കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുഖംമൂടി ധരിച്ച് ആശുപത്രി പോലുള്ള ഒരു സ്ഥലം സന്ദർശിക്കുന്ന വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. പ്രിയങ്ക ഗാന്ധി മുറിയിലുള്ള ആളുകളെ കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗാന്ധി സഹോദരന്മാർ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നടന്ന ദുരന്തത്തിൽ മരിച്ചവരെ കാണാൻ എത്തിയ ദൃശ്യം എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.
ഫെബ്രുവരി 15-ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ വൻ തിക്കിലും തിരക്കിലും 18 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രയാഗ്‌രാജിലെ മഹാ കുംഭമേളക്ക് പോകുന്ന ട്രെയിനുകളിൽ കയറാൻ ആയിരക്കണക്കിന് യാത്രക്കാർ ഒത്തുകൂടിയ സമയത്തായിരുന്നു സംഭവം.
ഒരു എക്സ് ഉപയോക്താവ് വീഡിയോ പങ്കിട്ട് എഴുതിയത് ഇങ്ങനെ, "ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും മരിച്ചവർക്ക് ആരാണ് ഉത്തരവാദികൾ - പ്രതിപക്ഷം? പ്രധാനമന്ത്രിയും റെയിൽവേ മന്ത്രിയും എത്രയും വേഗം രാജിവയ്ക്കണം. ബഹുമാനപ്പെട്ട രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളോടും ഡൽഹി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും ഒപ്പം നിൽക്കുന്നു."
Fact Check
ഈ അവകാശവാദം തെറ്റാണെന്ന് ന്യൂസ്മീറ്റർ അന്വേഷണത്തിൽ കണ്ടെത്തി. 2024-ൽ വയനാട്ടിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കാണാൻ എത്തിയ ഗാന്ധി സഹോദരങ്ങളുടെ വീഡിയോ ആണ് പ്രചാരത്തിലുള്ളത്.
വീഡിയോയുടെ കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് തിരച്ചിൽ നടത്തിയപ്പോൾ 2024 ഓഗസ്റ്റ് 2-ന് പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാൻ ടൈംസ് വീഡിയോ റിപ്പോർട്ടിൽ സമാനമായ ദൃശ്യങ്ങൾ ഞങ്ങൾ കണ്ടെത്തി. ‘വയനാട് മണ്ണിടിച്ചിൽ: ഇരകളെ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി വികാരഭരിതനായി, 100+ വീടുകൾ നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്തു.’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വൈറൽ വീഡിയോയിൽ കാണുന്ന അതേ വസ്ത്രങ്ങളാണ് രണ്ട് കോൺഗ്രസ് നേതാക്കളും ധരിച്ചിട്ടുള്ളത്. നിറവധി എക്സ് ഉപയോക്താക്കളും വീഡിയോ 2024 ഓഗസ്റ്റിൽ പങ്കുവെച്ചിരുന്നു.
2024 ഓഗസ്റ്റ് 1-ന്, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടുകളിൽ വയനാട് സന്ദർശനത്തിന്റെ വീഡിയോകൾ പങ്കിട്ടിരുന്നു,
വൈറൽ വീഡിയോയിൽ കാണുന്നത് ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദൂരന്തവുമായി ബന്ധപ്പെട്ട വീഡിയോ അല്ല എന്ന് ഇതിനാൽ വ്യക്തമാണ്, 2024-ൽ സംഭവിച്ച വയനാട് മണ്ണിടിച്ചിലുമായി ബന്ധപ്പെട്ടതാണ് ഈ വീഡിയോ.