ഫെബ്രുവരി 15 ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ വൻ തിക്കിലും തിരക്കിലും പെട്ട് 14 സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 18 പേർ മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ, കുംഭമേളയ്ക്ക് പോകുന്ന തീർത്ഥാടകരുടെ ദൃശ്യം എന്ന തെരത്തിൽ തിരക്കേറിയ ഒരു തീവണ്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്,
കുംഭമേള സംഘടിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ തയ്യാറെടുപ്പുകളെ പരിഹസിച്ചുകൊണ്ട്, ഒരു എക്സ് ഉപയോക്താവ് വീഡിയോ പങ്കിട്ടത് ഇങ്ങനെ, "ഈ തയ്യാറെടുപ്പ് മൂന്ന് വർഷമായി നടന്നുകൊണ്ടിരുന്നു. #KumbhStampede #trainacident" (ഹിന്ദിയിൽ നിന്ന് വിവർത്തനം ചെയ്തത്) (ആർക്കൈവ് (Archive)
ഈ അവകാശവാദം തെറ്റാണെന്ന് ന്യൂസ്മീറ്റർ അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോ കുറഞ്ഞത് 2018 മുതൽ ഇന്റർനെറ്റിൽ പ്രചാരത്തിലുണ്ട്.
വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ 2018 ഫെബ്രുവരി 27 ന് ഇതേ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. വീഡിയോ ബീഹാറിലെ പട്നയിൽ നിന്നുള്ളതാണെന്ന് ചാനൽ അവകാശപ്പെടുന്നത്.
2022 ൽ UP-PET വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെ വീഡിയോ ആയും ഈ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
എന്നാൽ നോർത്ത് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക X ഹാൻഡിൽ 2022 ഒക്ടോബർ 15-ന് വീഡിയോ UP-PET പരീക്ഷയുമായി ബന്ധപെട്ടതല്ല എന്ന് വ്യക്തമാക്കിയിരുന്നു.
2022 ഒക്ടോബർ 15-ന് ഉത്തർപ്രദേശ് സർക്കാരിന്റെ ഫാക്ട്-ചെക്ക് എക്സ് ഹാൻഡിലും വീഡിയോയ്ക്ക് UP-PET പരീക്ഷയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി.
വീഡിയോയുടെ കൃത്യമായ സ്ഥലവും വർഷവും വ്യക്തമല്ലെങ്ങിലും 2018 മുതൽ വീഡിയോ പ്രചരിക്കുന്നുണ്ടെന്നും യുപിയിലെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയുമായി ഇതിന് ബന്ധമില്ലെന്നും ഉറപ്പാണ്/