Fact Check: ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു എന്ന് സന്ദീപ് വാര്യർ പറഞ്ഞോ ? വാസ്തവമറിയാം

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായത്.

By Sibahathulla Sakib  Published on  18 Nov 2024 10:58 AM GMT
Fact Check: ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു എന്ന് സന്ദീപ് വാര്യർ പറഞ്ഞോ ? വാസ്തവമറിയാം
Claim: ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു എന്ന് സന്ദീപ് വാര്യർ
Fact: പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സന്ദീപ് വാര്യർ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. മറിച്ച് എം സ്വരാജിനെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞ മറുപടിയാണിത്.

നേതൃത്വവുമായി പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് സന്ദീപ് വാര്യർ ബി.ജെ.പി യിൽ നിന്ന് വിട്ട് കോൺഗ്രസിൽ ചേർന്നതിന് തൊട്ടുപിന്നാലെ 'ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു' എന്ന് അദ്ദേഹം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബിജെപി വിടാനുള്ള സന്ദീപ് വാര്യരുടെ തീരുമാനം നിരവധി വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഇതിനിടയിലാണ് ഗാന്ധിവധത്തെ ചെറുതാക്കിക്കൊണ്ട് സംസാരിക്കുന്ന സന്ദീപിന്റെ വീഡിയോ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സന്ദീപ് വാര്യർ പറഞ്ഞ ഈ പ്രസ്താവന കോൺഗ്രസ് പ്രവേശനത്തെ വിമർശിച്ചു കൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്നത്.
Fact Check
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സി പി ഐ എം നേതാവ് എം സ്വരാജിനെ ഉദ്ധരിച്ചു കൊണ്ട് സന്ദീപ് വാര്യർ പറഞ്ഞ മറുപടിയാണിതെന്നും ന്യൂസ്മീറ്റർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ചിലൂടെ മനോരമ ന്യൂസിലെ അയ്യപ്പദാസ് അവതാരകനായിട്ടുള്ള '
കൗണ്ടർ പോയിന്റ്
' ചർച്ചയുടെ ഒരു ഭാഗം കണ്ടെത്താൻ സാധിച്ചു. 'ആർഎസ്എസ് ബന്ധമുണ്ടെങ്കിൽ അഭിമാനിക്കണമെന്ന് സന്ദീപ് വാര്യർ, അത് അപമാനകരം എന്ന് എം സ്വരാജ്' എന്ന തലക്കെട്ടിൽ 2020 ഓഗസ്റ്റ് ഒന്നാം തീയതി ചാനലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത 3:23 മിനുറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് കണ്ടെത്തിയത്.
ബിജെപി പ്രതിനിധിയായി സന്ദീപ് വാര്യരും, സിപിഎമ്മിനെ പ്രതിനിധീകരിച്ച് എം സ്വരാജും കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കലും പങ്കെടുത്തിരുന്ന ചർച്ചയുടെ ഈ ഭാഗത്തിൽ ആർഎസ്എസിനെ വിമർശിക്കുന്നതിന്റെ ഭാഗമായി 2:15 മിനുറ്റിൽ 'ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു' എന്ന് എം സ്വരാജ് പറയുന്നതായി കാണാം.
