ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ എട്ടു റൺസിന് ഇംഗ്ലണ്ടിനെ തകർത്ത് അഫ്ഗാനിസ്ഥാൻ സെമി പ്രതീക്ഷ നിലനിർത്തിയപ്പോൾ, തുടർച്ചയായ രണ്ടാം തോൽവിയോടെ ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായി. ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ ടീം വിജയിച്ചതിന് ശേഷം ഒരു അഫ്ഗാൻ താരം ഇന്ത്യൻ ദേശീയ പതാക വീശി ആഘോഷിച്ചതായി അവകാശപ്പെട്ട് ഒരു ചിത്രം വൈറലാണ്.
“ഇംഗ്ലണ്ടിനെതിരായ വിജയത്തിനുശേഷം, അഫ്ഗാനിസ്ഥാൻ ടീം പാകിസ്ഥാൻ ഗ്രൗണ്ടിൽ ഇന്ത്യൻ പതാക ഉയർത്തി. ഇത് കണ്ട് മുഴുവൻ പാകിസ്ഥാൻ ജനത രോഷാകുലരാണ്,” (ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയത്) എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.
Fact Check
ന്യൂസ്മീറ്റർ നടത്തിയ അന്വേഷണത്തിൽ പ്രചാരത്തിലുള്ള ചിത്രം എഡിറ്റ് ചെയ്തതാണെന്നു വ്യക്തമായി.
വൈറൽ ചിത്രം സൂക്ഷിച്ചു പരിശോധിച്ചാൽ അതിൽ കാണുന്ന വ്യക്തി ഇന്ത്യൻ പതാക കൈകൾ കൊണ്ട് പിടിച്ചിട്ടില്ല എന്ന് കാണാം. ചിത്രം എഡിറ്റ് ചെയ്തതാകാം എന്ന സൂചന ഇതിൽനിന്നും ലഭിച്ചു.
തുടർന്നു ഞങ്ങൾ 2025 ഫെബ്രുവരി 26-ന് നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിന്റെ പൂർണ്ണ റീപ്ലേ JioHostar-ൽ അവലോകനം ചെയ്തു .
റീപ്ലേയിൽ ഇപ്പോൾ വൈറലായ ദൃശ്യങ്ങൾ 9:09:21 ഭാഗത്തായി കാണാം. ഇതിൽ നിന്നും വൈറൽ ചിത്രം അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഒരു സപ്പോർട്ട് സ്റ്റാഫ് ടീം അംഗം റാഷിദ് ഖാനെ അഭിനന്ദിക്കാൻ എത്തുന്ന ദൃശ്യം എഡിറ്റ് ചെയ്ത് ഇന്ത്യൻ പതാക ചേർത്തതാണ് എന്ന് വ്യക്തമായി. യഥാർത്ഥ ദൃശ്യങ്ങളിൽ അദ്ദേഹം കയ്യിൽ ഒന്നും പിടിച്ചിരുന്നില്ല.
മത്സരത്തിന്റെ റീപ്ലേയിൽ കാണുന്ന യഥാർത്ഥ രംഗം താഴെ കാണാം:
മാത്രമല്ല, ഒരു അഫ്ഘാനിസ്ഥാൻ താരം ഇന്ത്യൻ പതാക പാകിസ്ഥാൻ ഗ്രൌണ്ടിൽ വീശിയാൽ അത് തീർച്ചയായും വാർത്തയാകും. എന്നാൽ അറിയപ്പെടുന്ന ഒരു മാധ്യമവും ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രചാരത്തിലുള്ള ചിത്രം എഡിറ്റ് ചെയ്തതാണെന്ന് ഇതിനാൽ വയക്തമാണ്.