Fact Check: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധന?

കേരളത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ വൈദ്യുതി നിരക്ക് വര്‍ധിക്കുമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകളില്‍ ചിലതില്‍ യൂണിറ്റിന് 19 പൈസ കൂടുമെന്നും ചിലതില്‍ 7 പൈസ സര്‍ച്ചാര്‍ജ് വര്‍ധനയാണ് നടപ്പാക്കുന്നതെന്നുമാണ് അവകാശവാദം.

By -  Newsmeter Network
Published on : 31 March 2025 11:35 PM IST

Fact Check: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ ഏപ്രില്‍ ഒന്നുമുതല്‍  വര്‍ധന?
Claim:ഏപ്രില്‍ ഒന്നുമുതല്‍ സര്‍ച്ചാജ് അടക്കം സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധന
Fact:വൈദ്യുതി നിരക്ക് വര്‍ധനയ്ക്കൊപ്പം സര്‍ച്ചാര്‍ജില്‍ കുറവു വരുത്തിയതിനാല്‍ നിരക്കുവര്‍ധന പ്രതിഫലിക്കില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ വൈദ്യുതി നിരക്ക് വര്‍ധിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. സര്‍ച്ചാര്‍ജ് ആയി ഏഴുപൈസ് ഈടാക്കാന്‍ തീരുമാനിച്ചെന്നും ഇതാണ് നിരക്കുവര്‍ധനയ്ക്ക് കാരണമെന്നുമാണ് ചില പോസ്റ്റുകളില്‍ പറയുന്നത്. അതേസമയം സര്‍ച്ചാര്‍ജടക്കം യൂണിറ്റിന് 19 പൈസ വര്‍ധിക്കുമെന്ന തരത്തിലും ചില പോസ്റ്റുകളുണ്ട്.




Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നിരക്കുവര്‍ധനയ്ക്കൊപ്പം സര്‍ച്ചാര്‍ജില്‍ മാറ്റം വരുത്തിയതിനാല്‍ നിരക്കുവര്‍ധന പ്രതിഫലിക്കില്ലെന്നും കെഎസ്ഇബി വ്യക്തമാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

പ്രചരിക്കുന്ന ചില പോസ്റ്റുകളില്‍ സര്‍ച്ചാര്‍ജ് ഏഴുപൈസയായി വര്‍ധിപ്പിച്ചത് സംബന്ധിച്ചും മറ്റുചില പോസ്റ്റുകളില്‍ വൈദ്യുതി നിരക്ക് 12 പൈസ വര്‍ധിപ്പിച്ചത് സംബന്ധിച്ചുമാണ് നല്‍കിയിരിക്കുന്നത്. ഇത് രണ്ടും ചേര്‍ത്ത് 19 പൈസയുടെ വര്‍ധനയെന്ന തരത്തിലും ചില പോസ്റ്റുകള്‍ കാണാം. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ച്ചാര്‍ജിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചത്.

മനോരമ ഓണ്‍ലൈന്‍ 2025 മാര്‍ച്ച് 28ന് പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.



ദീര്‍ഘകാലമായി 19 പൈസയായിരുന്ന സര്‍ച്ചാര്‍ജ് 2025 ഫെബ്രുവരിയില്‍ പത്ത് പൈസയായി കുറയ്ക്കുകയും പിന്നീട് മാര്‍ച്ചില്‍ പ്രതിമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് ആറു പൈസയും രണ്ട് മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്നവര്‍ക്ക് എട്ട് പൈസയുമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിലാണ് ഇപ്പോള്‍ വീണ്ടും മാറ്റം വരുത്തിയിരിക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രണ്ട് നിരക്കുകളും ഏകീകരിച്ച് ഏഴുപൈസയാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

ഇതോടെ സര്‍ച്ചാര്‍ജ് ഏഴുപൈസ വര്‍ധിപ്പിച്ചുവെന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമായി. പ്രതിമാസം ബില്‍ ലഭിക്കുന്നവര്‍ക്ക് ഒരുപൈസ കൂട്ടുകയും രണ്ട് മാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്നവര്‍ക്ക് ഒരുപൈസ കുറയ്ക്കുകയുമാണ് ചെയ്തിരിക്കുന്നത്.