തുടർന്ന് കീവേഡ് സർച്ചിലൂടെ ആ ചർച്ചയുടെ പൂർണ്ണരൂപം കണ്ടെത്താൻ സാധിച്ചു. "പ്രതിപക്ഷ നേതാവിനെ സർ സംഘ് ചാലക് ആക്കുന്നതിന്റെ ഉദ്ദേശമെന്ത്?" എന്ന തലക്കെട്ടിൽ നാലുവർഷം മുൻപേ നടന്ന ചർച്ചയിലാണ് വൈറലായ ദൃശ്യങ്ങൾ കണ്ടെത്താൻ സാധിച്ചത്. വിഡിയോയുടെ പൂർണ്ണരൂപത്തിൽ 7:52 മിനുറ്റിൽ എം സ്വരാജ് ഗാന്ധിവധത്തെ കുറിച്ച് പരാമർശിക്കുന്നതും 34:08 മിനുറ്റിൽ സന്ദീപ് വാര്യർ അതിന് മറുപടി പറയുന്നതിന്റെ ഭാഗമായി സ്വരാജിന്റെ വാക്കുകൾ ഉദ്ധരിക്കുന്നതും കാണാം.
"ഇനിയങ്ങനെ (മഹാത്മാഗാന്ധി) ധ്വജമുയർത്തിയതിന്റെ നന്ദി സൂചകമായിട്ടാണോ എന്നറിയില്ല ഏതായാലും ഗാന്ധിജിയെ ചെറുതായിട്ടൊന്നു വെടിവെച്ചു കൊല്ലുകയാണ് ചെയ്തതെന്നാണ് ചരിത്രം നമ്മളോട് പറഞ്ഞു തരുന്നത്" എന്ന് സ്വരാജ് പറയുന്നതായി ദൃശ്യങ്ങളിൽ കാണാം. ആർ എസ് എസ് നെ സാധൂകരിക്കാനായി സന്ദീപ് വാര്യർ, മഹാത്മാഗാന്ധി ധ്വജമുയർത്തി എന്ന് പറഞ്ഞതിനെ പരിഹസിച്ചു കൊണ്ടാണ് സ്വരാജ് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.
ഇതിനു മറുപടിയായിട്ട് "എന്താ അദ്ദേഹത്തിന്റെ കാലത്ത് (നിർമ്മൽ ചന്ദ്ര ചാറ്റർജി), ഹിന്ദു മഹാ സഭ ചെയ്ത കുറ്റം, ഗാന്ധിയെ ചെറുതായിട്ടൊന്ന് വെടി വെച്ച് കൊന്നു" എന്ന് സന്ദീപ് വാര്യർ പരിഹാസപൂർവ്വം പറയുന്നത് ദൃശ്യങ്ങളിൽ കാണാം. ഗാന്ധിവധത്തിന്റെ സമയത്തുള്ള ഹിന്ദു മഹാ സഭയുടെ അധ്യക്ഷനായിരുന്ന നിർമ്മൽ ചന്ദ്ര ചാറ്റർജി സിപിഎമ്മിന്റെ ചിലവിൽ എം പി ആയതിനാൽ ഗാന്ധിവധത്തിന്റെ പാപം ആർ എസ്സ് എസ്സിന് മേൽ വീണ്ടും ചുമത്താൻ കഴിയുമോ എന്ന് വെല്ലുവിളിച്ചുകൊണ്ടാണ് സന്ദീപ് വാര്യരുടെ മറുപടി.
മാത്രമല്ല, 'ഗാന്ധിജിയെ ചെറുതായൊന്ന് വെടിവെച്ചു കൊന്നുവെന്ന് സന്ദീപ് വാരിയര്‍ പറഞ്ഞിട്ടില്ല'; സത്യമിതാണ്' എന്ന പേരിൽ മനോരമ തന്നെ നവംബർ 16 ന് പ്രസിദ്ധീകരിച്ച
റിപ്പോർട്ടിൽ
സന്ദീപ് കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.


കോൺഗ്രെസ്സ് പ്രവേശനത്തിന് ശേഷം ന്യൂസ് ബൈറ്റ് എടുക്കാൻ ചെന്ന അയ്യപ്പദാസും ഈ വിവാദ പ്രസ്താവനയുടെ നിജസ്ഥിതി വ്യക്തമാക്കുന്നതും റിപ്പോർട്ടിന്റെ ഭാഗമായുള്ള വീഡിയോയിൽ കാണാം.

Conclusion:
'ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു' എന്ന പ്രസ്താവന സന്ദീപ് വാര്യർ നടത്തിയിട്ടില്ലെന്ന് ഇതിനാൽ വ്യക്തമാണ്. വാർത്താ ചർച്ചക്കിടയിൽ എം സ്വരാജിനെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞ മറുപടിയാണ് സന്ദീപ് വാര്യരുടെ പേരിൽ പ്രചരിക്കുന്നത്.
Claim Review:ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു എന്ന് സന്ദീപ് വാര്യർ
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook and Instagram
Claim Fact Check:False
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സന്ദീപ് വാര്യർ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. മറിച്ച് എം സ്വരാജിനെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞ മറുപടിയാണിത്.
Next Story