ഫെബ്രുവരി 19ന് നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനായുള്ള പാക്കിസ്ഥാനിലെ റാവൽപിണ്ടി സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
ക്രമരഹിതമായും അലങ്കോലപ്പെട്ടും കിടക്കുന്ന ഗാലറിയിലെ ഇരിപ്പിടങ്ങളുടെ ചിത്രമാണ് പ്രചരിക്കുന്നത്. സ്റ്റേഡിയത്തിൽ കാണികൾക്ക് ഇരിക്കാനായി ക്രമീകരിച്ചിരിക്കുന്ന ഇരിപ്പടങ്ങളുടെ പരിതാപകരമായ അവസ്ഥ എന്ന തരത്തിലാണ് പ്രചാരണം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ടൂര്‍ണമെന്റിനായി തയ്യാറെടുപ്പുകള്‍ നടക്കുന്ന സ്റ്റേഡിയത്തിലെ പണിതീരാത്ത ഇരിപ്പിടങ്ങളുടെ ചിത്രമാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സമയക്രമമാണ് ആദ്യം പരിശോധിച്ചത്. 2025 ഫെബ്രുവരി 19 നാണ് മത്സരം ആരംഭിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളിലെല്ലാം ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ മുന്നൊരുക്കങ്ങള്‍ നടക്കുന്നതായും ICC സംഘം പുരോഗതി വിലയിരുത്താന്‍ എത്തിയിരുന്നതായും
റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
ഫെബ്രുവരി 19ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് പാക്കിസ്ഥാനിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് നടക്കുന്നത്. സ്റ്റേഡിയത്തിലെ മുന്നൊരുക്കങ്ങള്‍ ഈ മാസം 25-നകം പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശമെന്ന്
ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് സ്റ്റേഡിയത്തിലെ ക്രമീകരണങ്ങള്‍ക്കിടെ പകര്‍ത്തിയ ചിത്രമാകാം പ്രചരിക്കുന്നതെന്ന് വ്യക്തമായ സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി പുതുതായി എത്തിച്ച ഇരിപ്പിടങ്ങള്‍ പെയിന്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു യൂട്യൂബ് ചാനലില്‍നിന്ന് ലഭിച്ചു. നിലവില്‍ പ്രചരിക്കുന്ന ചിത്രത്തിലെ അതേ ഇരിപ്പിടങ്ങള്‍
വീഡിയോയില്‍ കാണാം. റാവല്‍പിണ്ടി സ്റ്റേഡിയത്തിലെ നവീകരണത്തിന്റെ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ 2025 ജനുവരി 10ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറ്റ് ദൃശ്യങ്ങളുമുണ്ട്.
സ്റ്റേഡിയത്തിലെ പ്രവൃത്തികള്‍ പ്രസ്തുത സമയത്തിനകം പൂര്‍ത്തീകരിക്കാനാവുമോ എന്ന കാര്യത്തില്‍ പലകോണുകളില്‍നിന്നും സംശയങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ടൂര്‍ണമെന്റിന് മുന്‍പായി ജോലികള്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതുസംബന്ധിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത നല്‍കിയിട്ടുണ്ട്.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റാവല്‍പിണ്ടി ഉള്‍പ്പെടെ ടൂര്‍മണമെന്റ് നടക്കാനിരിക്കുന്ന മൂന്ന് സ്റ്റേഡിയങ്ങളിലും നവീകരണം പുരോഗമിക്കുകയാണെന്നും സ്ഥിരീകരിച്ചു.