ഹൈദരാബാദ്: നിലവിലെ ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ ഭാഗമായി മാൽമോയിലെ യൂറോവിഷൻ ഗാനമത്സരത്തിൽ ഇസ്രായേലിന്റെ പങ്കാളിത്തത്തിനെതിരായ പലസ്തീൻ അനുകൂല പ്രകടനത്തിന്റെ ദൃശ്യങ്ങളെന്ന പേരിലുള്ള വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ഒരു ഇസ്രായേലി ഗായകൻ യൂറോവിഷനിൽ പങ്കെടുത്തതിനാൽ സ്വീഡനിൽ അഭയം നൽകപ്പെട്ട ഗസ്സൻ അനുകൂല മുസ്ലീം കുടിയേറ്റക്കാർ സ്വീഡിഷ് നികുതിദായകരെ ഉപദ്രവിക്കുന്നു എന്ന അടിക്കുറിപ്പോടെ ദി നേഷൻ വൈബ്സ് എന്ന ഫേസ്ബുക്ക് പേജ് ഒരു റീൽ പങ്കുവെച്ചിരുന്നു.
സമാനമായ പോസ്റ്റുകൾ പലരും സമൂഹ്യ മാധ്യമങ്ങളിൽ പങ്കു വെച്ചതായി കാണാൻ സാധിക്കും. (Archive 1, Archive 2)
Fact Check:
തെറ്റായ പ്രചരണമാണിതെന്ന് ന്യൂസ്മീറ്റർ കണ്ടെത്തി. വീഡിയോയിൽ കാണുന്ന പ്രതിഷേധം 2009ലാണ് സ്വീഡനിൽ നടന്നത്.
ഉചിതമായ കീവേഡുകൾ ഉപയോഗിച്ചുള്ള ഞങ്ങളുടെ തിരച്ചിലിലൂടെ, 'സ്വീഡൻ ടെന്നീസ് മത്സരത്തിൽ നടന്ന ഇസ്രായേൽ വിരുദ്ധ പ്രതിഷേധം' എന്ന തലക്കെട്ടിലുള്ള ഒരു റോയിട്ടേഴ്‌സ് റിപ്പോർട്ട് ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചു.
'ടെന്നീസ് മത്സരത്തിന് പുറത്ത് സ്വീഡിഷ് പോലീസുമായി ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭകർ ഏറ്റുമുട്ടുന്നു' എന്ന തലക്കെട്ടിലുള്ള 2009 മാർച്ച് 7-ന് പ്രസിദ്ധീകരിച്ച അസോസിയേറ്റഡ് പ്രസിൽ നിന്നുള്ള ഒരു റിപ്പോർട്ടും സമാനമായി ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചു.
റിപോർട്ട് പ്രകാരം സ്വീഡനും ഇസ്രായേലും തമ്മിലുള്ള ഡേവിസ് കപ്പ് ടെന്നീസ് മത്സരം നടക്കുന്ന സ്വീഡനിലെ ഒരു മൈതാനത്ത് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ഒരു കൂട്ടം ഇസ്രായേൽ വിരുദ്ധ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയിരുന്നു.
മൈതാനത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന തടസ്സങ്ങൾ മറികടക്കാൻ പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലും പടക്കങ്ങളും എറിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
നൂറുകണക്കിനുണ്ടായ പോലീസ്, ബാറ്റൺ ഉപയോഗിച്ചാണ് പ്രവർത്തകരെ തടഞ്ഞുനിർത്തിയത്. വൈറൽ വീഡിയോയിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ, രണ്ട് വാർത്തകളും ഒരേ പരിപാടിയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണ്.
അന്വേഷണത്തിന്റെ തുടർച്ചയായി YouTube-ൽ കീവേഡ് പരിശോധനയിലൂടെ വീഡിയോയുടെ മുഴുവൻ പതിപ്പ് കണ്ടെത്താൻ സാധിച്ചു. 'ഡേവിസ് കപ്പ് സ്വീഡൻ-ഇസ്രായേൽ പ്രകടനങ്ങൾ' എന്ന തലക്കെട്ടിൽ 2009 മാർച്ച് 8-ന് ഇത് പങ്കുവെച്ചതായി കാണാം.
2009 മെയ് 15-ന്, സ്വീഡിഷ് വെബ്‌സൈറ്റായ സിഡ്‌സ്‌വെൻസ്‌കാൻ സംഭവത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ YouTube-ൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
“ഡേവിസ് കപ്പ് ടെന്നീസ് മാൽമോയിൽ നടക്കുമ്പോൾ ഒരു പ്രതിഷേധ പ്രകടനം ആരംഭിച്ചു. ഗുണ്ടകൾ പോലീസ് കാറുകൾ നശിപ്പിച്ചു.” എന്ന വിവരണത്തോടെയാണ് വീഡിയോ പങ്കു വെച്ചത്. സ്വീഡനും ഇസ്രായേലും തമ്മിലുള്ള ഡേവിസ് കപ്പ് മത്സരത്തെച്ചൊല്ലി 2009-ൽ മാൽമോയിൽ നടന്ന പ്രതിഷേധത്തെ കവർ ചെയ്യുന്ന നിരവധി വാർത്തകളും ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചു.
Conclusion :
യൂറോവിഷനിലെ ഏതെങ്കിലും ഇസ്രായേൽ വിരുദ്ധ പ്രതിഷേധവുമായി വൈറലായ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. സ്വീഡനും ഇസ്രായേലി പ്രതിഷേധക്കാരും തമ്മിലുള്ള ഡേവിസ് കപ്പ് ടെന്നീസ് മത്സരവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളാണിത്.