Fact Check: ഇത് ബംഗാളില്‍ പട്ടാളം ഇറങ്ങി അക്രമികളെ അടിച്ചമര്‍ത്തുന്ന ദൃശ്യമല്ല

വീഡിയോയില്‍ കാണുന്ന സ്‌കൂള്‍ ഗേറ്റിലെ ബാനറില്‍ 'ബംഗ്ലാദേശ് ഇലക്ഷന്‍ കമ്മീഷന്‍' എന്ന് ബംഗ്ലാ ഭാഷയില്‍ എഴുതിയിട്ടുണ്ട്.

By -  Newsmeter Network
Published on : 8 April 2026 11:30 AM IST

Fact Check: ഇത് ബംഗാളില്‍ പട്ടാളം ഇറങ്ങി അക്രമികളെ അടിച്ചമര്‍ത്തുന്ന ദൃശ്യമല്ല
Claim:ബംഗാളില്‍ അക്രമം നടത്തുന്നവരെ പട്ടാളം അടിച്ചമര്‍ത്തുന്ന ദൃശ്യം.
Fact:വൈറല്‍ വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതല്ല. 2026 ഫെബ്രുവരിയില്‍ ബംഗ്ലാദേശിലെ ധാക്ക മാണിക് നഗര്‍ ഹൈ സ്‌കൂളിലെ പോളിംഗ് സ്‌റ്റേഷനില്‍ നിന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റിന്റെ ദൃശ്യമാണിത്.

പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തിയതികളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം പുരോഗമിക്കുകയാണ്. അതിനിടെ ബംഗാളില്‍ അക്രമം നടന്നുവെന്നും അക്രമികളെ പട്ടാളം അടിച്ചമര്‍ത്തുന്ന ദൃശ്യമാണെന്നുമുള്ള രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സൈനികര്‍ കുറച്ചാളുകളെ പിടിച്ചുകൊണ്ട് വന്ന് വാഹനത്തില്‍ കയറ്റുന്ന ദൃശ്യമാണിത്.


Fact Check

വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ പ്രോ മീഡിയ എന്ന ഫേസ്ബുക്ക് പേജില്‍ സമാനമായ വീഡിയോയുടെ ദൈര്‍ഘ്യമേറിയതും വ്യക്തതയുള്ളതുമായ പതിപ്പ് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ധാക്കയിലെ മാണിക് നഗര്‍ ഹൈ സ്‌കൂളില്‍ നിന്ന് അറസ്റ്റ് ചെയ്തവര്‍ എന്ന് ബംഗ്ലാ ഭാഷയിലുള്ള വിവരണത്തോടൊപ്പം 2026 ഫെബ്രുവരി 12നാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. ബംഗ്ലാദേശിലെ ധാക്ക ആസ്ഥാനമായുള്ള ഒരു പ്രദേശിക മാധ്യമമാണെന്ന് പ്രോ മീഡിയ എന്ന് പ്രൈാഫൈല്‍ ബയോ സൂചിപ്പിക്കുന്നു. വീഡിയോ ചുവടെ കാണാം.

ദി ഡെയ്ലി അമര്‍ പ്രാണര്‍ ബംഗ്ലാദേശ്, DTR News 24 തുടങ്ങിയ ബംഗ്ലാദേശി പ്രാദേശിക മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലും ഇതേ വീഡിയോ പങ്കുവച്ചിട്ടുണ്ട്. മാണിക് നഗര്‍ ഹൈ സ്‌കൂളിലെ പോളിംഗ് സേറ്റേഷനില്‍ എത്തിയ പുറത്തു നിന്നുള്ള മൂന്നാളുകളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യമന്നൊണ് ഈ പോസ്റ്റുകളിലും പറയുന്നത്. വ്യക്തതയുള്ള ഈ പതിപ്പുകളില്‍ പ്രദേശത്തെ ബാനറുകളും മറ്റും ദൃശ്യമാണ്. വീഡിയോയിലെ സൈനിക വാഹനത്തില്‍ ബംഗ്ലാദേശ് ആര്‍മി എന്ന് എഴുതിയിട്ടുള്ളതും കാണാം. ഇത് വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട് ചുവടെ കാണാം.


വീഡിയോയില്‍ കാണുന്ന സ്‌കൂള്‍ ഗേറ്റിലെ ബാനറില്‍ 'ബംഗ്ലാദേശ് ഇലക്ഷന്‍ കമ്മീഷന്‍' എന്ന് ബംഗ്ലാ ഭാഷയില്‍ എഴുതിയിട്ടുണ്ട്. ഇതില്‍ നിന്ന് പോളിംഗ് സ്‌റ്റേഷനാണ് ഈ സ്‌കൂളെന്ന് വ്യക്തമാകും. മാത്രമല്ല വീഡിയോ പങ്കുവച്ചിട്ടുള്ള 2026 ഫെബ്രുവരി 12 ന് ബംഗ്ലാദേശില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുകയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധികാരമേല്‍ക്കുകയുമുണ്ടായി.

വീഡിയോയുടെ പശ്ചാത്തലത്തെപ്പറ്റിയുള്ള വിശദമായ പരിശോധനയ്ക്കായി ധാക്ക മാണിക് നഗര്‍ ഹൈ സ്‌കൂളിന്റെ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഞങ്ങള്‍ പരിശോധിച്ചു. വൈറല്‍ വീഡിയോയിലെ സ്ഥലവും ഗൂഗിള്‍ മാപ്പില്‍ ലഭ്യമായ സ്ഥലവും സമാനമാണെന്ന് ഇതില്‍ നിന്ന് വ്യക്തമായി. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ചുവടെ കാണാം.

Conclusion

ബംഗാളില്‍ അക്രമം നടത്തുന്നവരെ പട്ടാളം അടിച്ചമര്‍ത്തുന്ന ദൃശ്യം എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ 2026 ഫെബ്രുവരിയില്‍ ബംഗ്ലാദേശിലെ ധാക്ക മാണിക് നഗര്‍ ഹൈ സ്‌കൂളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റാണെന്ന് വ്യക്തമായി.

(Written by Sreejisha Laila)

Claimed By:Social media users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:വൈറല്‍ വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതല്ല. 2026 ഫെബ്രുവരിയില്‍ ബംഗ്ലാദേശിലെ ധാക്ക മാണിക് നഗര്‍ ഹൈ സ്‌കൂളിലെ പോളിംഗ് സ്‌റ്റേഷനില്‍ നിന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റിന്റെ ദൃശ്യമാണിത്.
Next Story