ഗുല്‍ബര്‍ഗ - ബിദാര്‍ ഇറാനി ഗ്യാങ് എന്ന കുപ്രസിദ്ധ ക്രിമിനല്‍ സംഘം കേരളത്തിലെത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കമ്പിളി വില്പനക്കാരെന്ന വ്യാജേനകേരളത്തിലെത്തിയ ഇവരെ വീട്ടില്‍ കയറ്റരുതെന്നും കണ്ടാല്‍ പൊലീസില്‍ അറിയിക്കണമെന്നുമുള്ള സന്ദേശത്തിനൊപ്പമാണ് 26 പേരുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കേരള പൊലീസ് ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ഭാഗമായി പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ഗുല്‍ബര്‍ഗ - ബിദാര്‍ ഇറാനി ഗ്യാങ് എന്ന വാക്കുകളുപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 2019ല്‍ പ്രസിദ്ധീകരിച്ച മാധ്യമറിപ്പോര്‍ട്ടുകളില്‍നിന്ന് ഇത് മംഗലൂരുവില്‍നിന്നുള്ള വാര്‍ത്തയാണെന്ന് വ്യക്തമായി.
മംഗലൂരുവിലെ ബാജ്പെ പൊലീസ് ഈ സംഘത്തെക്കുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയതായാണ് വാര്‍ത്ത. 2019 ജൂലൈ 29ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇവരുടെ ചിത്രവും നല്‍കിയതായി കാണാം. ഇതോടെ ഈ ചിത്രത്തിന് താഴെ മലയാളത്തില്‍ അറിയിപ്പ് എഴുതിച്ചേര്‍ത്താണ് പ്രചാരണമെന്ന് വ്യക്തമായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറ്റുചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കിയതായി കണ്ടെത്തിയെങ്കിലും മുഖ്യധാരാ മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്താനായില്ല.
അതേസമയം 2019 ജൂലൈ 30 പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ രഹസ്യസ്വഭാവമുള്ള ഈ വിവരം പങ്കുവെയ്ക്കരുതെന്ന് ഉഡുപ്പി എസ്പി അറിയിച്ചതായും വിവരമുണ്ട്.
ഇതോടെ സംഭവം കര്‍ണാടകയില്‍ 2019ല്‍ റിപ്പോര്‍ട്ട് ചെയ്തതാണെന്നും കേരളവുമായി ബന്ധമില്ലെന്നും വ്യക്തമായി.
സ്ഥിരീകരണത്തിനായി കേരള പൊലീസ് പിആര്‍ഒ പ്രമോദ് കുമാറുമായി ഫോണില്‍ സംസാരിച്ചു. സംഭവം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേരള പൊലീസ് ഇത്തരമൊരു ജാഗ്രതാ നിര്‍ദേശം പങ്കുവെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Conclusion:
26 അംഗ ക്രിമിനല്‍ സംഘം കമ്പിളി വില്പനക്കാരെന്ന വ്യാജേന കേരളത്തിലെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇത് 2019 ല്‍ മംഗലൂരുവിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ടതാണെന്നും കേരള പൊലീസ് ഇത്തരമൊരു ജാഗ്രത നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സ്ഥിരീകരിച്ചു.