ഉത്തര്‍പ്രദേശില്‍ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ ഒരാള്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവാവ് ദേഷ്യത്തില്‍ സംസാരിക്കുന്നതും പെണ്‍കുട്ടി ഓടിപ്പോകുന്നതും കാണാം. വീഡിയോയുടെ അവസാന ഭാഗദത്ത് പോലീസ് വാഹനത്തില്‍ നിന്ന് ഇറക്കിക്കൊണ്ടുവരുന്ന അവശനായ യുവാവിനെയും കാണാം. മുസ്ലീം യുവാവാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതെന്ന രീതിയിലുള്ള വിവരണമാണ് വൈറല്‍ പോസ്റ്റുകളിലുള്ളത്.
Fact Check
വൈറല്‍ വീഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട നിരവധി റിപ്പോര്‍ട്ടുകള്‍ ലഭ്യമായി.
2025 ഫെബ്രുവരി 5ന് ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുള്ള നയി മാണ്ഡി എന്ന സ്ഥലത്തു നടന്ന സംഭവമാണിത്. റോഡിലൂടെ പോകുകയയിരുന്ന പെണ്‍കുട്ടിയെ യുവാവ് വഴിതടഞ്ഞ് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ദൃക്‌സാക്ഷികളില്‍ ആരോ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഭോപ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിലായത്ത് നഗറിലെ താമസക്കാരനായ രോഹിത് ആണ് സംഭവത്തില്‍ അറസ്റ്റിലായത്.
യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷമുള്ള ദൃശ്യങ്ങളും ദൈനിക് ഭാസ്‌കര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഇതാണ് വൈറല്‍ വീഡിയോയുടെ അവസാന ഭാഗത്തുള്ളത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ് രോഹിത് വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. എന്നാല്‍ ഭയന്ന പെണ്‍കുട്ടി ഇയാളില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇത് സംബന്ധിച്ച് മുസഫര്‍ നഗര്‍ പോലീസ് പങ്കുവച്ച എക്‌സ് പോസ്റ്റില്‍ അറസ്റ്റിലായ യുവാവ് ഭോപ്പ സ്വദേശിയായ സമയ് സിംഗിന്റെ മകന്‍ രോഹിത് ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എക്‌സ് പോസ്റ്റ് ചുവടെ കാണാം.
Conclusion
ഉത്തര്‍പ്രദേശില്‍ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി ശല്യപ്പെടുത്തിയ മുസ്ലീം യുവാവിനെ യോഗിയുടെ പോലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യം എന്ന രീതിയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. സംഭവത്തിന് വര്‍ഗീയവശമില്ല, പെണ്‍കുട്ടിയ ശല്യപ്പെടുത്തിയതിന് അറസ്റ്റിലായത് ഭോപ്പ സ്വദേശിയായ രോഹിത് എന്ന ഹിന്ദു യുവാവാണ്.
(Written by Sreejisha Laila)