Fact Check: കുത്തിവെയ്പ്പിലൂടെ മത്സ്യങ്ങളുടെ ഭാരംകൂട്ടുന്നോ? വീഡിയോയുടെ വാസ്തവമറിയാം

മത്സ്യങ്ങളില്‍ കൃത്രിമമായി ഭാരം വര്‍ധിപ്പിക്കുന്നതിനായി അവയെ വളര്‍ത്തുന്ന സ്ഥലങ്ങളില്‍വെച്ച് രാസവസ്തുക്കള്‍ കുത്തിവെയ്ക്കുന്ന ദൃശ്യമെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോയില്‍ രണ്ടുപേര്‍ ചേര്‍ന്ന് മത്സ്യങ്ങളില്‍ കുത്തിവെയ്പ്പ് നടത്തുന്നത് കാണാം.

By -  Newsmeter Network |  Published on  3 Feb 2025 6:00 PM IST
Fact Check: കുത്തിവെയ്പ്പിലൂടെ മത്സ്യങ്ങളുടെ ഭാരംകൂട്ടുന്നോ? വീഡിയോയുടെ വാസ്തവമറിയാം
Claim: മത്സ്യങ്ങളുടെ ഭാരം കൂട്ടാൻ രാസപദാർത്ഥങ്ങൾ കുത്തിവയ്ക്കുന്ന ദൃശ്യങ്ങൾ
Fact: പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; മീനുകളിൽ പ്രജനനം വർധിപ്പിക്കാൻ വേണ്ടി നടത്തുന്ന ഇൻഡ്യൂസ്ഡ് ബ്രീഡിങ് എന്ന ശാസ്ത്രീയ പ്രക്രിയയാണിത്. പശ്ചിമ ബംഗാളിൽനിന്നുള്ള 2023 ലെ വീഡിയോ ആണ് പ്രചരിക്കുന്നത്.

മത്സ്യങ്ങളുടെ ഭാരം വര്‍ധിപ്പിക്കാനായി കൃത്രിമ രാസപദാര്‍ത്ഥങ്ങള്‍ കുത്തിവെയ്ക്കുന്നുണ്ടെന്നും ഇത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കേരളത്തിലേതെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. രണ്ടുപേര്‍ ചേര്‍ന്ന് വെള്ളത്തില്‍നിന്ന് പുറത്തെടുക്കുന്ന മത്സ്യത്തില്‍ സിറിഞ്ചുപയോഗിച്ച് കുത്തിവെയ്പ്പ് നടത്തുന്നതും തിരിച്ച് വെള്ളത്തില്‍ നിക്ഷേപിക്കുന്നതും വീഡിയോയില്‍ കാണാം.




Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ കേരളത്തിലേതല്ലെന്നും ഭാരംകൂട്ടാനുള്ള കുത്തിവെയ്പ്പല്ല നടത്തുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വിവിധ യൂട്യൂബ് ചാനലുകളില്‍ ഈ വീഡിയോ നേരത്തെ ഉപയോഗിച്ചതായി കണ്ടെത്തി. കൂടുതലും ബംഗാളി ഭാഷയിലുള്ള ചാനലുകളിലാണ് ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ PAL FISHERY എന്ന യൂട്യൂബ് ചാനലില്‍ 2023 മെയ് 8ന് പങ്കുവെച്ച വീഡിയോയാണ് ഇതിന്റെ യഥാര്‍ത്ഥ പതിപ്പെന്ന് കണ്ടെത്തി.


മത്സ്യ പ്രജനനവുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇതെന്ന് നല്‍കിയിരിക്കുന്ന വിവരണത്തില്‍നിന്ന് സൂചന ലഭിച്ചു. കട്ല മത്സ്യത്തിന്റെ പ്രജനനത്തിന് ആവശ്യമായ ഹോര്‍മോണിന്റെ കുത്തിവെയ്പ്പെന്ന തരത്തിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറ്റൊരു ബംഗാളി യൂട്യൂബ് ചാനലിലും ഇതേ വീഡിയോ ഉപയോഗിച്ചതായി കണ്ടെത്തി. ബ്രീഡിങിന് ആവശ്യമായ മിശ്രിതം ലഭിക്കാന്‍ ബന്ധപ്പെടാം എന്ന വിവരണത്തോടെ ഫോണ്‍നമ്പര്‍ സഹിതമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.



ഇതോടെ ദൃശ്യങ്ങള്‍ കേരളത്തില്‍നിന്നുള്ളതല്ലെന്നും ഭാരം വര്‍ധിപ്പിക്കാനല്ല കുത്തിവെയ്പ്പ് നടത്തുന്നതെന്നും വ്യക്തമായി.

തുടര്‍ന്ന് വീഡിയോയില്‍ അവകാശപ്പെടുന്നതുപോലെ പ്രജനനത്തിനായി ഹോര്‍മോണ്‍ കുത്തിവെയ്ക്കുന്നത് സംബന്ധിച്ച് പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍ ലഭ്യമായി. ഇന്‍ഡ്യൂസ്ഡ് ബ്രീഡിങ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രക്രിയ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതും മത്സ്യവളര്‍ത്തലില്‍ വ്യാപകമായി ഉപയോഗിക്കുന്നതുമാണ്.



റിസര്‍ച്ച്ഗേറ്റ് ഉള്‍പ്പെടെ പ്രമുഖ ഗവേഷണ വെബ്സൈറ്റുകളിലെല്ലാം ഈ പ്രക്രിയയുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍ കണ്ടെത്തി. ഇതോടെ മത്സ്യപ്രജനനവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി അംഗീകരിച്ച ഇന്‍ഡ്യൂസ്ഡ് ബ്രീഡിങിന്റെ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.

അതേസമയം, ബംഗ്ലാദേശില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ ഇത്തരം കുത്തിവെയ്പ്പുകളുടെ ദോഷവഷങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നതായി കണ്ടെത്തി.




വ്യത്യസ്ത മത്സ്യ ഇനങ്ങള്‍ക്ക് അവയുടെ പ്രജനനകാലവും മറ്റും പരിഗണിച്ച് കുത്തിവെയ്പ്പ് നടത്തേണ്ട രീതിയും മറ്റും ശാസ്ത്രീയമായി പിന്തുടരുന്നുണ്ടോ എന്നത് പ്രധാനമാണെന്ന് പഠനങ്ങളില്‍നിന്ന് മനസ്സിലാക്കാം.


Conclusion:

മീനുകളില്‍ ഭാരം കൂട്ടാന്‍ കുത്തിവെയ്പ്പ് നടത്തുന്നുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്‍ഡ്യൂസ്ഡ് ബ്രീഡിങ് എന്നറിയപ്പെടുന്ന രീതിയാണ് വീഡിയോയില്‍. ഇത് പ്രജനനവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി ചെയ്യുന്ന കാര്യമാണ്.

Claim Review:മത്സ്യങ്ങളുടെ ഭാരം കൂട്ടാൻ രാസപദാർത്ഥങ്ങൾ കുത്തിവയ്ക്കുന്ന ദൃശ്യങ്ങൾ
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; മീനുകളിൽ പ്രജനനം വർധിപ്പിക്കാൻ വേണ്ടി നടത്തുന്ന ഇൻഡ്യൂസ്ഡ് ബ്രീഡിങ് എന്ന ശാസ്ത്രീയ പ്രക്രിയയാണിത്. പശ്ചിമ ബംഗാളിൽനിന്നുള്ള 2023 ലെ വീഡിയോ ആണ് പ്രചരിക്കുന്നത്.
Next Story