യുവതിയെ കട്ടന്‍ചായ വിറ്റതിന് പൊലീസ് അറസ്റ്റ് ചെയ്തതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പൊലീസ് ഒരു യുവതിയെ അറസ്റ്റ് ചെയ്യുന്ന വാര്‍ത്താ ദൃശ്യങ്ങള്‍ സഹിതമാണ് പ്രചാരണം. മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്തതെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കട്ടന്‍ചായ വിറ്റതിനല്ല യുവതി അറസ്റ്റിലായതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയുടെ ആദ്യഭാഗത്ത് പശ്ചാത്തലത്തില്‍ നല്‍കിയിരിക്കുന്ന ശബ്ദത്തില്‍ കൊല്ലം, അഞ്ചാലുംമൂട് എന്നീ സ്ഥലങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം ദൃശ്യങ്ങളിലെവിടെയും ഈ സ്ഥലങ്ങളുമായി ബന്ധപ്പെട്ട് ഒന്നും കാണിക്കുന്നുമില്ല. മനോരമ ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ വിശദമായ പരിശോധനയില്‍ പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ പതിപ്പ് കണ്ടെത്തി. 2024 ജൂണ്‍ 19ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഹീറ്ററിൽ ഒളിപ്പിച്ച് 50 ലക്ഷത്തിലേറെ വിലവരുന്ന എംഡിഎംഎ കടത്തിയ യുവതി കൊച്ചിയിൽ പിടിയിലായതാണ് വാര്‍ത്ത.
എന്നാല്‍ വീഡിയോയില്‍ പശ്ചാത്തല ശബ്ദമൊന്നും നല്‍കിയിട്ടില്ലെന്നും ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ശബ്ദം മാത്രമാണുള്ളതെന്നും കാണാം. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ ദൂരദര്‍ശന്‍ ന്യൂസ് നല്‍കിയ വാര്‍ത്ത ലഭിച്ചു. യൂട്യൂബില്‍ 2024 ജൂണ്‍ 19ന് തന്നെയാണ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മനോരമ ഓണ്‍ലൈനിലും ഇതുസംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.ഇതോടെ മയക്കുമരുന്ന് കേസില്‍ ആലുവയില്‍ പിടിയിലായ യുവതിയുടെ ദൃശ്യമാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാകാമെന്ന സൂചനയാണ് ഇതില്‍നിന്ന് ലഭിച്ചത്. കൊല്ലത്ത് മദ്യമെന്ന വ്യാജേന കട്ടന്‍ചായ വിറ്റുവെന്ന പ്രചരിക്കുന്ന വീഡിയോയിലെ ആദ്യവാചകം സൂചനയായെടുത്ത് കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2020-ല്‍ നടന്ന പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2020 ഓഗസ്റ്റ് 4-നാണ് സംഭവം നടന്നത്.
അഞ്ചാലുംമൂട്ടിലെ ബാറില്‍ ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാക്കളെ കബളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇതുമായി ബന്ധ്പ്പെട്ട മറ്റ് ഓണ്‍ലൈന്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ഫെയ്സ്ബുക്ക് ഉള്‍പ്പെടെ വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഫോക്കസ് ടിവി എന്ന ഓണ്‍ലൈന്‍ ചാനലില്‍ പ്രചരിക്കുന്ന വീഡിയോയിലെ അതേ വോയ്സ് ഓവര്‍ നല്‍കിയതായി കണ്ടെത്തി. 2020 ഓഗസ്റ്റ് നാലിന് തന്നെയാണ് ഈ ചാനലിന്റെ ഫെയ്സ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതോടെ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി. 2020 -ല്‍ കൊല്ലത്തു നടന്ന സംഭവത്തെക്കുറിച്ച് ഓണ്‍ലൈന്‍ ചാനല്‍ നല്‍കിയ വാര്‍ത്തയിലെ ശബ്ദവും 2024 ജൂണില്‍ കൊച്ചിയില്‍ മയക്കുമരുന്ന കടത്തിയതിന് പിടിയിലായ യുവതിയുടെ ദൃശ്യങ്ങളും ചേര്‍ത്ത് എഡിറ്റ് ചെയ്താണ് വ്യാജ പ്രചാരണമെന്ന് സ്ഥിരീകരിച്ചു.
Conclusion:
കട്ടന്‍ചായ വിറ്റതിന് യുവതിയെ അറസ്റ്റ്ചെയ്തുവെന്ന പ്രചാരണം അടിസ്താനരഹിതമാണ്. പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും യുവതി അറസ്റ്റിലായത് മയക്കുമരുന്ന് കടത്തിയതിനാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. പ്രചരിക്കുന്ന വീഡിയോയിലെ ശബ്ദം 2020ല്‍ കൊല്ലത്തു നടന്ന മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്താ റിപ്പോര്‍ട്ടിലേതാണെന്നും സ്ഥിരീകരിച്ചു.