Fact Check : ആന്ധ്ര സർക്കാർ സംസ്ഥാന വഖഫ് ബോർഡ് റദ്ദാക്കിയോ? വാസ്തവമറിയാം

ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ വഖഫ് ബോർഡ് റദ്ദാക്കി എന്ന അവകാശവാദം 'ടൈംസ് നൗ' ചാനൽ വാർത്തയുടെ സ്ക്രീൻഷോട്ടിനൊപ്പമാണ് പ്രചരിക്കുന്നത്.

By Sibahathulla Sakib  Published on  4 Dec 2024 9:26 AM GMT
Fact Check : ആന്ധ്ര സർക്കാർ സംസ്ഥാന വഖഫ് ബോർഡ് റദ്ദാക്കിയോ? വാസ്തവമറിയാം
Claim: ആന്ധ്ര സർക്കാർ സംസ്ഥാന വഖഫ് ബോർഡ് റദ്ദാക്കി.
Fact: പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. മുൻ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി സ്ഥാപിച്ച സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടുകയാണ് നായിഡു സർക്കാർ ചെയ്തത്.

പ്രതിപക്ഷപ്രതിഷേധത്തെത്തുടർന്ന് വഖഫ് ഭേദഗതി ബില്ലിന്മേലുള്ള സംയുക്ത പാർലമെന്ററി സമിതിയുടെ(ജെ.പി.സി.) കാലാവധി 2025-ലെ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം വരെ നീട്ടിയിരുന്നു. സമിതി അധ്യക്ഷനും ബിജെപി നേതാവുമായ ജഗദംബിക പാലിന്റെ പ്രമേയ അവതരണത്തിലൂടെയാണ് ലോക്സഭ ഈ നിർദേശത്തിന് അംഗീകാരം നൽകിയത്. ഇതിനിടയിൽ ആന്ധ്രപ്രദേശ് ഗവൺമെന്റ് സംസ്ഥാന വഖഫ് ബോർഡ് റദ്ദാക്കിയതായി സമൂഹ്യമാധ്യമങ്ങളിൽ വ്യാപക പ്രചാരണം.


ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തീരുമാനത്തെ മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുക്കുമെന്ന രീതിയിലാണ് പ്രചാരണം. 'ടൈംസ് നൗ' ചാനൽ വാർത്തയുടെ സ്ക്രീൻഷോട്ടും പോസ്റ്റുകളിൽ കാണാം. (Archive)

Fact Check

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംസ്ഥാന വഖഫ് ബോർഡ് സംവിധാനം പൂർണമായി റദ്ദാക്കുകയല്ല മറിച്ച് പിരിച്ചുവിടുകയാണ് ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പോസ്റ്റുകൾക്കൊപ്പം പങ്കുവെക്കപ്പെട്ട ടൈംസ് നൗവിന്റെ വാർത്ത പരിശോധിച്ചപ്പോൾ, വഖഫ് ബോർഡുമായി ബന്ധപ്പെട്ട എക്സ് പോസ്റ്റിൽ 'റദ്ദാക്കി' എന്നല്ല മറിച്ച് 'പിരിച്ചു വിട്ടു' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കണ്ടെത്തി.

കീവേഡ് പരിശോധനയിലൂടെ 2024 ഡിസംബർ ഒന്നിന് പ്രസിദ്ധീകരിച്ച ‘ദി ന്യൂസ് മിനിറ്റ്’ റിപ്പോർട്ടിൽ ആന്ധ്ര സർക്കാർ നിലവിലെ സംസ്ഥാന വഖഫ് ബോർഡ് പിൻവലിച്ചെന്നും പകരം പുതിയൊന്ന് രൂപീകരിക്കുമെന്നുമുള്ള വാർത്ത കണ്ടെത്തി.


ഹൈക്കോടതി ഉത്തരവ് പ്രകാരം മുൻ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി സ്ഥാപിച്ച 11 അംഗ വഖഫ് ബോർഡാണ്, ബിജെപിയും ജനസേന പാർട്ടിയുമായി സഖ്യത്തിലുള്ള ടി.ഡി.പി നയിക്കുന്ന സർക്കാർ പിൻവലിച്ചത്. നിരവധി പ്രശ്നങ്ങളാൽ ദീർഘകാലം പ്രവർത്തനരഹിതമായ ബോർഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ബോർഡ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. പകരമായി കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ബോർഡ് രൂപീകരിക്കുമെന്ന് സർക്കാർ പറഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഡിസംബർ ഒന്ന് 2024 ന് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന വാർത്തയിൽ വഖഫ് ബോർഡ് പിൻവലിക്കാൻ പുറപ്പെടുവിപ്പിച്ച സർക്കാർ ഉത്തരവിന്റെ കോപ്പികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം നേരത്തെ ബോയർഡിലേക്കുള്ള ചെയർമാന്റെ നിയമനവും കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ തടഞ്ഞിരുന്നു.



ആന്ധ്ര പ്രദേശ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ എം ഡി ഫാറൂഖിന്റെ വിശദീകരണമനുസരിച്ച് വിവിധ നിയമപ്രശ്നങ്ങൾ കാരണമാണ് വഖഫ് ബോർഡിന് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കാഞ്ഞത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും വഖഫ് സ്വത്തുകളുടെ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കാൻ പ്രതിബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞതായി കാണാം.

കൂടാതെ ആന്ധ്രപ്രദേശ് സർക്കാറിന്റെ ഫാക്ട് ചെക്ക് വിംഗ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ നൽകിയ വിശദീകരണവും അന്വേഷണത്തിൽ കണ്ടെത്തി. മാർച്ച് 2023 മുതൽ വഖഫ് ബോർഡ് പ്രവർത്തനരഹിതമായിരുന്നെന്നും അത് കൊണ്ടുതന്നെ നിയമപരമായ വെല്ലുവിളികളും ഭരണപരമായ പരിമിതികളും പരിഹരിക്കാനും ബോർഡ് പിൻവലിക്കുന്നത് അനിവാര്യമാണെന്നും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. അതേസമയം പുതിയ ബോർഡ് ഉടൻ രൂപീകരിക്കുമെന്നും സർക്കാർ പോസ്റ്റിലൂടെ ഉറപ്പു നൽകുന്നുണ്ട്.

Conclusion

ആന്ധ്ര പ്രദേശ് സർക്കാർ വഖഫ് ബോർഡ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. വഖഫ് ബോർഡ് താൽകാലികമായി പിൻവലിക്കുക മാത്രമാണ് ചെയ്തതെന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.

Claim Review:ആന്ധ്ര സർക്കാർ സംസ്ഥാന വഖഫ് ബോർഡ് റദ്ദാക്കി.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook and X Users
Claim Fact Check:Misleading
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. മുൻ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി സ്ഥാപിച്ച സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടുകയാണ് നായിഡു സർക്കാർ ചെയ്തത്.
Next Story