സന്ദീപ് വാര്യരുടെ മുൻകാല വിദ്വേഷപ്രസംഗങ്ങളെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിന് മുമ്പായി പുനഃപ്രസിദ്ധീകരിച്ചിരിച്ചുക്കൊണ്ടുള്ള സിപിഐഎം പരസ്യം സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴിതെളിയിക്കുകയും സമസ്‍തക്കുള്ളിൽ അമർഷം പുകയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇത്തരമൊരു പരസ്യം വന്ന സംഭവത്തില്‍ സമസ്തയ്ക്ക് ബന്ധമില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സുപ്രഭാതം വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദ് അറിയിച്ചിരുന്നു. എന്നാൽ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ദേഹത്തെ തള്ളിപ്പറഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. സൈനുല്‍ ആബിദിന് സമസ്തയുമായി ബന്ധമില്ലെന്ന തലക്കെട്ടിൽ ജിഫ്രി തങ്ങളുടെ ചിത്രസഹിതമുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താകാര്‍ഡാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വാര്‍ത്താകാര്‍ഡ് വ്യാജമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന കാര്‍ഡില്‍ ജിഫ്രി തങ്ങളുടെ പേരിന് ഉപയോഗിച്ചിരിക്കുന്ന ഫോണ്ടും മറ്റ് വാക്യങ്ങള്‍ എഴുതിയിരിക്കുന്ന ഫോണ്ടും തമ്മിലെ വ്യത്യാസമാണ് ആദ്യം പരിശോധിച്ചത്. ഇത് കാര്‍ഡ് എഡിറ്റ് ചെയ്തതാകാമെന്ന സൂചന നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരമൊരു കാര്‍ഡ് പങ്കുവെച്ചിട്ടില്ലെന്നും 2024 ജൂണ്‍ 26ന് പങ്കുവെച്ച മറ്റൊരു കാര്‍ഡ് എഡിറ്റ് ചെയ്താണ് പ്രചാരണമെന്നും വ്യക്തമായി.
സമസ്ത സ്ത്രീവിദ്യാഭ്യാസത്തിന് എതിരല്ലെന്ന പ്രസ്താവനയോടെ ഈ വിഷയത്തില്‍ സമസ്തയുടെ നിലപാട് വ്യക്തമാക്കി ജിഫ്രി തങ്ങള്‍ നടത്തിയ പ്രതികരണത്തെ ആധാരമാക്കിയാണ് 2024 ജൂണ്‍ 26ന് ഏഷ്യാനെറ്റ് ന്യൂസ് ഈ കാര്‍ഡ് പങ്കുവെച്ചിരിക്കുന്നത്. ഇതിലെ പ്രധാന ഉള്ളടക്കവും തിയതിയും മാറ്റിയാണ് വ്യാജ പ്രചാരണമെന്ന് ഇതോടെ സ്ഥിരീകരിക്കാനായി.
സുപ്രഭാതത്തില്‍ പരസ്യം നല്കിയതുമായി ബന്ധപ്പെട്ട് ജിഫ്രി തങ്ങള്‍ പ്രതികരണം നടത്തിയതായി മറ്റ് മാധ്യമറിപ്പോര്‍ട്ടുകളും കണ്ടെത്താനായില്ല.
ഇതോടെ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.