Fact Check: പുളിക്കല്‍ പാലത്തിന്റെ ചിലവ് 60 കോടിയോ? വാസ്തവമറിയാം.

കിഫ്ബി ഫൺഡ് ഉപയോഗിച്ച് പൂര്‍ത്തിയാക്കുന്ന പുളിക്കല്‍ പാലത്തിന്റെ ശരിയായ നിര്‍മാണച്ചെലവ് 7.27 കോടി രൂപ മാത്രമാണ്.

By Newsmeter Network
Published on : 26 Dec 2024 1:00 PM IST

Fact Check: പുളിക്കല്‍ പാലത്തിന്റെ ചിലവ് 60 കോടിയോ? വാസ്തവമറിയാം.
Claim:കിഫ്ബി ഫണ്ടിൽ നിന്ന് 60 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച പുളിക്കല്‍ പാലം.
Fact:പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. .ഔദ്യോഗിക കണക്കുകൾ പ്രകാരം പാലത്തിന് ചിലവായത് എട്ടു കോടിയോളം രൂപ മാത്രമാണ്.

സംസ്ഥാന സര്‍ക്കാര്‍ 60 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലമെന്ന വിവരണത്തോടെ വിമർശിച്ചും വികസന നേട്ടമെന്ന തരത്തിലും കാസര്‍കോട് പുളിക്കല്‍ പാലത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പരിഹസിച്ച് പങ്കുവെയ്ക്കുന്ന നിരവധി പോസ്റ്റകൾ അറുപത് കോടിരൂപ അമിത ചെലവാണെന്നു വിമാർശിക്കുന്നു.

എന്നാൽ ദീർഘകാലത്തെ ആവശ്യമായിരുന്ന, അറുപത് കോടിരൂപ മുതൽമുടക്കുള്ള പുളിക്കൽ പാലം സര്‍ക്കാറിന്റെ വികസന നേട്ടമെന്ന തരത്തിലും പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നതായി കാണാം.

Fact Check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പാലം നിര്‍മിച്ചത് അറുപത് കോടി രൂപ ചെലവിലല്ലെന്നും ന്യൂസ്‌ മീറ്റർ അന്വേഷണത്തില്‍ വ്യക്തമായി.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പേജാണ് ആദ്യം പരിശോധിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ വികസന പദ്ധതികളുടെയും വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ മന്ത്രി പങ്കുവെയ്ക്കാറുണ്ട്. ഇത് കണക്കിലെടുത്ത് നടത്തിയ പരിശോധനയില്‍ മന്ത്രി 2024 ഡിസംബര്‍ 14 ന് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടെത്തി.

കാസര്‍കോട് പുളിക്കല്‍ പാലത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം പങ്കുവെച്ചിരിക്കുന്ന കുറിപ്പില്‍ ‘കിഫ്ബിയുടെ 60 കോടി രൂപ ചിലവില്‍ നടപ്പാക്കുന്ന പടന്നക്കാട് മേല്‍പ്പാലം - വെള്ളരിക്കുണ്ട് റോഡ് വികസന പദ്ധതിയിലുള്‍പ്പെട്ട പുളിക്കല്‍ പാലം’ എന്നാണ് മന്ത്രി പരാമര്‍ശിച്ചിരിക്കുന്നത്. ഇതോടെ പാലത്തിന്റെ നിര്‍മാണച്ചെലവ് 60 കോടി അല്ലെന്ന സൂചന ലഭിച്ചു.

തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തി. കിഫ്ബി ധനസഹായവുമായി ബന്ധപ്പെട്ട നിയമസഭ രേഖകളില്‍ ഇതേ കാര്യം കാണാം. പാലങ്ങള്‍ ഉള്‍പ്പെടെ പടന്നക്കാട് ഓവര്‍ബ്രിഡ്ജ് - വെള്ളരിക്കുണ്ട് റോഡിന്റെ വികസനത്തിന് ആകെ അനുവദിച്ചിരിക്കുന്ന തുകയാണ് 60 കോടി രൂപ.

തുടര്‍ന്ന് ചില മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. കാസര്‍കോട് വാര്‍ത്ത എന്ന പ്രാദേശിക ചാനല്‍ പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തയില്‍ പാലത്തിന്റെ നിര്‍മാണച്ചെലവ് ഏഴ് കോടി 27 ലക്ഷം രൂപയാണെന്ന് കാണാം.

കേരള സര്‍ക്കാറിന്റെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗവും പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ കിഫ്ബി ഫണ്ടില്‍ 60 കോടി രൂപ ഉപയോഗിച്ച് പൂര്‍ത്തിയാക്കുന്ന പടന്നക്കാട് - വെള്ളരിക്കുണ്ട് റോഡ് വികസനത്തിലുള്‍പ്പെട്ട പാലം മാത്രമാണ് പുളിക്കല്‍ പാലമെന്നും ഇതിന്റെ നിര്‍മാണച്ചെലവ് 7.27 കോടി രൂപ മാത്രമാണെന്നും സ്ഥിരീകരിച്ചു.

Claim Review:കിഫ്ബി ഫണ്ടിൽ നിന്ന് 60 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച പുളിക്കല്‍ പാലം.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:Misleading
Fact:പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. .ഔദ്യോഗിക കണക്കുകൾ പ്രകാരം പാലത്തിന് ചിലവായത് എട്ടു കോടിയോളം രൂപ മാത്രമാണ്.
Next Story