ്ഥാനത്തെ വിമാനത്താവളം പട്ടായ/ബിഎൻകെ എന്നാണ് കാണിക്കുന്നത്. പട്ടായയിൽ സ്വന്തമായി വിമാനത്താവളമില്ലെന്നിരിക്കെ, U-Tapao-Rayong-Pattaya ഇൻ്റർനാഷണൽ എയർപോർട്ട് (UTP), ബാങ്കോക്കിലെ സുവർണഭൂമി എയർപോർട്ട് (BKK) എന്നിവയാണ് പട്ടായയ്ക്കുള്ള യാത്രക്ക് സൗകര്യം. മാത്രമല്ല, ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ബാങ്ക്സ്റ്റൗൺ എയർപോർട്ടിന്റെ കോഡാണ് 'BNK'.
അതിനാൽ, 'പട്ടായ/ബിഎൻകെ' എന്ന ഫോർമാറ്റ് തികച്ചും കെട്ടിച്ചമച്ചതാണ്. തുടർന്ന്, ചിത്രത്തിൻ്റെ റിവേഴ്സ് ഇമേജ് സെർച് ഞങ്ങളെ നയിച്ചത് 2020 ജനുവരി 28 ന് ഫ്ലൈറ്റ്-റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച 'തായ് എയർവേയ്സ് ഫ്ലൈറ്റ് ബാങ്കോക്കിൻ്റെ അവലോകനം → കൊൽക്കത്ത ഇൻ എക്കണോമി' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലേക്കാണ്. ജിഷ് ബി എഴുതിയ ലേഖനത്തിൽ എയർലൈനിൻ്റെ അവലോകനവും റാങ്കിംഗും വ്യക്തിഗത ബ്ലോഗ് ശൈലിയിലുള്ള വിവരണവുമാണ് അടങ്ങിയിരിക്കുന്നത്. ഈ ലേഖനത്തിൽ നിന്നുള്ള യഥാർത്ഥ ബോർഡിംഗ് പാസ് ഓഗസ്റ്റ് 10-ന് ബാങ്കോക്കിൽ നിന്ന് (ബികെകെ) കൊൽക്കത്തയിലേക്കുള്ള (സിസിയു) ഫ്ലൈറ്റിന് നൽകിയതാണ്. ഫ്ലൈറ്റ് വിശദാംശങ്ങൾ മറയ്ക്കാൻ മെമ്മെ തവളയുടെ ചിത്രം ഒറിജിനലിലേക്ക് ഡിജിറ്റലായി ചേർത്തു വെക്കുകയാണ് ഉണ്ടായത്.
Conclusion :
ലോകസഭ തിരഞ്ഞെടുപ്പ് ഫലത്തിനോടടിപ്പിച്ച് രാഹുൽ ഗാന്ധി ബാങ്കോക്കിലേക്ക് യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റുകളെന്ന വ്യാജേന പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ ഡിജിറ്റലായി കെട്ടിച്ചമച്ചതാണെന്ന് ന്യൂസ്മീറ്റർ കണ്ടെത്തി.