Fact Check: മണിപ്പൂര്‍ കലാപകാരികളെ രാഷ്ട്രപതി ഭരണത്തിന് കീഴില്‍ ഇന്ത്യന്‍ സൈന്യം അടിച്ചമര്‍ത്തിയോ? വീഡിയോയുടെ സത്യമറിയാം

രാഷ്ട്രപതി ഭരണം നിലവില്‍വന്ന ശേഷം മണിപ്പൂരില്‍ കലാപകാരികളെ ഇന്ത്യന്‍ സൈന്യം അടിച്ചമര്‍ത്തുന്നുവെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ ഒരുകൂട്ടം സ്ത്രീകള്‍ സൈനിക വാഹനങ്ങള്‍ തടയുന്നതും കാണാം.

By Newsmeter Network
Published on : 29 March 2025 11:01 PM IST

Fact Check: മണിപ്പൂര്‍ കലാപകാരികളെ  രാഷ്ട്രപതി ഭരണത്തിന് കീഴില്‍ ഇന്ത്യന്‍ സൈന്യം അടിച്ചമര്‍ത്തിയോ? വീഡിയോയുടെ സത്യമറിയാം
Claim:മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിന് കീഴില്‍ സമരക്കാരെ അടിച്ചമര്‍ത്തുന്ന ഇന്ത്യന്‍ സൈന്യം
Fact:പ്രചരിക്കുന്ന ദൃശ്യങ്ങള്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരുന്നതിന് മുന്‍പത്തേതാണെന്നും ആയുധം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് വീഡിയോയിലുള്ളതെന്നും കണ്ടെത്തി.

മുഖ്യമന്ത്രിയായിരുന്ന എന്‍ ബീരേന്‍ സിങ് രാജിവെച്ചതിന് പിന്നാലെ 2025 ഫെബ്രുവരി 13-നാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിന് കീഴില്‍ മണിപ്പൂരില്‍‍ കലാപകാരികളുടെ സമരങ്ങള്‍ വിലപ്പോവില്ലെന്നും കലാപകാരികളെ അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ സൈന്യം സജ്ജരാണെന്നും അവകാശവാദവുമായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സൈനികവാഹനങ്ങള്‍ തടയുന്ന ഏതാനും സ്ത്രീകളെ വീഡിയോയില്‍ കാണാം. ഇതിനെ മറികടന്ന് സൈനികവാഹനങ്ങള്‍ മുന്നോട്ടെടുക്കുന്നതോടെ സ്ത്രീകള്‍ പിന്‍വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. രാഷ്ട്രപതിഭരണത്തിന്റെ കരുത്തെന്ന തരത്തിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.




Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരുന്നതിന് മുന്‍പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പ്രചരിക്കുന്ന വീഡിയോയിലെ ചില ഭാഗങ്ങള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ഇത് ISTV എന്ന ഒരു ബംഗാളി ടെലിവിഷന്‍ ചാനലിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചതായി കണ്ടെത്തി. 2024 ഏപ്രില്‍ 30-നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.




സൈന്യം ആയുധം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ സൈനിക വാഹനങ്ങള്‍ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. ഇതനുസരിച്ച് നടത്തിയ തിരച്ചിലില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. നാഗാലാന്റ് പോസ്റ്റ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലും ഈ വീഡിയോയിലെ ദൃശ്യങ്ങള്‍ സഹിതം സമാന വാര്‍ത്ത നല്‍കിയതായി കാണാം. ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് 2024 മെയ് 1-നാണ്.




ഇതോടെ സംഭവം മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം തുടങ്ങുന്നതിന് ഒരുവര്‍ഷത്തോളം മുന്‍പ് ബിരേന്‍ സിങ് മുഖ്യമന്ത്രിയായിരിക്ക നടന്നതാണെന്നും ഇതിന് രാഷ്ട്രപതി ഭരണവുമായി ബന്ധമില്ലെന്നും ആയുധങ്ങള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധിച്ചതെന്നും വ്യക്തമായി.

തുടര്‍ന്ന് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ ദി ഹിന്ദു ഉള്‍പ്പെടെ നിരവധി മാധ്യമങ്ങളില്‍ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കണ്ടെത്തി.



ഹിന്ദുസ്ഥാന്‍ ടൈംസ്, ലൈവ് മിന്റ്, തുടങ്ങിയ മാധ്യമങ്ങളും സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ നല്‍കിയതായി കാണാം.




ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മണിപ്പൂരിലെ രാഷ്ട്രപതി ഭരണവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.


Conclusion:

രാഷ്ട്രപതി ഭരണത്തിന് കീഴില്‍ മണിപ്പൂരില്‍ കലാപകാരികള്‍ക്കെതിരെ നിലകൊള്ളുന്ന ഇന്ത്യന്‍ സൈന്യമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങളിലുള്ളത് 2024 ഏപ്രില്‍ 30ന് ആയുധങ്ങള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ്. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നത് 2025 ഫെബ്രുവരിയിലാണെന്നും പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സ്ഥിരീകരിച്ചു.

Claim Review:മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിന് കീഴില്‍ സമരക്കാരെ അടിച്ചമര്‍ത്തുന്ന ഇന്ത്യന്‍ സൈന്യം
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചരിക്കുന്ന ദൃശ്യങ്ങള്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരുന്നതിന് മുന്‍പത്തേതാണെന്നും ആയുധം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് വീഡിയോയിലുള്ളതെന്നും കണ്ടെത്തി.
Next Story