Fact Check : രാഹുൽ ഗാന്ധി ആർഎസ്എസിനും ബിജെപിക്കും വേണ്ടി വോട്ടഭ്യർത്ഥന നടത്തുന്ന വീഡിയോയുടെ വാസ്തവമെന്ത്?

രാഹുൽ ഗാന്ധി ബിജെപിയെ പിന്തുണയ്ക്കാൻ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരണം

By Sibahathulla Sakib  Published on  23 May 2024 1:03 PM GMT
Fact Check : രാഹുൽ ഗാന്ധി ആർഎസ്എസിനും ബിജെപിക്കും വേണ്ടി വോട്ടഭ്യർത്ഥന നടത്തുന്ന വീഡിയോയുടെ വാസ്തവമെന്ത്?
Claim: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസിനും ബിജെപിക്കും വേണ്ടി രാഹുൽ ഗാന്ധി വോട്ടഭ്യർത്ഥിക്കുന്ന വീഡിയോ
Fact: ഈ വീഡിയോ എഡിറ്റ് ചെയ്തതാണ്. യഥാർത്ഥ വിഡിയോയിൽ കോൺഗ്രസിനും ഇന്ത്യാ സഖ്യത്തിനും വേണ്ടിയാണ് രാഹുൽ ഗാന്ധി വോട്ടഭ്യർത്ഥന നടത്തുന്നത്.

രാഹുൽ ഗാന്ധി ബിജെപിയെ പിന്തുണയ്ക്കാൻ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരണം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കണമെന്നും അതിനായി ബിജെപിയെ പിന്തുണയ്ക്കണമെന്നും പറഞ്ഞു കൊണ്ട് രാഹുൽ ഗാന്ധി വോട്ടർമാരോട് അഭ്യർത്ഥിക്കുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നത്. (Archive 1)

ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാൻ ഈ തിരഞ്ഞെടുപ്പ് നിർണായകമാണെന്നും, ഒരു വശത്ത്, കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും ഇവ രണ്ടിനെയും തകർക്കുകന്നുവെന്നും, മറുവശത്ത്, ആർഎസ്എസും ബി ജെ പിയും ഭരണഘടനയെയും പൊതു സംവിധാനത്തെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും വീഡിയോയിൽ ഗാന്ധി പറയുന്നതായി കാണാം. “കോൺഗ്രസ് 20-25 പേരെ കോടീശ്വരന്മാരാക്കിയപ്പോൾ, ദശലക്ഷക്കണക്കിന് സ്ത്രീകളെയും യുവാക്കളെയും ലക്ഷപ്രഭുക്കളാക്കുകയാണ് മോദി ജി ലക്ഷ്യമിടുന്നത്. ഭരണഘടനയെ രക്ഷിക്കാൻ ബിജെപിയെയും ആർഎസ്എസിനെയും പിന്തുണയ്ക്കുക. നരേന്ദ്ര മോദി ജിക്കായി ബട്ടൺ അമർത്തുക” എന്നും രാഹുൽ ഗാന്ധി വീഡിയോയിൽ പറയുന്നു. (Archive 2, Archive 3)

Fact-Check:

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും ന്യൂസ്മീറ്റർ അന്വേഷണത്തിൽ വ്യക്തമായി.

വീഡിയോയിലെ ചില കീഫ്രെയിമുകൾ ഉപയോഗിച്ച് ഒരു റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, യഥാർത്ഥ വീഡിയോ ഏപ്രിൽ 25 ആം തിയ്യതി രാഹുൽ ഗാന്ധി തന്റെ "എക്സ് പേജിൽ പങ്കുവച്ചതായി ഞങ്ങൾ കണ്ടെത്തി. തന്റെ യൂട്യൂബ് ചാനലിലും ഇതേ വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു.

