Fact Check: രാജാരവിവർമ്മ വരച്ച മഹാബലിയുടെ ചിത്രം? വസ്തുതയറിയാം

മഹാബലിയെ പരിഹാസ്യകരമായി അവതരിപ്പിക്കരുതെന്നും രാജാരവിവർമ്മ വരച്ച ഈ ശരിയായ മഹാബലിയുടെ ചിത്രമാണ് ആളുകൾ ആഘോഷിക്കേണ്ടതെന്നുമുള്ള വാദങ്ങളോടെയാണ് ചിത്രം പ്രചരിക്കുന്നത്.

By Sibahathulla Sakib  Published on  15 Sept 2024 2:56 PM IST
Fact Check: രാജാരവിവർമ്മ വരച്ച മഹാബലിയുടെ ചിത്രം? വസ്തുതയറിയാം
Claim: രാജാരവിവർമ്മ വരച്ച വെളുത്ത് മെലിഞ്ഞ മഹാബലിയുടെ ചിത്രം.
Fact: ഈ ചിത്രം രാജാരവിവർമ്മ വരച്ചതല്ല. രവിവർമ്മ വരച്ച ചിത്രത്തിൽ മഹാബലിക്കൊപ്പം വാമനനുമുണ്ട്

ഓണാഘോഷങ്ങളുടെ ഭാഗമായുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകളിൽ രാജാ രവിവർമ്മ വരച്ച മഹാബലി എന്ന പേരിൽ ഒരു ചിത്രം ‍ വൈറലാണ്.

കോമാളി രൂപത്തിൽ മാവേലിയെ അറിവില്ലായ്മ കൊണ്ട് പ്രചരിപ്പിക്കുന്നത് നമുക്ക് നിർത്താം എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പ്രചരണം. രാജാരവിവർമ്മ വരച്ച ഈ ചിത്രത്തിലുള്ളതാണ് ശരിയായ ലക്ഷണങ്ങളോടെ ഉള്ള മഹാബലി എന്ന വാദവും പ്രചരണത്തിൽ കാണാം.

കുടവയറിന് പകരം വെളുത്ത, മെലിഞ്ഞ് ഒരു ഓലക്കുടയും ഏന്തിയുള്ള ചിത്രമാണ് രാജാ രവിവർമ്മ വരച്ച മഹാബലിയുടെ ചിത്രം എന്ന പേരിൽ പ്രചരിക്കുന്നത്.

Fact-check:

പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ന്യൂസ് മീറ്റർ കണ്ടെത്തി.

റിവേഴ്സ് ഇമേജ് സെർച്ചിലൂടെ 2017 സെപ്റ്റംബർ അഞ്ചിനു പ്രസിദ്ധീകരിച്ച 'ദി ഹിന്ദു' പത്രകുറിപ്പിൽ സമാനമായ ചിത്രം കണ്ടെത്താൻ സാധിച്ചു. പ്രചരിക്കുന്ന ചിത്രവും പത്രക്കുറിപ്പിലെ ചിത്രവും തമ്മിൽ കാഴ്ചയിൽ വളരെ അദികം സമാനതകളുണ്ട്. ഇപ്പോൾ വൈറലായ ഫോട്ടോ ഈ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കണം.

പത്രക്കുറിപ്പ് പ്രകാരം മാവേലിയുടെ പുനരാവിഷ്ക്കരണം തിരുവിതാംകൂർ രാജകുടുംബത്തിലെ തമ്പുരാനായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ സൃഷ്ടിയാണ്. മാവേലി എന്ന രാജാവിന്റെ ഈ ഐതിഹാസിക രൂപം മാറ്റത്തിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പങ്കിനെക്കുറിച്ചും വാർത്തയിൽ വ്യക്തമാണ്.

കീവേർഡ് സെർച്ചിലൂടെ കണ്ടെത്തിയ 2013 സെപ്റ്റംബർ 16 ന് പ്രസിദ്ധീകരിച്ച 'ദി ടെലഗ്രാഫിലെ' റിപ്പോർട്ടും ഇതേ വാദം ശരിവെക്കുന്നുണ്ട്.

റിപ്പോർട്ടിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ മഹാബലിയുടെ ചിത്രം വരയ്ക്കാൻ ഒരു ചിത്രകാരനെ നിയോഗിച്ചതും മഹാബലിയുടെ പൊതുവിലുള്ള രൂപത്തോടുള്ള അദ്ദേഹത്തിന്റെ വിമർശനങ്ങളെക്കുറിച്ചുമെല്ലാം വ്യക്തമാക്കുന്നുണ്ട്.