തുടര്‍ന്ന് വൈദ്യുതി നിരക്കിലെ വര്‍ധന സംബന്ധിച്ച് അന്വേഷിച്ചു. ഇതുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി അധികൃതരുമായി സംസാരിച്ചു. യൂണിറ്റിന് 12 പൈസയുടെ വര്‍ധനയുണ്ടെന്നും എന്നാല്‍ സര്‍ച്ചാര്‍ജില്‍ കുറവ് വരുത്തിയതിനാല്‍ ഇത് ഉപഭോക്താക്കളെ ബാധിക്കില്ലെന്നുമാണ് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കിയത്.

നിരക്കുവര്‍ധന സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമായി. ‌‌



വ്യത്യസ്ത ഉപഭോക്തൃ വിഭാഗങ്ങള്‍ക്കുള്ള നിരക്കിലെ വര്‍ധന സംബന്ധിച്ച് വിശദമായ പട്ടികകള്‍ കെ എസ് ഇ ബി പുറത്തിറക്കിയിട്ടുണ്ട്. ശരാശരി 12 പൈസയുടെ വര്‍ധനയാണ് ഏപ്രില്‍ മുതല്‍ നടപ്പാക്കുന്നത്. അതേസമയം ഈ വര്‍ധന സര്‍ച്ചാര്‍ജിലെ കുറവുമൂലം ബില്ലില്‍ പ്രതിഫലിക്കില്ലെന്നാണ് കെഎസ്ഇബിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് ഒരു ഫെയസ്ബുക്ക് കുറിപ്പും ബോര്‍ഡ് പങ്കുവെച്ചിട്ടുണ്ട്.




19 പൈസയായിരുന്ന സര്‍ച്ചാര്‍ജ് ഏഴുപൈസയായി കുറയുന്നതോടെ അതില്‍ വരുന്ന 12 പൈസയുടെ കുറവാണ് വൈദ്യുതി ചാര്‍ജ് ഇനത്തില്‍ കൂട്ടിയിരിക്കുന്നതെന്നും അതിനാല്‍ ഫലത്തില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്കില്‍ വര്‍ധന പ്രതിഫലിക്കില്ലെന്നുമാണ് കെ എസ് ഇ ബി വിശദീകരിക്കുന്നത്. എന്നാല്‍ സര്‍ച്ചാര്‍ജ് ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍ ഘട്ടം ഘട്ടമായാണ് കുറച്ചിരിക്കുന്നതെന്നതും വൈദ്യുതി നിരക്ക് വര്‍ധന ഏപ്രില്‍ മുതലാണ് പ്രാബല്യത്തില്‍ വരുന്നതെന്നതും ശ്രദ്ധേയമാണ്.



Conclusion:

ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് വൈദ്യതിനിരക്കില്‍ വര്‍ധനയെന്ന തരത്തിലുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. സര്‍ച്ചാര്‍ജില്‍ മാറ്റം വരുത്തിയതിലൂടെ നേരത്തെ 19 പൈസയായിരുന്ന സര്‍ച്ചാര്‍ജ് ഇപ്പോള്‍ 7 പൈസയാണ്. ഈ കുറവിന് സമാനമായ വര്‍ധനയാണ് വൈദ്യുതി നിരക്കില്‍ വരുത്തിയത് എന്നതിനാല്‍ ഫലത്തില്‍ നിരക്കുവര്‍ധന ഉപഭോക്താക്കളെ ബാധിക്കില്ലെന്നാണ് കെഎസ്ഇബി പറയുന്നത്.

Claim Review:ഏപ്രില്‍ ഒന്നുമുതല്‍ സര്‍ച്ചാജ് അടക്കം സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധന
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:വൈദ്യുതി നിരക്ക് വര്‍ധനയ്ക്കൊപ്പം സര്‍ച്ചാര്‍ജില്‍ കുറവു വരുത്തിയതിനാല്‍ നിരക്കുവര്‍ധന പ്രതിഫലിക്കില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.
Next Story