Fact Check: കോൺഗ്രസ് ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞോ? വാര്‍ത്തയുടെ വാസ്തവമറിയാം
ആറുവര്‍ഷം പഴക്കമുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അടര്‍ത്തിമാറ്റി വ്യാപകമായി പ്രചരിക്കുന്നത്.
By Newsmeter Network Published on 22 Jan 2025 7:05 PM ISTClaim: കോൺഗ്രസ് ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുമെന്ന് രാഹുല്‍ ഗാന്ധി.
Fact: പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. ആറുവര്‍ഷം പഴക്കമുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിക്കുന്നത്.
കോണ്‍ഗ്രസ് ഒരു മുസ്ലിം പാര്‍ട്ടിയാണെന്നും ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞെതായി സമൂഹമാധ്യമങ്ങൾ പ്രചാരണം.
സീ ഹിന്ദുസ്ഥാന്‍ ചാനലിന്റെ ചർച്ചയുടെ വിഡിയോയോടൊപ്പമാണ് പ്രചാരണം. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ടിവി റിപ്പോര്‍ട്ടിൽ ഇതുമായി ബന്ധപ്പെട്ട് ഇന്‍ക്വിലാബ് എന്ന ഉറുദു ദിനപത്രത്തിൽ വന്ന വാർത്തയും കാണാം
Fact Check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആറു വര്‍ഷത്തിലധികം പഴക്കമുള്ളതാണെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന വാര്‍ത്താ റിപ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ വീഡിയോ കണ്ടെത്തി. സീ ഹിന്ദുസ്ഥാന്റെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത് 2018 ജൂലൈ 12 നാണ്.
ഇതോടെ ഈ വാര്‍ത്തയ്ക്ക് ആറുവര്‍ഷത്തിലധികം പഴക്കമുണ്ടെന്നും രാഹുല്‍ഗാന്ധി നിവലിലെ സാഹചര്യത്തിലോ പദവിയിലോ പറഞ്ഞ കാര്യമല്ലെന്നും വ്യക്തമായി.
തുടര്‍ന്ന് പ്രസ്തുത ടെലിവിഷന്‍ റിപ്പോര്‍ട്ടിനാധാരമായ പത്രവാര്‍ത്ത ശേഖരിച്ചു. ഇന്‍ക്വിലാബ് എന്ന ഉറുദു ദിനപത്രത്തിലാണ് 2018 ജൂലൈ 12ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
റിപ്പോര്‍ട്ടിലെ പ്രസക്തഭാഗം രാഹുല്‍ഗാന്ധി പറഞ്ഞതായാണ് അവകാശപ്പെടുന്നത്. ഇതിന്റെ തര്‍ജമ ഇപ്രകാരമാണ്:
“കോണ്‍ഗ്രസ് മുസ്ലിംകളുടെ പാര്‍ട്ടിയാണെന്ന് ബിജെപി പറയുന്നുണ്ടെങ്കില്‍ അങ്ങനെയാവട്ട, കോണ്‍ഗ്രസ് മുസ്ലിംകളുടെ പാര്‍ട്ടിയാണ്. കാരണം, മുസ്ലിംകള്‍ ദുര്‍ബലരാണ്. കോണ്‍ഗ്രസ് എപ്പോഴും ദുര്‍ബലര്‍ക്കൊപ്പം നിലകൊള്ളുന്നു.”
ഇതോടെ പ്രചരിക്കുന്ന വാര്‍ത്തയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം അപൂര്‍ണവും സാഹചര്യത്തില്‍നിന്ന് അടര്‍ത്തിമാറ്റിയതുമാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാഹുല്‍ഗാന്ധി ഇക്കാര്യം പറഞ്ഞത് മുസ്ലിം നേതാക്കളുമായി സാമുദായിക പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത ഒരു യോഗത്തിലാണെന്ന് വ്യക്തമായി. പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത ചിലരും ഇന്‍ക്വിലാബ് ദിനപത്രത്തിന്റെ ഈ വാര്‍ത്തയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ചര്‍ച്ചകളൊന്നും പ്രസ്തുത യോഗത്തില്‍ ഉണ്ടായിട്ടില്ലെന്നും വ്യാജപ്രചാരണത്തിന് പിന്നില്‍ ദുഷ്ടലാക്കാണെന്നുമാണ് യോഗത്തില്‍ പങ്കെടുത്ത ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് എക്സില്‍ 2018 ജൂലൈ 13 ന് പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.
Taken a back to hear that Rahul Gandhi is being accused of calling the Congress a Muslim party in a meeting where I was present. It seems to have malicious intent, no such issue came up at all.
— S lrfan Habib एस इरफान हबीब عرفان حبئب (@irfhabib) July 13, 2018
NDTV 2018 ജൂലൈ 18 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്‍ക്വിലാബ് ദിനപത്രം അവരുടെ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായി പറയുന്നു. എന്നാല്‍ ദിഗ് വിജയ്സിങ് ഉള്‍പ്പെടെ നേതാക്കള്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് രംഗത്തെത്തുകയും ചെയ്തതായി NDTV റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട് എബിപി ന്യൂസ് പങ്കുവെച്ച ഒരു വീഡിയോ റിപ്പോര്‍ട്ട് ലഭിച്ചു. ഇതില്‍ ഇന്‍ക്വിലാബ് ദിനപത്രത്തിലെ റിപ്പോര്‍ട്ടറുടെ പ്രതികരണമുണ്ട്. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ടടക്കം പല വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായിരുന്നുവെന്നും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങള്‍ ഉറപ്പാക്കുകയെന്നത് ബാധ്യതയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞതായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ഇതോടെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം തീര്‍ത്തും വ്യത്യസ്തമായ സാഹചര്യത്തിലായിരുന്നുവെന്ന് വ്യക്തമായി. പ്രചാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രസ്തുത അവകാശവാദം നിഷേധിച്ചും ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
ഇതോടെ നിലവില്‍ നടക്കുന്ന പ്രചാരണം അപ്രസക്തമാണെന്ന് വ്യക്തമായി. രാഹുല്‍ ഗാന്ധി ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018 ജൂലൈയില്‍ ഡല്‍ഹിയില്‍ നടന്ന മുസ്ലിം സാമുദായിക നേതാക്കളുടെ ഒരു യോഗത്തില്‍ പങ്കുവെച്ച കാര്യങ്ങളാണ് വാര്‍ത്തയായി പുറത്തുവന്നതെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ആദ്യഘട്ടത്തില്‍ പ്രചരിപ്പിക്കപ്പെട്ടതാണെന്നും വ്യക്തമായി. ആറുവര്‍ഷം മുന്‍പത്തെ ഈ പ്രസ്താവന അപൂര്‍ണമായ തരത്തില്‍ സാഹചര്യത്തില്‍നിന്ന് അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണ പരത്തുമെന്ന് അനുമാനിക്കാം.