55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം കൈക്കൊണ്ട തീരുമാനങ്ങളില്‍ പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ വില്പനയ്ക്ക് ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍നിന്ന് 18 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപയോഗിച്ച വാഹനം വില്‍ക്കുന്നവര്‍ ജിഎസ്ടി നല്‍കേണ്ടിവരുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ജിഎസ്ടി സാധാരണക്കാര്‍ക്ക് ബാധകമല്ലെന്നും ഉപയോഗിച്ച വാഹനം വാങ്ങിയ വിലയെക്കാള്‍ കുറഞ്ഞ വിലയില്‍ വില്‍ക്കുമ്പോള്‍ നികുതി നല്‍കേണ്ടതില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിന്റേതാണ്. വീഡിയോയില്‍ ചെറിയൊരു ഭാഗം മാത്രമാണ് നല്‍കിയിരിക്കുന്നത് എന്നതിനാല്‍ വിശദാംശങ്ങള്‍ക്കായി ജിഎസ്ടി കൗണ്‍സില്‍ യോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്‍കിയ വിശദമായ റിപ്പോര്‍ട്ടില്‍ ഉപയോഗിച്ച വാഹനങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട ഭാഗം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങളടക്കം എല്ലാ ഉപയോഗിച്ച വാഹനങ്ങള്‍ക്കും ഈ നികുതി വര്‍ധന ബാധകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുന്ന സമയത്ത് വില്‍ക്കുന്നയാള്‍ വാഹനം വാങ്ങിയ വിലയും അത് വില്‍ക്കുന്ന വിലയും തമ്മിലെ വ്യത്യാസത്തിനാണ് ജിഎസ്ടി ബാധകമാവുക എന്നും ഇതില്‍ വ്യക്തമാക്കുന്നു. അതേസമയം വാഹനത്തിന് ഡിപ്രീസിയേഷന്‍ മൂല്യം നല്‍കിയിട്ടുണ്ടെങ്കില്‍ അതും വില്‍ക്കുന്ന വിലയും തമ്മിലെ വ്യത്യാസത്തിനാണ് ഈ നികുതി നിരക്ക് ബാധകമാവുക എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ, ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇത് ബാധകമല്ലെന്നും പിഐബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതോടെ യൂസ്ഡ് വാഹനങ്ങള്‍ വില്‍പ്പന നടത്തുന്ന കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ മാത്രം ബാധകമായ നികുതിവര്‍ധനയാണിതെന്ന് വ്യക്തമായി. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ വാഹനം വില്‍ക്കുന്നത് യഥാര്‍ത്ഥ വിലയെക്കാള്‍ / ഡിപ്രീസിയേഷന്‍ മൂല്യത്തെക്കാള്‍ കുറഞ്ഞ വിലയ്ക്കാണെങ്കില്‍ നികുതി ബാധകമല്ലെന്നും കണ്ടെത്തി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഇതുമായി ബന്ധപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
ഇന്ത്യന്‍ എക്സ്പ്രസ് നല്‍കിയ വാര്‍ത്തയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥ വില/ഡിപ്രീസിയേഷന്‍ മൂല്യത്തെക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ബാധകമല്ലെന്നും ജിഎസ്ടി രജിസ്റ്റര്‍ചെയ്ത് വാഹനവിപണനം ഒരു ബിസിനസായി നടത്തുന്നവര്‍ക്കാണിത് ബാധകമെന്നും റിപ്പോര്‍ട്ടില്‍ കാണാം.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
ഉപയോഗിച്ച വാഹനം വില്‍ക്കുമ്പോള്‍ വില്‍ക്കുന്ന തുകയും വാങ്ങിയ തുകയും തമ്മിലെ വ്യത്യാസത്തിന് ഇനിമുതല്‍ ജിഎസ്ടി നല്‍കണമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ജിഎസ്ടി രജിസ്റ്റര്‍ ചെയ്യാത്ത സാധാരണക്കാര്‍ക്ക് ഇത് ബാധകമല്ലെന്നും വില്പനയില്‍ യഥാര്‍ഥ മൂല്യത്തെക്കാള്‍ ലാഭമില്ലെങ്കില്‍ നികുതി ബാധകമല്ലെന്നും സ്ഥിരീകരിച്ചു.