ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിത ചുമട്ടുതൊഴിലാളി എന്ന അവകാശവാദത്തോടെ തലച്ചുമടേറ്റി നിൽക്കുന്ന ഒരു സ്ത്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
ഭർത്താവിന്റെ മരണാനന്തരം മൂന്നു മക്കളെ നോക്കാനായാണ് ഈ തൊഴിൽ ഇവർ സ്വീകരിച്ചതെന്നും പ്രചരണത്തിൽ പറയുന്നു. എന്നാൽ സ്ത്രീയുടെ പേരോ മറ്റു വിവരങ്ങളോ നൽകിയിട്ടില്ല.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ വനിതാ ചുമട്ടുതൊഴിലാളിയുടെ ചിത്രമല്ല പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ചിത്രത്തില്‍ സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ ഇല്ലാത്തതിനാല്‍ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് സംവിധാനമുപയോഗിച്ച് പരിശോധിച്ചു. ഇതോടെ ചില ബ്ലോഗുകളിലും സമൂഹമാധ്യമ അക്കൗണ്ടുകളിലുമെല്ലാം വിവിധ ഭാഷകളില്‍ ഇതേ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി. ഒരു മലയാളം ബ്ലോഗില്‍ ഇംഗ്ലീഷില്‍ പങ്കുവെച്ച ലേഖനത്തില്‍ ഇവരുടെ പേര് സന്ധ്യ മറാവിയാണെന്നും മധ്യപ്രദേശിലെ കട്നി റെയില്‍വേ സ്റ്റേഷനിലാണ് തൊഴിലെടുക്കുന്നതെന്നും വിവരങ്ങള്‍ നല്‍കിയതായി കണ്ടെത്തി.
ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കൂടുതല്‍ ആധികാരികമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ദൈനിക് ഭാസ്കര്‍ എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച ഹിന്ദി റിപ്പോര്‍ട്ടില്‍ 2016 ല്‍ ഭര്‍ത്താവ് മരണമടഞ്ഞതിനെത്തുടര്‍ന്നാണ് സന്ധ്യ ഈ തൊഴിലെടുത്ത് തുടങ്ങിയതെന്ന് വ്യക്തമാക്കുന്നു.
ഇതോടെ പ്രചരിക്കുന്ന സന്ദേശം ഭാഗികമായി ശരിയാണെന്ന് വ്യക്തമായി. അതേസമയം സന്ധ്യയാണ് രാജ്യത്തെ ആദ്യ വനിതാ ചുമട്ടുതൊഴിലാളി എന്ന അവകാശവാദം തെളിക്കാന്‍ ഈ വിവരങ്ങള്‍ക്ക് സാധിച്ചില്ല.
തുടര്‍ന്ന് നടത്തിയ കീവേഡ് പരിശോധനയില്‍ ഇന്ത്യയിലെ ആദ്യ വനിതാ ചുമട്ടുതൊഴിലാളിയെന്ന തലക്കെട്ടില്‍ റോയിറ്റേഴ്സ് ഫൗണ്ടേഷന്‍ തയ്യാറാക്കിയ ഒരു വീഡിയോ ഡോക്യുമെന്ററി യൂട്യൂബില്‍ കണ്ടെത്തി. 2013 ല്‍ പങ്കുവെച്ച വീഡിയോ രാജസ്ഥാനിലെ ജയ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ വനിതാ ചുമട്ടുതൊഴിലാളിയായ മഞ്ജു ദേവിയെക്കുറിച്ചാണ്.
ഇതോടെ ജയ്പൂരിലെ വനിതാ ചുമട്ടുതൊഴിലാളിയായ മഞ്ജു ദേവി പ്രചരിക്കുന്ന ചിത്രത്തിലുള്ള സന്ധ്യ മറാവിയെക്കാള്‍ നേരത്തെ ഈ തൊഴിലെടുത്തു തുടങ്ങിയിരുന്നതായി വ്യക്തമായി. NDTV ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ മഞ്ജു ദേവിയെക്കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായും കണ്ടെത്തി.
ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ 2013 ല്‍ മഞ്ജു ദേവി ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ വനിതാ ചുമട്ടുതൊഴിലാളി എന്നതരത്തില്‍
റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
അതേസമയം മഞ്ജു ദേവിയ്ക്ക് മുന്‍പേ ഈരംഗത്ത് ജോലിയാരംഭിച്ച വനിതകളുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനും പരിമിതിയുണ്ട്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയ്പൂരിലെ മഞ്ജു ദേവിയാണ് രാജ്യത്തെ ആദ്യ റെയില്‍വേ വനിതാ ചുമട്ടുതൊഴിലാളി. സന്ധ്യാ മറാവി തൊഴിലെടുത്ത് തുടങ്ങിയത് 2016ലാണെന്നും മഞ്ജു ദേവി ഇതിനുമുന്‍പുതന്നെ ഈ രംഗത്ത് സജീവമായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.