സമൂഹ മാധ്യമങ്ങളിൽ വലതുപക്ഷ ആശയങ്ങൾക്കെതിരായ നിലപാടുകൾ കൊണ്ട് പ്രശസ്തനായ ധ്രുവ് റാഠി, ലോക് സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. അതിനിടയിൽ അദ്ദേഹത്തിന്റെതെന്ന പേരിൽ ഈദ് സന്ദേശം വ്യാപകമായി പ്രചാരണം.
ധ്രുവ് റാഠി എഴുതുന്നു എന്ന തലക്കെട്ടിൽ നിർധനർക്കും ആവശ്യക്കാർക്കും ഭക്ഷണവും ഇറച്ചിയും കൊണ്ടെത്തിച്ചും കുടുംബ ബന്ധങ്ങൾ വിളക്കിച്ചേർത്തും കുട്ടികൾക്ക് പെരുന്നാൾ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിച്ചും മദ്യപിച്ചു ബഹളം വെക്കാതെ മറ്റു സമുദായങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ ആക്രോഷിക്കുകയോ നൃത്തമാടുകയോ ആരെയും പ്രകോപിപ്പിക്കുകയോ ചെയ്യാതെ 200 മില്യൻ വരുന്ന മുസ്ലിംകൾ ഇന്നലെ പെരുന്നാൾ കൊണ്ടാടിയെന്നുമാണ് സന്ദേശം. (Archive)
സന്ദേശത്തിന്റെ അവസാനം മുസ്ലിം സമുദായം എത്ര മനോഹരമായ ജനതയാണെന്നും എഴുതിയിട്ടുണ്ട്. (Archive 1, Archive 2, Archive 3)
Fact-Check:
തികച്ചും തെറ്റായ പ്രചാരണമാണിതെന്ന് ഞങ്ങൾ കണ്ടെത്തി. ധ്രുവ് റാഠിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റുകൾ പരിശോധിച്ചതിലൂടെ അദ്ദേഹത്തിന്റെ പ്രസ്താവനയല്ലിതെന്ന് ന്യൂസ്മീറ്റർ അന്വേഷണത്തിൽ വ്യക്തമായി. അത്തരത്തിലുള്ള ഒരു പോസ്റ്റ് ഔദ്യോഗിക എക്സ് അക്കൗണ്ട് ഷെയർ ചെയ്തിട്ടില്ല.
ധ്രുവ് റാഠിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ അവസാനമായി പോസ്റ്റ് ചെയ്തത് ജൂൺ 18 നായിരുന്നു. ആ പോസ്റ്റ് ഇപ്രകാരമാണ്: "റെയിൽവേ മന്ത്രിക്ക് തീവണ്ടി അപകടങ്ങളും ട്രെയിനുകളിലെ തിരക്കും തടയാൻ കഴിയില്ല, വിദ്യാഭ്യാസ മന്ത്രിക്ക് പേപ്പർ ചോർച്ചയും പരീക്ഷ അഴിമതിയും തടയാൻ കഴിയില്ല, ആഭ്യന്തര മന്ത്രിക്ക് തീവ്രവാദ ആക്രമണങ്ങളും മണിപ്പൂർ അക്രമങ്ങളും തടയാൻ കഴിയില്ല." ഈ അക്കൗണ്ടിന് 2.6 ദശലക്ഷം ഫോളോവേഴ്സാണുള്ളത്.
കൂടാതെ, കീവേഡ് പരിശോധനയിൽ ’ധ്രുവ് റാഠി(പാരഡി)’ എന്ന പേരിലുള്ള ഒരു എക്‌സ് പ്രീമിയം അക്കൗണ്ടിൽ 2024 ജൂൺ 18 ന് പങ്കുവെച്ച പോസ്റ്റാണിതെന്ന്കണ്ടെത്തി. കേവലമൊരു ഫാൻ -പാരഡി അക്കൗണ്ടാണിതെന്നും, ധ്രുവ് റാഠിയുടെ യഥാർഥ അക്കൗണ്ടുമായി യാതൊരു ബന്ധവുമില്ലെന്നും ധ്രുവ് റാഠി (പാരഡി) അക്കൗണ്ടിൻ്റെ ആമുഖത്തിൽ തന്നെ കുറിച്ച് വച്ചിട്ടുണ്ട്.
2014 ഒക്‌ടോബറിൽ ഉണ്ടാക്കിയ അക്കൗണ്ടിന് ഇതിനകം 43.4K ഫോളോവേഴ്‌സ് ഉണ്ട്. പാരഡി അക്കൗണ്ടിൽ രാഷ്ട്രീയ ഉള്ളടക്കമുള്ള വിഷയങ്ങളാണ് കൂടുതലും പങ്കുവെക്കുന്നത്. യഥാർത്ഥ ധ്രുവ് റാഠി അക്കൗണ്ടിൻ്റെ അതേ പ്രൊഫൈൽ ചിത്രമാണ് ഈ അക്കൗണ്ടും ഉപയോഗിക്കുന്നത്
Conclusion:
ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട സന്ദേശം ധ്രുവ് റാഠി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടില്ല. പ്രചരിക്കപ്പെടുന്ന സന്ദേശം ഒരു പാരഡി അക്കൗണ്ടിൽ നിന്നുള്ളതാണെന്നും അദ്ദേഹത്തിന്റെ യഥാർഥ അക്കൌണ്ടുമായി യാതൊരു ബന്ധവുമില്ലെന്ന് ന്യൂസ്മീറ്റർ കണ്ടെത്തി.