ഇസ്രായേലിന്റെ ലെബനൻ ആക്രമണത്തിന് പിന്നാലെ ഇറാൻ ഇസ്രായേലിന് നേരെ 400ലധികം മിസൈലുകൾ വർഷിച്ചിരുന്നു. തുടർന്ന് ബോംബ് ഷെൽട്ടറുകൾക്ക് സമീപം താമസിക്കാൻ ജനങ്ങളോട് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) നിർദ്ദേശിച്ചിരുന്നു.
ഇതിനിടയിൽ, തകർന്നടിഞ്ഞ ടെൻറ്റുകളും അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇസ്രായേലിനെതിരായ ഇറാൻ ആക്രമണത്തിന്റെ ദൃശ്യങ്ങളെന്ന പേരിലാണ് പ്രചാരണം.
“40,000 കുട്ടികളെ വംശഹത്യ ചെയ്യാൻ ഉപയോഗിച്ച 30 ഇസ്രായേലി എഫ്-35 യുദ്ധവിമാനങ്ങൾ ഇറാൻ ഇന്നലെ നടത്തിയ അറ്റാക്കിൽ വിജയകരമായി നശിപ്പിച്ചു” എന്ന കുറിപ്പോടെയാണ് പ്രചരണം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രത്തിൽ കാണുന്ന സംഭവം ഇസ്രയേലിനെതിരെയുണ്ടായ ഇറാൻ ആക്രമണത്തിൽ നിന്നല്ല എന്ന് ന്യൂസ്മീറ്റർ വസ്തുത പരിശോധനയിൽ സ്ഥിരീകരിച്ചു.
പ്രചരികുന്ന ചിത്രം റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ 2024 ഫെബ്രുവരി 12 ന് അൽ അറബിയയും അൽ ഹദത്തും ഉൾപ്പെടെയുള്ള YouTube ചാനലുകൾ ഇതേ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ പ്രസിദ്ധീകരിച്ചതായി ഞങ്ങൾ കണ്ടെത്തി.
തെക്കൻ ഗാസയിലുള്ള റാഫയിലെ ഷബൂറ അഭയാർത്ഥി ക്യാമ്പിൽ നടന്ന ഇസ്രായേൽ ബോംബാക്രമണത്തിൻ്റെ അനന്തരഫലങ്ങളെന്ന പേരിലാണ് ഈ ചാനലുകളിൽ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുള്ളത്. പ്രചരിക്കുന്ന ചിത്രം ഈ ദൃശ്യങ്ങളിൽ നിന്ന് എടുത്തതാണെന്ന് പരിശോധനയിലൂടെ വ്യക്തമായി.
അനഡോലു ഏജൻസി എന്ന തുർക്കി വാർത്താ മാധ്യമം സമാന ചിത്രം ഫെബ്രുവരി 12ാം തിയ്യതി പ്രസിദ്ധീകരിച്ചിരുന്നു. 2024 ഫെബ്രുവരി 12-ന് ഇസ്രായേൽ ഗാസയിലെ റഫയിൽ ഫലസ്തീനികൾ തങ്ങളുടെ ടെൻറ്റുകൾ പടുത്തുയർത്തുന്ന മൈതാനത്ത് ആക്രമണം നടത്തി, അതിൽ ഒരു വലിയ ഗർത്തം രൂപപ്പെട്ടു. ഈ ഗർത്തത്തിന്റെ ദൃശ്യം എന്ന കുറിപ്പോടെ ചിത്രം റിപ്പോർട്ട് ചെയ്തതായി കാണാം.
അതേ ദിവസം തന്നെ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ടിൽ, സെൻട്രൽ റഫയിലെ ശബൂറ ക്യാമ്പ് ഇസ്രയേൽ സൈന്യം പൂർണ്ണമായും വളഞ്ഞതായും പറയുന്നു.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചിത്രം ഇസ്രയേലിനെതിരെയുണ്ടായ ഇറാൻ ആക്രമണത്തിന്റേതല്ലെന്നും മറിച്ച് ഗാസയിലെ ഇസ്രായേൽ ബോംബാക്രമണത്തിന്റെതാണെന്നും വ്യക്തമായി.
Conclusion:
ഇസ്രയേലിനെതിരെയുണ്ടായ ഇറാൻ ആക്രമണത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രം യഥാർത്ഥത്തിൽ റഫയിലെ ശബൂറ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന്റെ ദൃശ്യമാണ്.