2025 ഫെബ്രുവരി 13-ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സംയുക്ത പത്രസമ്മേളനത്തിനിടെ, യുഎസിലെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു ഇന്ത്യൻ റിപ്പോർട്ടറിന്റെ ചോദ്യത്തിൽ നിന്ന് ട്രംപ് ഒഴിഞ്ഞുമാറിയിരുന്നു, റിപ്പോർട്ടറുടെ ഇംഗ്ലീഷ് ഉച്ചാരണം തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു ട്രംപിന്‍റെ ന്യായീകരണം.
ഇതേ സമയം ഫെബ്രുവരി 13 ലെ പത്രസമ്മേളനവുമായി ബന്ധിപ്പിച്ച് മറ്റൊരു വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. പത്രസമ്മേളനത്തിനിടെ അമേരിക്കൻ റിപ്പോർട്ടർ ഒരു ഇന്ത്യൻ പത്രപ്രവർത്തകന്റ്റെ ചോദ്യങ്ങളെ പരിഹസിച്ചു എന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
ഇന്ത്യ-യുഎസ് ബന്ധം, ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം, ഇന്ത്യയിലെ അദ്ദേഹത്തിന്റെ ജനപ്രീതി, മോദിയുടെ യുഎസിലെ ജനപ്രീതി എന്നീ വിഷയങ്ങളെക്കുറിച്ച് ഒരു ഇന്ത്യൻ റിപ്പോർട്ടർ ട്രംപിനോട് ചോദിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇന്ത്യൻ റിപ്പോർട്ടറുടെ പിന്നിൽ ഇരിക്കുന്ന ഒരു മാധ്യമ പ്രവർത്തക അദ്ദേഹത്തെ നോക്കി ചിരിക്കുന്നത് കാണാം.
"ട്രംപ്-മോദി സംയുക്ത പത്രസമ്മേളനത്തിനിടെ ഇന്ത്യയിലെ തലച്ചോറില്ലാത്ത നട്ടെല്ലില്ലാത്ത പത്രപ്രവർത്തകരുടെ മണ്ടത്തരം കണ്ട് അമേരിക്കൻ പത്രപ്രവർത്തകർ ചിരിക്കുന്നു!" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. (Archive)
ന്യൂസ്മീറ്റർ ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 2020-ൽ കൊറോണ വൈറസ് പകർച്ച വ്യാധിയെത്തുടർന്നു ട്രംപ് നടത്തിയ പത്രസമ്മേളനത്തിൽ നിന്നുള്ളതാണ് വൈറൽ വീഡിയോ.
വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഡെൻമാർക്കിൽ ആസ്ഥാനമായുള്ള ഇറാനിയൻ നിർമ്മാതാവും കൺടെൻറ് ക്രിയേറ്ററുമായ ഡാമൺ ഇമാനി 2020 ഫെബ്രുവരി 27-ന് X-ൽ ഇതേ ക്ലിപ്പ് പങ്കിട്ടിരുന്നതായി ഞങ്ങൾ കണ്ടെത്തി. വീഡിയോയിൽ കാണുന്ന ഇന്ത്യൻ പത്രപ്രവർത്തകൻ വൈറ്റ് ഹൗസ് റിപ്പോർട്ടറായ രഘുബീർ ഗോയൽ ആണെന്നും പശ്ചാത്തലത്തിൽ ചിരിക്കുന്ന പച്ച വസ്ത്രം ധരിച്ച പത്രപ്രവർത്തക എബണി ബൗഡൻ ആണെന്നും പോസ്റ്റ് പറയുന്നു. (Click here, here and here to check posts.)
തുടർന്നു നടത്തിയ അന്വേഷണത്തിൽ, 2020 ഫെബ്രുവരി 28-ന് ഇന്ത്യാ ടുഡേയിൽ വന്ന ഒരു റിപ്പോർട്ട് ഞങ്ങക്ക് ലഭിച്ചു, റിപ്പോർട്ടിൽ ഇതേ വീഡിയോയിൽ നിന്നുള്ള ഒരു സ്ക്രീൻഷോട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.
റിപ്പോർട്ട് അനുസരിച്ച്, 2020 ഫെബ്രുവരി 26-ന് നടന്ന കോവിഡ്-19 നെക്കുറിച്ചുള്ള ട്രംപിന്റെ വൈറ്റ് ഹൗസ് പത്രസമ്മേളനത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ. ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തെത്തുടർന്ന് ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ച് ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ ന്യൂയോർക്ക് പോസ്റ്റിന്റെ പത്രപ്രവർത്തക അദ്ദേഹത്തെ പരിഹസിച്ചു എന്നാണ് റിപ്പോർട്ട്.
മറ്റ് വാർത്താ ഏജൻസികളും 2020 ഫെബ്രുവരിയിൽ നടന്ന ഈ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു,
2020 ഫെബ്രുവരി 26-ന് നടന്ന COVID-19 നെക്കുറിച്ചുള്ള ട്രംപിന്റെ പത്രസമ്മേളനവും ഞങ്ങൾ അവലോകനം ചെയ്തു, "പ്രസിഡന്റ് ട്രംപ് വാർത്താ സമ്മേളനത്തിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ അഭിസംബോധന ചെയ്യുന്നു" എന്ന തലക്കെട്ടിൽ CNBC ടിവി പത്രസമ്മേളനം തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ട്രംപും മറ്റ് യുഎസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തിരുന്നില്ല.
CNBC വീഡിയോയുടെ 25:41 മിനിൽ, രഘുബീർ ഗോയൽ ഇന്ത്യ-യൂ എസ് ബന്ധത്തെക്കുറിച്ച് ചോദിക്കുന്നത് കേൾക്കാം.
വൈറൽ ക്ലിപ്പ് 2025 ഫെബ്രുവരി 13-ന് നടന്ന ട്രംപ്-മോദി സംയുക്ത പത്രസമ്മേളനത്തിൽ നിന്നുള്ളതല്ലെന്ന് ഇതിനാൽ വ്യക്തമാണ്. 2020 ഫെബ്രുവരി 26-ന് കൊറോണ വൈറസുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പത്രസമ്മേളനത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ.