Fact Check: ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോം പ്രൊമോട്ട് ചെയ്യുന്ന വീഡിയോ വ്യാജമാണ്
ഓൺലൈൻ തട്ടിപ്പ് വീഡിയോകളിൽ ഉപയോഗിക്കുന്ന ക്ലാസിക് തന്ത്രങ്ങളെല്ലാം ഈ വീഡിയോയിലും കാണാം.
By Newsmeter Network Published on 26 Feb 2025 11:47 PM IST
Claim: ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോം പ്രൊമോട്ട് ചെയ്യുന്ന വീഡിയോ
Fact: ഇതൊരു സ്‌കാം ആണ്. ധനമന്ത്രിയുടെ വീഡിയോ ബാഹ്യ ശബ്‌ദം ഉപയോഗിച്ച് ഡിജിറ്റലായി മാറ്റം വരുത്തിയാണ് പ്രചരിപ്പിക്കുന്നത് .
ധനകാര്യ മന്ത്രിയും കോർപ്പറേറ്റ് കാര്യ മന്ത്രിയുമായ മുതിർന്ന ബിജെപി നേതാവ് നിർമ്മല സീതാരാമന്റ്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്, ഉറപ്പായ ലാഭം നേടുമെന്ന് അവകാശപ്പെടുന്ന ഒരു ട്രേഡിംഗ് പ്ലാറ്റ്‌ഫോം മന്ത്രി പ്രൊമോട്ട് ചെയ്യുന്നതാണ് വീഡിയോ.
വീഡിയോയിൽ, പ്ലാറ്റ്‌ഫോമിന്റെ പേര് നൽകാതെ, ഇന്ത്യൻ പൗരന്മാർക്ക് ഇനി കഠിനാധ്വാനം ചെയ്യേണ്ടതില്ല അല്ലെങ്കിൽ അവരുടെ കുടുംബത്തിന്റെ ഭാവിയെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്ന് നിറമ്മല സീതാരാമൻ പ്രഖ്യാപിക്കുന്നതായി കേളക്കാം. “ഈ വിപ്ലവകരമായ, അപകടസാധ്യതയില്ലാത്ത പ്ലാറ്റ്‌ഫോം AI- അധിഷ്ഠിത ട്രേഡിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാർക്ക് ഒരു ദിവസം 60,000 രൂപ അനായാസം സമ്പാദിക്കാൻ സഹായിക്കുന്നു. ഇത് ഔദ്യോഗികമായി ലൈസൻസുള്ളതും ആഗോളതലത്തിൽ പരിശോധിച്ചുറപ്പിച്ചതും പൂർണ്ണ സുരക്ഷയ്ക്കായി നാഷണൽ ബാങ്ക് ഓഫ് ഇന്ത്യ ഇൻഷ്വർ ചെയ്തതുമാണ്.”
“അധ്യാപകർ, വിരമിച്ചവർ, വീട്ടമ്മമാർ അല്ലെങ്കിൽ ഡ്രൈവർമാർ എന്നിവർക്ക് ചേരാം. രജിസ്റ്റർ ചെയ്യുക, ഒരു പ്രോജക്റ്റ് മാനേജരുടെ മാർഗ്ഗനിർദ്ദേശം നേടുക, സമ്പാദ്യം ആരംഭിക്കാൻ 20,000 രൂപ നിക്ഷേപിക്കുക. കഴിവുകളോ പരിശ്രമമോ ആവശ്യമില്ല - AI നിങ്ങൾക്കായി എല്ലാം ചെയ്യുന്നു. ജീവിതം മാറ്റിമറിക്കുന്ന ഈ അവസരം നഷ്ടപ്പെടുത്തരുത് - ഇപ്പോൾ തന്നെ നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കു!”
പ്ലാറ്റ്‌ഫോമിൽ അപകടസാധ്യതയില്ലെന്ന് ധനമന്ത്രി ഉറപ്പുനൽകുന്നതും ആദ്യ ദിവസം 21,000 രൂപ നിക്ഷേപിക്കുകയും ആദ്യ മാസം 1.5 മില്യൺ രൂപ സമ്പാദിക്കുകയും ചെയ്തുകൊണ്ട് ഇത് താൻ വ്യക്തിപരമായി പരീക്ഷിച്ചുവെന്ന് മന്ത്രി അവകാശപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. (Archive)
Fact Check
ന്യൂസ്മീറ്റർ ഈ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. വീഡിയോയിലെ കേന്ദ്ര ധനമന്ത്രിയുടെ ശബ്ദം കൃത്രിമമായി നിർമ്മിച്ചതാണ്.
വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് വഴി സെർച്ച് ചെയ്‌തപ്പോൾ, 2024 ഡിസംബർ 22-ന് ദി പ്രിന്റ് പ്രസിദ്ധീകരിച്ച ഒരു മണിക്കൂർ ദൈർഘ്യമുള്ള യദർദ്ധ വീഡിയോ ഞങ്ങൾ കണ്ടെത്തി. ‘ജയ്‌സാൽമീറിൽ നടന്ന ജിഎസ്ടി കൗൺസിലിന്റെ 55-ാമത് യോഗത്തെ ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അഭിസംബോധന ചെയ്യുന്നു’ എന്ന തലക്കെട്ടോടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ദി പ്രിന്റ് നല്കുന്ന വിവരം അനുസരിച്ച് , യോഗത്തിൽ രജിസ്ട്രേഷനും വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് ചെറുകിട ബിസിനസുകൾ നേരിടുന്ന പ്രശ്‌നങ്ങളാണ് ധനമന്ത്രി അഭിസംബോധന ചെയ്തത്. ചെറുകിട ബിസിനസുകൾക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ആശയ കുറിപ്പ് ജിഎസ്ടി കൗൺസിൽ തയ്യാറാക്കിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഫോർട്ടിഫൈഡ് റൈസ് കർണലുകളുടെ നികുതി നിരക്ക് കുറയ്ക്കാനും ജീൻ തെറാപ്പി ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കാനുമുള്ള കൗൺസിലിന്റെ തീരുമാനവും മന്ത്രി പരിപാടിയിൽ പ്രഖ്യാപിച്ചിരുന്നു.
മുഴുവൻ വീഡിയോയും ഞങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചെങ്കിലും പരിശ്രമമോ പ്രത്യേക കഴിവുകളോ ഇല്ലാതെ സാമ്പത്തിക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും വ്യാപാര പ്ലാറ്റ്‌ഫോമിനെ നിർമ്മല സീതാരാമൻ പ്രൊമോട്ട് ചെയ്തതായി കണ്ടില്ല. എന്നിരുന്നാലും, വൈറൽ വീഡിയോയിലെ മന്ത്രിയുടെ പശ്ചാത്തലവും അവരുടെ കസേരയും ദി പ്രിന്റ് അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് സമാനമാണ്. മാത്രമല്ല രണ്ട് വീഡിയോയിലും നിർമ്മല സീതാരാമൻ ധരിച്ചിരിക്കുന്നത് ഒരേ വസ്ത്രമാണ്. വീഡിയോയുടെ 32:59 മാർക്കിന് ശേഷം വൈറൽ ക്ലിപ്പ് കാണാം.
വീഡിയോയിലെ പൊരുത്തക്കേടുകൾ
പ്രചാരത്തിലുള്ള വീഡിയോ നിർമിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാവാം എന്നതിന് ഞങ്ങൾക്ക് നിറവധി സൂചനകൾ ലഭിച്ചു. നിർമ്മല സീതാരാമന്റെ ചുണ്ടുകളുടെ ചലനങ്ങൾ ഓഡിയോയുമായി യോജിച്ചു പോക്കുന്നില്ല. ഫ്രെയിമുകൾ സൂം ഇൻ ചെയ്‌തിരിക്കുന്ന ഭാഗങ്ങളിൽ, അവരുടെ പല്ലുകളിൽ തവിട്ട് പാടുകൾ കാണാം, ഇത് നിർമിതബുദ്ധി ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന വീഡിയോകളിൽ കാണുന്ന സാധാരണ അടയാളമാണ്. വീഡിയോയിലെ നിർമ്മല സീതാരാമന്റെ ഉച്ചാരണശൈലിയിലും ആങ്കലയത്വം വ്യക്തമാണ്. ഇതും നിർമിതബുദ്ധി ഉപയോഗിച്ചത്തിന്റെ സൂചനയാണ്.
മാത്രമല്ല, ഇത്തരം ഓൺലൈൻ തട്ടിപ്പ് വീഡിയോകളിൽ ഉപയോഗിക്കുന്ന ക്ലാസിക് തന്ത്രങ്ങളെല്ലാം ഈ വീഡിയോയിലും കാണാം. ഒരു സെലിബ്രിറ്റി താൻ പ്ലാറ്റ്‌ഫോം വ്യക്തിപരമായി പരീക്ഷിച്ചുവെന്ന് അവകാശപ്പെടുക, ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുക, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ വാഗ്ദാനങ്ങൾ - ഇവയെല്ലാം സ്ഥിരം തട്ടിപ്പ് തന്ത്രങ്ങളാണ്.
ധനമന്ത്രിയുടെ ഒരു വീഡിയോ ബാഹ്യ ശബ്‌ദം ഉപയോഗിച്ച് ഡിജിറ്റലായി മാറ്റം വരുത്തിയാണ് പ്രചരിപ്പിക്കുന്നതെന്ന് ഇതിനാൽ വ്യക്തമാണ്.