Claim: മുക്കം ഉമര്‍ ഫൈസിയെ മുക്കം മുസ്ലിം യത്തീംഖാന (ഓര്‍ഫനേജ്) മാനേജ്മെന്റ് കമ്മിറ്റിയില്‍നിന്ന് പുറത്താക്കി.
Fact: പ്രചാരണം അടിസ്ഥാനരഹിതം. ഉമര്‍ ഫൈസിയെ പുറത്താക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഖാസി വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ യത്തീംഖാന മാനേജ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതായി പ്രചരണം.
മുസ്ലിംലീഗുമായുള്ള ബന്ധം വഷളായി കൊണ്ടിരിക്കെയാണ് മുക്കം മുസ്ലീം യത്തീംഖാന മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്ന് ഉമ്മർ ഫൈസി പുറത്താക്കിയതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 'പാണക്കാട് വിരുദ്ധ പ്രഭാഷണം നടത്തിയ കുപ്രസിദ്ധ പ്രഭാഷകൻ മുക്കം ഉമർ മൗലവിയെ സ്വന്തം നാട്ടുകാർ പിടിച്ചു പുറത്തേക്ക് ഇട്ടിരിക്കുന്നു' എന്ന എന്ന അടിക്കുറിപ്പോടെ അദ്ദേഹത്തിന്റെ ഫോട്ടോ ഉൾപ്പെടുത്തിയ വാർത്തകാർഡ് രൂപത്തിലുള്ള ചിത്രം പ്രചരിക്കുന്നത് കാണാം.
Fact Check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉമര്‍ ഫൈസിയെ പുറത്താക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രം ഒരു വാര്‍ത്താ കാര്‍ഡ് രൂപത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെങ്കിലും ഏതെങ്കിലും ചാനലിന്റെ ലോഗോയോ മറ്റോ ഉള്‍പ്പെടുത്തിയിട്ടില്ല. 20/11/2024 എന്ന തിയതി ചിത്രത്തില്‍ കാണാം. ആധികാരികതയില്ലാത്ത പ്രചാരണമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തില്‍ നടത്തിയ കീവേഡ് പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട് 24 ന്യൂസ് ഒരു വാര്‍ത്ത നല്‍കിയതായി കണ്ടെത്തി.
നിലവില്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന സൂചന ലഭിച്ചതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി മുക്കം മുസ്ലിം ഓര്‍ഫനേജ് സെക്രട്ടറി അബ്ദുല്ലക്കോയയുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:
“നിലവില്‍ ഉമര്‍ ഫൈസിക്കെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല. അദ്ദേഹം 21 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. മാനേജ്മെന്റ് കമ്മിറ്റി എന്നൊരു സംവിധാനമില്ല. എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ മാത്രമാണ് അദ്ദേഹം നിലവില്‍ അംഗമായിരിക്കുന്നത്. നവംബര്‍ 28ന് ചേരുന്ന ജനറല്‍ ബോഡിയില്‍ ഒരുപക്ഷേ അദ്ദേഹം തുടരുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കാം. അത് ഒരുപക്ഷേ അദ്ദേഹത്തിന്റെ രാജിയോ അല്ലെങ്കില്‍ മറ്റ് നടപടികളോ ആവാം. ഇക്കാര്യത്തിലൊന്നും ഇപ്പോള്‍ പ്രതികരിക്കുക സാധ്യമല്ല. നിലവില്‍ അദ്ദേഹത്തിനെതിരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. പ്രചരിക്കുന്ന കാര്‍ഡ് ആരോ വ്യാജമായി ഉണ്ടാക്കിയതാണ്. ഇതില്‍ പൊലീസില്‍ പരാതി നല്കുന്നതിന്റെ സാധ്യതകളും തേടുന്നുണ്ട്.”