ദൃശ്യത്തിലേത് 210 വയസ്സ് പ്രായമുള്ള സ്ത്രീയോ? ലോകത്ത് ഏറ്റവും പ്രായംചെന്ന സ്ത്രീ ആരെന്നറിയാം

210 വയസ്സുള്ള ഒരു മാതാവിന്‍റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പശ്ചാത്തലത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങളും അടിക്കുറിപ്പില്‍ ദൈവത്തിന് സ്തുതി എന്നും ചേര്‍ത്തിട്ടുണ്ട്.

By -  HABEEB RAHMAN YP |  Published on  28 Oct 2022 10:50 PM IST
ദൃശ്യത്തിലേത് 210 വയസ്സ് പ്രായമുള്ള സ്ത്രീയോ?  ലോകത്ത് ഏറ്റവും പ്രായംചെന്ന സ്ത്രീ ആരെന്നറിയാം


210 വയസ്സ് പ്രായമുള്ള മാതാവിന്‍റേതെന്ന അവകാശവാദത്തോടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. Riyas Mannalathil Kozikkode എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് പങ്കുവെച്ച ദൃശ്യങ്ങള്‍ ഇതിനകം നിരവധിപേരാണ് പങ്കുവെച്ചിരിക്കുന്നത്.


സ്ത്രീയുടെ പേരോ മറ്റ് വിശദാംശങ്ങളോ പരാമര്‍ശിക്കാതെയാണ് പോസ്റ്റ്. അടിക്കുറിപ്പായി ദൈവത്തിന് സ്തുതി, ദൈവം വലിയവന്‍ തുടങ്ങിയ അറബി വാചകങ്ങളും വീഡിയോയുടെ പശ്ചാത്തലത്തില്‍ ഖുര്‍‌ആന്‍ സൂക്തങ്ങളും ചേര്‍ത്തിട്ടുണ്ട്.



27 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളുടെ അവസാനഭാഗത്ത് ഒരാള്‍ ഇവര്‍ക്ക് ഭക്ഷണം വായില്‍ വെച്ച് നല്‍കുന്നതും കാണാം.


Fact-check:

സ്ത്രീയുടെ വ്യക്തിഗത വിവരങ്ങള്‍ ഒന്നുംതന്നെ പരാമര്‍ശിക്കാതെ 210 വയസ്സ് പ്രായം എന്ന അവകാശവാദമാണ് പ്രചരിക്കുന്ന വീഡിയോയ്ക്കൊപ്പം പ്രധാനമായുമുള്ളത്. വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സ്ത്രീ ആരെന്ന് അന്വേഷിച്ചു. ഇതിനായി ഗിന്നസ് വേള്‍ഡ് റെക്കോഡ് വെബ്സൈറ്റ് പരിശോധിച്ചു.

വെബ്സൈറ്റില്‍നിന്ന് ലഭ്യമായ വിവരപ്രകാരം ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ സ്ത്രീ സിസ്റ്റര്‍ ആന്‍ഡ്രേ എന്നറിയപ്പെടുന്ന ലൂസ്ലി റാന്‍ഡന്‍ ആണ്.


1904 ഫെബ്രുവരി 11ന് ഫ്രാന്‍സില്‍ ജനിച്ച സിസ്റ്റര്‍ ആന്‍ഡ്രേയ്ക്ക് 2022 ഏപ്രില്‍ 25ന് പ്രായം 118 വയസ്സും 73 ദിവസവുമാണെന്ന ഗിന്നസ് റെക്കോഡ് വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.




119കാരിയായ ജാപ്പനീസ് സ്ത്രീ കാനെ തനകയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ സ്ത്രീയായി സിസ്റ്റര്‍ ആന്‍ഡ്രേ മാറിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് 2022 ഏപ്രില്‍ 26ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച സ്ത്രീകളുടെ റെക്കോഡ് പരിശോധിച്ചു. നിലവില്‍ ജീവിച്ചിരിക്കാത്തവരില്‍ ഈ റെക്കോഡ് ഫ്രാന്‍സില്‍നിന്നുള്ള ജീന്‍ ലൂയിസ് കാള്‍‌മെന്‍റിനാണ്.


122 വയസ്സും 164 ദിവസവും പ്രായം വരെ ജീവിച്ച അവര്‍ 1997 ഓഗസ്റ്റ് 4ന് അന്തരിച്ചതായി ഗിന്നസ് റെക്കോഡ് വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.




മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പ്രകാരം പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന സ്ത്രീ ഇവര്‍ രണ്ടുപേരുമല്ലെന്ന് വ്യക്തമായി. ഗിന്നസ് റെക്കോ‍ഡില്‍ പേര് ചേര്‍ക്കുന്നതിന് കൃത്യമായ രേഖകള്‍ ആവശ്യമായതിനാല്‍ ഒരുപക്ഷേ രേഖകളില്ലാത്തത് കാരണം പേര് ചേര്‍ക്കപ്പെടാതെ പോയവരും ഉണ്ടായേക്കാം. ഈ സാധ്യത കണക്കിലെടുത്ത് നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ 2021 ജൂണില്‍ ഇന്ത്യയില്‍നിന്നുള്ള ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് സമയത്ത് കശ്മീരില്‍ കണ്ടെത്തിയ 124 വയസ്സ് പ്രായമെന്ന് അവകാശപ്പെടുന്ന സ്ത്രീയെക്കുറിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത നല്‍കിയിട്ടുണ്ട്.




കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയ ഉദ്യോഗസ്ഥരുടെ വാദം അംഗീകരിക്കുകയാണെങ്കില്‍ ഇവര്‍ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സ്ത്രീയാണെന്ന് NDTV റിപ്പോര്‍ട്ട് ചെയ്യുന്നു.




ജമ്മുകശ്മീരിലെ ബാരാമുള്ള പ്രദേശത്തെ റഹ്തീ ബീഗം എന്ന ഈ സ്ത്രീയ്ക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയ ഉദ്യോഗസ്ഥരുടെ പ്രതികരണം ഉള്‍പ്പെടെ വീഡിയോ ഇന്ത്യോ ടുഡേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോയിലെ സ്ത്രീയുമായി ഇവര്‍ക്ക് പ്രകടമായ മാറ്റങ്ങള്‍ കാണാം.

മനുഷ്യായുസ്സുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്രീയ ഗവേഷണങ്ങള്‍ പരിശോധിച്ചതില്‍നിന്നും പരമാവധി മനുഷ്യായുസ്സ് 150 വര്‍ഷം വരെയാകാമെന്ന തരത്തില്‍ പഠനങ്ങള്‍ ലഭിച്ചു. മറ്റുചില പഠനങ്ങളില്‍ പറയുന്നത് മനുഷ്യായുസ്സിന് നിശ്ചിത പരിധിയില്ലെങ്കിലും ഏകദേശം 122 വര്‍ഷം വരെയാണ് മനുഷ്യന് പരമാവധി ജീവിക്കാനാവുക എന്നാണ്. ഇതില്‍നിന്നും പ്രചരിക്കുന്ന വീഡിയോയിലെ 210 വയസ്സെന്ന അവകാശവാദം യുക്തിരഹിതമാണെന്ന് വ്യക്തമായി.

വസ്തുതാ പരിശോധനയുടെ അവസാനഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോയിലെ വ്യക്തിയെ തിരിച്ചറിയാന്‍ ശ്രമങ്ങള്‍ നടത്തി. റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ ഇതിനു മുന്‍പും പ്രചരിച്ചതായി കണ്ടെത്തി.

300 വയസ്സുള്ള ലോകത്തിലെ ഏറ്റവും പ്രായംചെന്ന പാക്കിസ്ഥാനി സ്ത്രീ എന്ന അടിക്കുറിപ്പോടെ 2021 സെപ്തംബറില്‍ ഈ വീഡിയോ പ്രചരിച്ചിരുന്നു


2021 ലെ ഈ വ്യാജപ്രചരണവുമായി ബന്ധപ്പെട്ട് വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ വസ്തുതാ പരിശോധന നടത്തിയിരുന്നെങ്കിലും വീഡിയോയിലെ സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.

വീഡിയോയുടെ ഉറവിടമോ വീഡിയോയിലെ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളോ ലഭ്യമായില്ലെങ്കിലും അവകാശവാദത്തില്‍ പറയുന്നപോലെ 210 വയസ്സ് പ്രായമുള്ള വ്യക്തിയാണെന്നത് സാധൂകരിക്കുന്ന ഒരു തെളിവും കണ്ടെത്താനാകാത്തതിനാലും ലഭ്യമായ വിവരങ്ങളുടെയും ശാസ്ത്രീയ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യന്‍റെ ആയുര്‍ദൈര്‍ഘ്യം 150 വരെ സാധ്യമാകൂ എന്നതിന്‍റെ അടിസ്ഥാനത്തിലും വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.


Conclusion:

210 വയസ്സ് പ്രായമുള്ള സ്ത്രീയുടേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഗിന്നസ് റെക്കോഡ് പ്രകാരം ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായംകൂടിയ സ്ത്രീയുടെ പ്രായം 118-ഉം മരണമടഞ്ഞവരില്‍ 122-ഉം ആണ്. ശാസ്ത്രീയപഠനങ്ങള്‍ സൂചിപ്പിക്കുന്നത് മനുഷ്യന്‍റെ ആയുര്‍ദൈര്‍ഘ്യം പരമാവധി 120-150 ആണെന്നാണ്. ഈ പശ്ചാത്തലത്തില്‍ കൃത്യമായ വിവരങ്ങളോ സ്രോതസ്സോ ഇല്ലാതെ പ്രചരിക്കുന്ന വീഡിയോയുടെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മാത്രവുമല്ല, ഇതേ വീഡിയോ ഇതിനുമുന്‍പും തെറ്റായ അടിക്കുറിപ്പോടെ പ്രചരിച്ചതുമാണ്.

Claim Review:210 years old lady still alive due to God’s grace
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story