1931ൽ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ പ്രസംഗിക്കുന്ന ഡോ. ഭീംറാവു അംബേദ്കറുടെ യഥാർത്ഥ ശബ്ദരേഖ എന്ന അവകാശവാദത്തോടെ ഒരു ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇന്ത്യയിലെ അരികുവൽക്കരിക്കപ്പെട്ട ജനതയെക്കുറിച്ച് സംസാരിക്കുന്ന പ്രസംഗം, വളരെ അപൂർവ്വമായി മാത്രം കണ്ടെത്താൻ സാധിക്കുന്ന അംബേദ്കറിന്റെ യഥാർത്ഥ ശബ്ദമാണെന്ന പേരിലാണ് പ്രചരിക്കുന്നത്.
രണ്ടാം വട്ടമേശ സമ്മേളനത്തിന്റെ ചിത്രങ്ങളും അംബേദ്കറിന്റ്റെ നിരവധി ചിത്രങ്ങളും ശബ്ദരേഖയോടൊപ്പം പ്രചരിപ്പിക്കുന്നതായി കാണാം.
Fact Check
പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ശബ്ദം നടൻ മമ്മൂട്ടിയുടെതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണത്തിന്റെ ഭാഗമായി കീവേഡ് സെർച്ചിലൂടെ ഡോക്ടർ ബി ആർ അംബേദ്കറിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ബയോപിക് ഞങ്ങൾ കണ്ടെത്തി. മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന യൂട്യൂബിൽ ലഭ്യമായ സിനിമയുടെ 1:37:20 ഭാഗത്താണ് പ്രചരിക്കുന്ന ശബ്ദം കണ്ടെത്താൻ സാധിച്ചത്.
പ്രചരിക്കുന്നത് പോലെ ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ അംബേദ്കർ പ്രസംഗിക്കുന്നതിന്റെ ശബ്ദരേഖ തന്നെയാണ് സിനിമയിലും കാണിക്കുന്നത്. എന്നാൽ സിനിമയിൽ അംബേദ്കറിനെ അവതരിപ്പിക്കുന്നത് മലയാള താരം മമ്മൂട്ടിയാണ്.
രണ്ടായിരത്തിൽ ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി തന്നെയാണ് അംബേദ്കറിന്റ്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത്.
പ്രചരിക്കുന്ന ശബ്ദരേഖയിൽ കേട്ട മുഴുവൻ പ്രസംഗം
വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിലെ "ഡോ. ബാബാസാഹെബ് അംബേദ്കറുടെ രചനകളും പ്രസംഗങ്ങളും രണ്ടാം ഭാഗം" എന്ന ശേഖരണത്തിൽ കണ്ടെത്തി. അരികുവൽക്കരിക്കപ്പെട്ടവിഭാഗങ്ങളുടെ രാഷ്ട്രീയ അധികാരങ്ങളെ കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും പ്രസംഗത്തിൽ സൂചിപ്പിക്കുന്നതായി കാണാം.
1930 നവംബർ 20 ന് ആരംഭിച്ച വട്ടമേശ സമ്മേളത്തിലെ 1930 ഡിസംബർ 31 ന് അംബേദ്കർ നടത്തിയ പ്രസംഗമാണിത്.
Conclusion
ഡോക്ടർ ബി ആർ അംബേദ്കറുടെ യഥാർത്ഥ ശബ്ദം എന്ന പേരിൽ പ്രചരിക്കുന്ന ശബ്ദരേഖ അദ്ദേഹത്തിന്റെതല്ലെന്ന് വസ്തുതാ പരിശോധനയിലൂടെ കണ്ടെത്തി. അദ്ദേഹത്തിന്റെ ജീവിതം ആസ്പതമാക്കിയുള്ള സിനിമയിൽ അഭിനയിച്ച നടൻ മമ്മൂട്ടിയുടെ ശബ്ദമാണത്.