മുഴുവൻ വീഡിയോയും പരിശോധിച്ചപ്പോൾ, 'കോൺഗ്രസ് ആൻഡ് ഇന്ത്യ അലയൻസ്' എന്ന വാക്കുകളുടെ സ്ഥാനത്ത് 'ആർഎസ്എസ് ബിജെപി’ എന്നീ വാക്കുകൾ മാറ്റുകയും അടുത്ത വരിയിൽ അത് തിരിച്ചിടുകയും ചെയ്ത് രാഹുൽ ഗാന്ധി ബിജെപിക്ക് വോട്ട് ചോദിക്കുന്നതായി തോന്നിപ്പിക്കുന്ന തരത്തിൽ എഡിറ്റ് ചെയ്തതാണെന്ന് ഞങ്ങൾ കണ്ടെത്തി. ‘കൈ ചിഹ്നത്തിനെ പിന്തുണക്കാൻ ആവശ്യപ്പെട്ടിടത്ത് മോദി ജിക്കായി ബട്ടൺ അമർത്തുക’ എന്ന പ്രയോഗം കൃത്രിമമായി എഡിറ്റ് ചെയ്ത് വീഡിയോയിൽ മാറ്റം വരുത്തിയതായും കാണാം.

ഒരു മിനിറ്റും ഏഴ് സെകന്റും ദൈർഘ്യമുള്ള യഥാർത്ഥ വീഡിയോയിൽ രാഹുൽ ഗാന്ധി പറയുന്നതിങ്ങനെയാണ്: “ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്. ഒരു വശത്ത്, ആർഎസ്എസും ബി ജെ പിയും ഭരണഘടനയെയും നമ്മുടെ പൊതു സംവിധാനങ്ങളെയും തകർക്കാൻ ശ്രമിക്കുമ്പോൾ, മറുവശത്ത് കോൺഗ്രസും ഇന്ത്യാ സഖ്യവും ഈ മൂല്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. കന്യാകുമാരി മുതൽ കാശ്മീർ വരെ ഞങ്ങൾ നാലായിരം കിലോമീറ്റർ നടന്നു. മണിപ്പൂരിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് വരെ. നിങ്ങളോട് സംസാരിച്ചുകൊണ്ട്, നിങ്ങളുടെ ഉള്ളറിഞ്ഞ് കൊണ്ട് ഞങ്ങൾ ഒരു വിപ്ലവതാമകമായ മാനിഫെസ്റ്റോ സൃഷ്ടിച്ചു. കോൺഗ്രസ് പാർട്ടി നിർമ്മിച്ചതാണെങ്കിലും, നിങ്ങളുടെ ശബ്ദമാണത്. നരേന്ദ്ര മോദി ജി 20-25 പേരെ കോടീശ്വരന്മാരാക്കിയപ്പോൾ, ദശലക്ഷക്കണക്കിന് സ്ത്രീകളെയും യുവാക്കളെയും ലക്ഷപ്രഭുക്കളാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. കർഷകർക്ക് നിയമാനുസൃത M.S.P നൽകു, അവരുടെ വായ്പകൾ എഴുതിത്തള്ളുക, തൊഴിലാളികൾക്ക് 400 രൂപ മിനിമം കൂലി നൽകുക, അങ്ങനെ രാജ്യത്തെ തന്നെ മാറ്റാനുള്ള വിപ്ലവകരമായ പ്രകടനപത്രികയാണിത്. കോൺഗ്രസ്സ് പാർട്ടിയെ പിന്തുണയ്ക്കുക. ഭരണഘടനയെ സംരക്ഷിക്കുക. കൈ ചിഹ്നത്തിന് അമർത്തുക.”

വാസ്ഥവത്തിൽ, രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സ് പാർട്ടിയെ പിന്താങ്ങാൻ പറയുന്ന വീഡിയോ എഡിറ്റ് ചെയ്ത് അദ്ദേഹം ബിജെപിക്ക് വോട്ട് അഭ്യർത്ഥിക്കുകയാണെന്ന പേരിൽ പ്രചരിപ്പിക്കുകയാണ്.

Claim Review:2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസിനും ബിജെപിക്കും വേണ്ടി രാഹുൽ ഗാന്ധി വോട്ടഭ്യർത്ഥിക്കുന്ന വീഡിയോ
Claimed By:X User
Claim Reviewed By:NewsMeter
Claim Source:X
Claim Fact Check:False
Fact:ഈ വീഡിയോ എഡിറ്റ് ചെയ്തതാണ്. യഥാർത്ഥ വിഡിയോയിൽ കോൺഗ്രസിനും ഇന്ത്യാ സഖ്യത്തിനും വേണ്ടിയാണ് രാഹുൽ ഗാന്ധി വോട്ടഭ്യർത്ഥന നടത്തുന്നത്.
Next Story