ബോളിവുഡ് താരം ഷാരൂഖ് ഖാനും തെന്നിന്ത്യൻ തരം നയൻതാരയും ഒരു ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങുന്ന വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയുമായി ബന്ധപ്പെട്ട് ഗംഗാ നദിയിൽ പുണ്യസ്നാനം ചെയ്യാൻ ഷാരൂഖാൻ കുടുംബത്തോടൊപ്പം എത്തി എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയിൽ നയൻതാരയ്ക്കൊപ്പം ഭർത്താവ് വിഘ്നേഷ് ശിവനേയും കാണാം.
"ഷാരൂഖ് ഖാൻ മഹാകുംഭമേളയിൽ എത്തി" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. (ആർക്കൈവ്)
Fact Check
ഈ അവകാശവാദം തെറ്റാണെന്ന് ന്യൂസ്മീറ്റർ അന്വേഷണത്തിൽ കണ്ടെത്തി. ഷാരൂഖ് ഖാനും നയൻതാരയും 2023-ൽ പുറത്തിറങ്ങിയ 'ജവാൻ' എന്ന സിനിമയുടെ റിലീസിന് മുമ്പ് ആന്ധ്രാപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ ഞങ്ങൾ പരിശോധിച്ചപ്പോൾ 2023 സെപ്റ്റംബർ 5-ന് NDTV പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ലഭിച്ചു. 'ഷാരൂഖ് ഖാൻ, നയൻതാര ജവാൻ്റെ റിലീസിന് മുന്നോടിയായി തിരുപ്പതി സന്ദർശിച്ചു' എന്നാണ് വാർത്തയുടെ തലക്കെട്ട്.
തൻ്റെ വരാനിരിക്കുന്ന ചിത്രമായ ജവാൻ റിലീസിന് മുന്നോടിയായി പ്രാർഥിക്കാൻ ഷാരൂഖ് ഖാൻ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ എത്തിയതായി ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പം സഹനടി നയൻതാരയും ക്ഷേത്രത്തിലെത്തി എന്നും റിപ്പോർട്ട് പറയുന്നു.
2023 സെപ്റ്റംബർ 5-ന് ദി ഇന്ത്യൻ എക്‌സ്പ്രസ്, ദി ഇക്കണോമിക് ടൈംസ്, ദി ട്രിബ്യൂൺ, ന്യൂസ് 9 ലൈവ് എന്നീ മാധ്യമങ്ങളും ഇതേ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ജവാൻ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി ഷാരൂഖ് ഖാൻ കുടുംബാംഗങ്ങൾക്കും നടി നയൻതാരയ്‌ക്കുമൊപ്പം ക്ഷേത്രം സന്ദർശിച്ചതായാണ് ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
2023 സെപ്തംബർ 7 ന് ജവാൻ്റെ റിലീസിന് മുന്നോടിയായി ഷാരൂഖ് ഖാൻ നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചതായി ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ് എന്നീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടുകൾ പ്രകാരം തിരുപ്പതിയിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദർശിച്ചപ്പോൾ, താരം വൈറൽ വീഡിയോയിൽ കാണുന്ന പോലെ ക്രീം മുണ്ടും, ഷോർട്ട് കുർത്തയും, സ്വർണ്ണ നിറത്തിലുള്ള ബോർഡറുള്ള ഷോളുമാണ് ധരിച്ചിരുന്നത്..
‘ജവാൻ’ എന്ന സിനിമയുടെ റിലീസിന് മുമ്പായി ഷാരൂഖ് ഖാനും നയൻ താരയും തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദർശിക്കുന്ന വീയിയോ ഇപ്പോൾ മറ്റൊരു രീതിയിൽ പ്രചരിക്കുകയാണ് എന്ന് ഇതിനാൽ വ്യക്തമാണ്.