ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) രേഖ ഗുപ്ത ഫെബ്രുവരി 20- ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതിന് തൊട്ടുപിന്നാലെ എ.ബി. വി. പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രേഖ ഗുപ്തയുടെ പഴയകാല വീഡിയോ എന്ന് അവകാശപ്പെട്ട് ഒരു ക്ലിപ്പ് സമൂഹ്യമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്. ഒരു സ്ത്രീ അതിമികവോടെ വാൾ ചുഴറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.
“പഴയ ഒരു വീഡിയോ...ആർ. എസ്. എസ് പ്രവർത്തക..രേഖ ഗുപ്ത , ഇപ്പോൾ ഡൽഹി മുഖ്യ മന്ത്രി,” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
Fact Check
ന്യൂസ്മീറ്റർ ഈ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി. വീഡിയോയിൽ കാണുന്നത് മറാത്തി നടി പായൽ ജാദവാണ്.
വീഡിയോയിലെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഇതേ വീഡിയോ മറാത്തി നടി പായൽ ജാദവിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 2025 ഫെബ്രുവരി 19-ന് അപ്‌ലോഡ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. ശിവാജി ജയന്തിയെ അനുസ്മരിക്കാൻ വേണ്ടിയാണ് താൻ വീഡിയോയിൽ അഭിനയിച്ചതെന്ന് അവർ പോസ്റ്റിന്റെ അടിക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. (ആർക്കൈവ്)
പായൽ ജാദവിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചാൽ മറാത്തി നാടകമായ അബീർ ഗുലാൽ ഉൾപ്പെടെ വിവിധ നാടകങ്ങളിൽ അവർ അഭിനയിക്കുന്ന വീഡിയോകൾ കാണാം. (വീഡിയോകൾ കാണാൻ ഇവിടെ, ഇവിടെ, ഇവിടെ ക്ലിക്ക് ചെയ്യുക.)
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതനുസരിച്ച് ത്രീ ഓഫ് അസ്, ബാപ്ലിയോക്ക് എന്നിവയാണ് പായൽ ജാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ൾ. പാരീസ്, ഗോൾ മാൾ, മൻവത് മർഡേഴ്‌സ് എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.
പായൽ ജാദവിന്റെയും രേഖ ഗുപ്തയുടെയും ചിത്രങ്ങൾ തമ്മിലുള്ള താരതമ്യം താഴെ കാണാം.
വൈറൽ വീഡിയോയിൽ കാണുന്നത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയല്ല എന്ന് ഇതിനാൽ വ്യക്തമാണ്. വീഡിയോയിൽ ഉള്ളത് , മറാത്തി നടി പായൽ ജാദവ് ആണ്.