Fact Check: ബംഗ്ലാദേശിൽ ഹിന്ദു പെൺകുട്ടിയെ ബന്ധനസ്ഥയാക്കി ആക്രമിച്ചോ?
കൈകാലുകൾ കെട്ടിയിട്ടും വായ മൂടിയിട്ടുമുള്ള ഒരു പെൺകുട്ടിയുടെ വീഡിയോയാണ് ബംഗ്ലാദേശിലെ കലുഷിതമായ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
By Sibahathulla Sakib
Claim:ബംഗ്ലാദേശ് മുസ്ലിം മത തീവ്രവാദികൾ ഹിന്ദു പെൺകുട്ടിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ.
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. ഈ വീഡിയോയിൽ കാണുന്നത് ബംഗ്ലാദേശിലെ ജഗന്നാഥ് സർവകലാശാലയിൽ നടന്ന ഒരു വിദ്യാർത്ഥി പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ്
(ഞങ്ങളുടെ ന്യൂസ്മീറ്റർ ഇംഗ്ലീഷ് വിഭാഗം നേരത്തെ ഈ വ്യാജ പ്രചരണം പുറത്ത് കൊണ്ടു വന്നിരുന്നു.)
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന സ്ഥാനം രാജിവെച്ച് നാടുവിട്ടതിന് പിന്നാലെ കുറച്ചുദിവസമായി രാജ്യം അനിശ്ചിതാവസ്ഥയിലായിരുന്നു. ഇതിനിടയിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ വർദ്ധിച്ചു എന്ന് ആരോപിച്ചുകൊണ്ട് നിരവധി റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരണത്തിലുണ്ട്.
ഈ പശ്ചാത്തലത്തിൽ, ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമത്തിൻ്റെ തെളിവായി കൈകളും കാലുകളും കെട്ടി വായ് മൂടിയ ഒരു പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്.
"പ്രണാമം, ബംഗ്ലാദേശ് മുസ്ലിം മത തീവ്രവാദികൾ ഈ ഹിന്ദു പെൺകുട്ടിയുടെ രഹസ്യ ഭാഗത്ത് വടിവാൾ കയറ്റി കൊന്ന് കെട്ടി തൂക്കി" എന്ന തലക്കെട്ടോട് കൂടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.
Fact-check:
വീഡിയോ പെൺകുട്ടിയെ ആക്രമിക്കുന്നതിന്റേതല്ല ബംഗ്ലാദേശ് വിദ്യാർഥി പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണെന്ന് വസ്തുത പരിശാധനയിൽ വ്യക്തമായി.
വീഡിയോയിൽ ' ജഗന്നാഥ് വിശ്വവിദ്യാലയ്' (ജഗന്നാഥ് സർവകലാശാല) എന്നെഴുതിയ ഒരു ഇരുനില ബസ്സിന്റെ ദൃശ്യങ്ങൾ കണ്ടെത്തി.
റിവേഴ്സ് ഇമേജ് പരിശോധനയിലൂടെ ഈ വീഡിയോ ‘ജെ എൻ യു ഷോർട്ട് സ്റ്റോറീസ്’ എന്ന ഫേസ്ബുക്ക് പേജിൽ ജൂലൈ 26-ാം തിയ്യതി പങ്കുവെച്ചതായി കണ്ടെത്തി. ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ഷേക്ക് ഹസീന രാജിവെച്ചത് എന്നുള്ളതുകൊണ്ട് ഈ വീഡിയോ അതിനുശേഷം ഉണ്ടായ അക്രമമല്ലെന്ന് വ്യക്തമായി.
വീഡിയോ ഒരു തെരുവ് നാടകത്തിൽ നിന്നുള്ളതാണെന്നും മറ്റൊരു വിദ്യാർത്ഥിയായ അബന്തികയുടെ ആത്മഹത്യയിൽ പ്രതിഷേധിക്കുന്ന പെൺകുട്ടി ജഗന്നാഥ് സർവകലാശാലയിലെ ഒരു സാധാരണ വിദ്യാർത്ഥിയാണെന്നും പോസ്റ്റിൽ പറയുന്നു. ബംഗ്ലാദേശിലെ നിലവിലെ വിദ്യാർത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെടുത്തി പെൺകുട്ടിയെ ഛത്ര ലീഗിൻ്റെ നേതാവായി തെറ്റായി ചിത്രീകരിച്ച് വീഡിയോ വൈറലായതായും പോസ്റ്റിൽ പറയുന്നു.
ഒരു കീവേഡ് സെർച്ച് നടത്തിയപ്പോൾ മാർച്ച് 17ന് ബംഗാളി പത്രമായ ‘ദ ഡെയ്‌ലി ഇത്തിഫാഖ്’ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് കണ്ടെത്താൻ സാധിച്ചു.
‘ഫൈറൂസ് സദാഫ് അബന്തിക’ എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജഗന്നാഥ് യൂണിവേഴ്സിറ്റിയിലെ (JUB) വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയതായി റിപോർട്ട് വ്യക്തമാക്കുന്നു.
ഒപ്പം ‘Channel 24 News’ ഇതേ പ്രകടനത്തെ റിപോർട്ട് ചെയ്ത് കൊണ്ടുള്ള ഒരു വീഡിയോ മാർച്ച് 18-ാം തിയ്യതി തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. പ്രചാരണത്തിലുള്ളതിന് സാമാനമായി മുഖം മൂടിയ രീതിയിലുള്ള വിദ്യാർഥികളെ ദൃശ്യങ്ങളിൽ കണ്ടെത്തി.
വിഷയത്തേക്കുറിച്ചു കൂടുതൽ വ്യക്തതയ്ക്ക് ന്യൂസ്മീറ്റർ ജഗന്നാഥ് സർവകലാശാലയിലെ വിദ്യാർത്ഥിയും ചാനൽ 24 ന്യൂസിൻ്റെ യൂണിവേഴ്സിറ്റി ലേഖകനുമായ അബു ഹനീഫുമായി സംസാരിച്ചു. വൈറലായ വീഡിയോ മാർച്ച് 17 ന് അബന്തികയ്ക്ക് നീതി ആവശ്യപ്പെട്ട് നടന്ന തെരുവ് നാടകത്തിൽ നിന്നുള്ളതാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ബംഗ്ലാദേശിലെ നിലവിലെ പ്രതിസന്ധിയുമായി വീഡിയോയ്ക്ക് ബന്ധമില്ലെന്നും ഹനീഫ് വ്യക്തമാക്കി.
Conclusion:
ബംഗ്ലാദേശിൽ ഹിന്ദു പെൺകുട്ടിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്നത് ബംഗ്ലാദേശ് ജഗന്നാഥ് സർവകലാശാലയിൽ നടന്ന വിദ്യാർഥി പ്രതിഷേധ പരിപാടിയുടെ ദൃശ്യങ്ങളാണെന്നും ബംഗ്ലാദേശിലെ നിലവിലെ പ്രതിസന്ധിയുമായി വീഡിയോയ്ക്ക് യാതൊരു ബന്ധമില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.