Fact Check: സിറിയയിലെ പുതിയ സർക്കാറിന്റെ ആദ്യ യോഗത്തിൽ സംഘര്‍ഷം? വീഡിയോയുടെ വാസ്തവമറിയാം

അഭിഭാഷക യോഗത്തിൽ നടന്ന കലഹത്തിന്റെ ദൃശ്യങ്ങളാണ് ഇടക്കാല സർക്കാറിന്റെ ആദ്യ യോഗത്തിലെ സംഘര്‍ഷം എന്ന പേരിൽ പ്രചരിക്കുന്നത്.

By Sibahathulla Sakib  Published on  13 Dec 2024 6:55 PM GMT
Fact Check: സിറിയയിലെ പുതിയ സർക്കാറിന്റെ ആദ്യ യോഗത്തിൽ സംഘര്‍ഷം? വീഡിയോയുടെ വാസ്തവമറിയാം
Claim: സിറിയയിലെ പുതിയ സർക്കാറിന്റെ ആദ്യ യോഗത്തിൽ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങൾ
Fact: പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. അലപ്പോയിൽ അഭിഭാഷകരുടെ യോഗത്തിൽ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.

വിമതനീക്കത്തെ തുടർന്ന് പ്രസിഡന്റ് ബശ്ശാറുൽ അസദിൽ നിന്ന് സിറിയ പിടിച്ചെടുത്തെന്ന് ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്.ടി.എസ്.) വിമതർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2025 മാർച്ച് ഒന്ന് വരെ നീണ്ടുനിൽക്കുന്ന ഇടക്കാല സർക്കാരിനെ നയിക്കാൻ മുഹമ്മദ് അൽ ബഷീറിനെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു.

ഇതിനിടയിൽ ഇടക്കാല സർക്കാറിന്റെ ആദ്യ യോഗത്തിൽ സംഘർഷമെന്ന പേരിൽ പ്രചരണം. ഒരുഭാഗത്ത് ഇസ്രായേൽ സിറിയ കയ്യേറുമ്പോൾ മറുഭാഗത്ത് 'മിതവാദി ഗവൺമെന്റിന്റെ' യോഗം എന്ന അടിക്കുറിപ്പോടെയാണ് ഒരു സംഘര്‍ഷത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.



Fact-check

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈറൽ ദൃശ്യങ്ങൾ അലപ്പോയിൽ അഭിഭാഷകരുടെ യോഗത്തിൽ നടന്ന സംഘര്‍ഷത്തിന്റെതാണെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.

പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിലൂടെ ആഗസ്റ്റ് 11, 2024 ന് ‘സിറിയ ടിവി’ എന്ന യൂട്യൂബ് ചാനലിൽ വന്ന ഒരു വീഡിയോ കണ്ടെത്തി. "ഫ്രീ ലോയേഴ്സ് സിൻഡിക്കേറ്റിലെ അധിക്ഷേപങ്ങളും സംഘർഷങ്ങളും" എന്ന തലക്കെട്ടോടുകൂടിയുള്ള യൂട്യൂബ് വിഡിയോയിൽ 17:30 മിനുറ്റിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ കാണാം.

ഇതോടെ കുറച്ചു മാസങ്ങൾക്കു മുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് സൂചന ലഭിച്ചു.

തുടർന്ന് കീവേഡ് സെർച്ചിലൂടെ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൺ റൈറ്റ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ടും കണ്ടെത്തി.



റിപ്പോർട്ടിൽ വൈറൽ ദൃശ്യത്തിന്റെ സ്ക്രീൻഷോട്ട് കാണാം.


2024 ഓഗസ്റ്റ് 10ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അലപ്പോ ഗവർണറേറ്റിലെ ഗാസിയാൻടെപ്പിൽ നീതിന്യായ വകുപ്പിന്റെ മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും ' ഫ്രീ ലോയർസ് കൗൺസിലിന്റെ' അഭിഭാഷകരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നതായി പറയുന്നു. മന്ത്രി ബാർ അസോസിയേഷനിൽ ഭിന്നത ഉണ്ടാക്കുന്നു എന്ന 'ഫ്രീ ലോയർസിലെ' അഭിഭാഷകരുടെ ആരോപണം വിഷയം വഷളാക്കിയതായും റിപ്പോർട്ട് പറയുന്നു.

മാത്രമല്ല ചുമതല ഏറ്റെടുത്ത ശേഷം ഡിസംബർ 11-ന് അൽ ബഷീർ പത്രമാധ്യമങ്ങളെ കണ്ടപ്പോൾ അന്നേദിവസം, ഇദ്ലിബിലും അതിന്റെ പരിസരത്തും പ്രവർത്തിക്കുന്ന സാൽവേഷൻ ഗവൺമെന്റിന്റെ ഒരു ടീമും നീക്കം ചെയ്യപ്പെട്ട ഭരണകൂടത്തിലെ അംഗങ്ങളും ഉൾപ്പെടുന്ന, ഒരു ക്യാബിനറ്റ് യോഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ആ യോഗം പ്രശ്നകലുഷിതമായതിന്റെ റിപ്പോർട്ടുകൾ ഒന്നും തന്നെ ലഭ്യമല്ല.

ഇതോടെ സിറിയയിലെ പുതിയ സർക്കാറിന്റെ ആദ്യ യോഗത്തിലെ സംഘര്‍ഷം എന്ന പേരിലുള്ള പ്രചരണം വ്യാജമാണെന്ന് വ്യക്തമായി.

Conclusion

സിറിയയിലെ പുതിയ സർക്കാറിന്റെ ആദ്യ യോഗത്തിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അഭിഭാഷക യോഗത്തിൽ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.


Claim Review:സിറിയയിലെ പുതിയ സർക്കാറിന്റെ ആദ്യ യോഗത്തിൽ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങൾ
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:Misleading
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. അലപ്പോയിൽ അഭിഭാഷകരുടെ യോഗത്തിൽ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത്.
Next Story