വിപണിയില്‍ ഹലാല്‍ വെളിച്ചെണ്ണ ഇറക്കിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പാരച്യൂട്ട് എന്ന ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന വെളിച്ചെണ്ണ കുപ്പിയില്‍ ഹലാല്‍ ഇന്ത്യ ലേബല്‍ സഹിതമുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ‘ജനകീയ ആവശ്യം കണക്കിലെടുത്ത് ഹലാൽ വെളിച്ചെണ്ണ വിപണിയിൽ ഇറക്കിയ വിവരം സസന്തോഷം അറിയിക്കുന്നു’ എന്ന വിവരണത്തോടെയാണ് പോസ്റ്റുകള്‍.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പാരച്യൂട്ട് വെളിച്ചെണ്ണയില്‍ ഹലാല്‍ ലേബല്‍ ഇല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചതോടെ നല്‍കിയിരിക്കുന്ന ഹലാല്‍ ലേബല്‍ കുപ്പിയില്‍ പ്രിന്റ് ചെയ്തതതല്ലെന്നും മറ്റൊരു സ്റ്റിക്കറായി ഒട്ടിച്ചതാണെന്നും വ്യക്തമായി. ഇത് സ്റ്റിക്കര്‍ വ്യാജമായി ചേര്‍ത്തതാകാമന്ന സൂചന നല്‍കി. തുടര്‍ന്ന് പാരച്യൂട്ട് ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന വെളിച്ചെണ്ണയുടെ കുപ്പികള്‍ പരിശോധിച്ചു. കുപ്പിയുടെ വിവിധ ആംഗിളുകള്‍ പരിശോധിച്ചെങ്കിലും വെജിറ്റേറിയന്‍ മാര്‍ക്കിങ് മാത്രമാണ് കണ്ടെത്താനായത്.
ഇതോടെ പ്രചരിക്കുന്ന ചിത്രത്തിലെ ഹലാല്‍ ലേബല്‍ വ്യാജമായി ചേര്‍ത്തതാകാമെന്ന് വ്യക്തമായി. തുടര്‍ന്ന് പാരച്യൂട്ട് ബ്രാന്‍ഡില്‍ വെളിച്ചെണ്ണ പുറത്തിറക്കുന്ന മാരിക്കോ കമ്പനിയുടെ വെബ്സൈറ്റ് പരിശോധിച്ചു. എഡിബ്ള്‍ വിഭാഗത്തില്‍ പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉല്പന്നത്തിന് ഹലാല്‍ ലേബലുണ്ടെന്ന സൂചന കണ്ടെത്താനായില്ല .
വസ്തുത പരിശോധനയുടെ അവസാനഘട്ടത്തില്‍ പ്രചരിക്കുന്ന ഹലാല്‍ ഇന്ത്യ ലേബല്‍ സംബന്ധിച്ച് ഹലാല്‍ ഇന്ത്യ വെബ്സൈറ്റിലും പരിശോധിച്ചു. ലേബല്‍ നല്‍കുന്ന കമ്പനികളുടെയും ബ്രാന്‍ഡുകളുടെയും പേരുകള്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പാരച്യൂട്ട്, മാരിക്കോ എന്നീ പേരുകളോ പ്രചരിക്കുന്ന ചിത്രത്തിലുപയോഗിച്ചിരിക്കുന്ന HIP26850418 എന്ന നമ്പറോ വെബ്സൈറ്റില്‍ കണ്ടെത്താനായില്ല.
മാരിക്കോ കമ്പനിയുടെ പാരച്യൂട്ട് ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന വെളിച്ചെണ്ണയ്ക്ക് ഹലാല്‍ ഇന്ത്യ ലേബല്‍ നല്‍കിയിട്ടില്ല. പ്രചരിക്കുന്നത് വ്യാജ ചിത്രമാണെന്ന് വ്യക്തം.