വർമ്മയുടെ ആവശ്യപ്രകാരം കൃഷ്ണൻ നായർ എന്ന കലാകാരൻ മഹാബലിക്ക് ഇടുങ്ങിയ അരക്കെട്ടും ആഢ്യത്തമുള്ള മീശയും നൽകി എന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം 'മാര്‍ത്താണ്ഡ വര്‍മ്മയുടെ മനസ്സിലെ മഹാബലി' എന്ന തലക്കെട്ടിൽ ഡിസംബർ 16 2023 ന് 'ജന്മഭൂമിയിൽ' റിപ്പോർട്ടിൽ ലേഖകൻ പി ശ്രീകുമാർ അദ്ദേഹം ഏതാനും വര്‍ഷം മുമ്പ്‌ ജന്മഭൂമി ഓണപ്പതിപ്പിലേക്ക്‌ ലേഖനം ആവശ്യപ്പെട്ട്‌ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ കാണാന്‍ ചെന്ന സന്ദർഭം പരാമർശിക്കുന്നുണ്ട്.

ലേഖനത്തിന് പകരം ഒരു ചിത്രമാണ് തനിക്ക് മാര്‍ത്താണ്ഡവര്‍മ്മ നൽകിയതെന്നും അദ്ദേഹം റിപ്പോർട്ടിൽ പറയുന്നു. രവിവർമ്മ വരച്ചെന്ന രീതിയിൽ പ്രചരിക്കുന്ന അതേ ചിത്രം തന്നെയാണ് ഈ റിപ്പോർട്ടിലും കാണാൻ സാധിക്കുന്നത്.

"ഇതാണ്‌ ശരിയായ മഹാബലി. കുടവയറും കപ്പടമീശയും വച്ച് ഇന്ന് നാടുനീളെ എഴുന്നള്ളിപ്പിക്കുന്ന കോലമല്ല മഹാബലി. ശക്തിമാനായ, ആരോഗ്യവാനായ രാജാവായിരുന്നു അദ്ദേഹം. കുടവയറോ കൊമ്പന്‍മീശയോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മനസ്സില്‍ പതിയപ്പെടുന്ന മഹാബലിയുടെ ചിത്രം. ഒരു കോമാളിയുടേതാണ്" എന്ന് മാർത്താണ്ഡവർമ്മ പറയുന്നതായി റിപ്പോർട്ടിലുണ്ട്.

ലേഖകനായ പി ശ്രീകുമാറിനെ ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ മാർത്താണ്ഡവർമ്മയാണ് തനിക്ക് ചിത്രം നൽകിയതെന്നും ലേഖനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രം രവിവർമ്മയുടേതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കലാകാരനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

രവിവർമ്മ വരച്ച യഥാർത്ഥ ചിത്രം 'ആരാണ് മഹാബലി രാജാവ്' എന്ന തലക്കെട്ടിൽ 2020 ഓഗസ്റ്റ് 28 ന് 'ദി ഹിന്ദു' പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഞങ്ങൾ കണ്ടെത്തി.

വിഷ്ണുവിൻ്റെ അഞ്ചാമത്തെ അവതാരമായ വാമനൻ മഹാഭലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുന്നതാണ് ഈ ചിത്രം.
ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചറിലെ രാജാ രവി വർമ്മ ഹെറിറ്റേജ് ഫൗണ്ടേഷൻ്റെ പേജിലും ഇതേ ചിത്രം ലഭ്യമാണ്.

Conclusion

പ്രചാരത്തിലുള്ളത് രാജാരവിവർമ്മ വരച്ച ചിത്രമല്ല എന്ന് ഇതിനാൽ വ്യക്തമാണ്. രവിവർമ്മ വരച്ച ചിത്രത്തിൽ മഹാബലിക്കൊപ്പം വാമനനുമുണ്ട്.
Claim Review:രാജാരവിവർമ്മ വരച്ച വെളുത്ത് മെലിഞ്ഞ മഹാബലിയുടെ ചിത്രം.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook Users
Claim Fact Check:False
Fact:ഈ ചിത്രം രാജാരവിവർമ്മ വരച്ചതല്ല. രവിവർമ്മ വരച്ച ചിത്രത്തിൽ മഹാബലിക്കൊപ്പം വാമനനുമുണ്ട്
Next Story