ഒരു തെരുവുവിളക്ക് സ്ഥാപിക്കാന്‍ 24 ലക്ഷം രൂപ ചെലവഴിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എംഎല്‍എ യുടെ മണ്ഡലമായ തളിപ്പറമ്പിലെ മയിലാട് ജങ്ഷനില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തിലെ ഫലകത്തില്‍ ഈ വിവരങ്ങള്‍ക്കൊപ്പം അടങ്കല്‍തുകയായി 24 ലക്ഷം രൂപ രേഖപ്പെടുത്തിയതായി കാണാം.
 Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും 12 മിനി മാസ്റ്റ് ലൈറ്റുകളുടെ തുകയാണ് 24 ലക്ഷമായി രേഖപ്പെടുത്തിയിരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രത്തില്‍ 2022-23 സാമ്പത്തികവര്‍ഷത്തെ എംഎല്‍എ ആസ്തിവികസന ഫണ്ടില്‍നിന്നാണ് തുകയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സൂചനയുടെ അടിസ്ഥാനത്തില്‍ എംഎല്‍എ ഫണ്ടുകളുടെ വിനിയോഗവിവരങ്ങള്‍ ലഭ്യമായ എഎഡിഎസ് പോര്‍ട്ടല്‍ പരിശോധിച്ചു. തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പ്രസ്തുത സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ തരംതിരിച്ച് നടത്തിയ പരിശോധനയില്‍ മണ്ഡലത്തിലെ 12 ഇടങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനാണ് 24 ലക്ഷം രൂപ അനുവദിച്ചതെന്ന് വ്യക്തമായി.
 
തുടര്‍ന്ന് പദ്ധതി നിര്‍വഹണത്തിനായി 2023 ല്‍ എംവി ഗോവിന്ദന്‍ എംഎല്‍എ സമര്‍പ്പിച്ച കത്തും പരിശോധിച്ചു. ഇതിലും 12 ലൈറ്റുകള്‍ സ്ഥാപിക്കാനാണ് 24 ലക്ഷം രൂപയുടെ ഭരണാനുമതി തേടിയിരിക്കുന്നത്. 
 
ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയ നടപടിക്രമങ്ങളുടെ രേഖയും ലഭ്യമായി. ഇതില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ അനുമതി നല്‍കിയ 12 സ്ഥലങ്ങളും വകയിരുത്തിയ തുകയും കൃത്യമായി പറയുന്നുണ്ട്.
 
 
തളിപ്പറമ്പ മുനിസിപ്പാലിറ്റിയില്‍ സീതി സാഹിബ് HSS ന് അടുത്ത്,  രചന ക്ലബ്  ഏഴാംമൈലിനടുത്ത്,  ഞാറ്റുവയൽ റഹ്മത്ത് നഗർ ജംഗ്ഷനിൽ,  കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ മുണ്ടൽപ്പാലം, കുപ്പം മരത്തക്കാട് ഐവർ പരദേവതാ ക്ഷേത്രം,  മൊട്ടമ്മൽ കവല,  ആസാദ് നഗർ ജംഗ്ഷന്‍,  കൂനം എകെജി മന്ദിരത്തിനടുത്ത്, മൈലാട് ജംഗ്ഷന്‍,  കുട്ടിക്കാനം അമ്മാനപ്പാറ, മയ്യിൽ ഗ്രാമപഞ്ചായത്തിലെ മുല്ലക്കൊടി ടൂറിസം പദ്ധതി മേഖല,  കൂവോട് പാലേരിപ്പറമ്പ് എന്നിവിടങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതെന്ന് ഈ രേഖയില്‍ വ്യക്തമാക്കുന്നു. പദ്ധതി വിശദാംശങ്ങളടങ്ങുന്ന ഒരു ഫലകം സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ഈ ഫലകമാണ് മയിലാട് ജംങ്ഷനില്‍ സ്ഥാപിച്ചതെന്നും ഇതോടെ വ്യക്തമായി.
ഈ രേഖകള്‍ പ്രകാരം ഒരു ലൈറ്റിന് രണ്ട് ലക്ഷം രൂപയാണ് ചെലവ് വരുന്നത്. മറ്റ് എംഎല്‍മാരുടെ മിനി മാസ് ലൈറ്റ് പദ്ധതികളുമായി താരതമ്യം ചെയ്തതോടെ ഇത് പൊതുവെ അനുവദിക്കുന്ന തുകയാണെന്ന് വ്യക്തമായി. കൊണ്ടോട്ടി നിയോജകമണ്ഡലം മുസ്ലിം ലീഗ് എംഎല്‍എ ടിവി ഇബ്രാഹിമിന് മണ്ഡലത്തിലെ 42 സ്ഥലങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 97 ലക്ഷത്തിലേറെ രൂപയാണ് അനുവദിച്ചത്. മറ്റ് എംഎല്‍എ മാര്‍ക്കും സമാനമായ തുകയാണ് പദ്ധതികള്‍ക്ക് അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമായി. 
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion: 
തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 24 ലക്ഷം രൂപ ചെലവഴിച്ചുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മണ്ഡലത്തിലെ 12 സ്ഥലങ്ങളില്‍ മിനി മാസ് ലൈറ്റ് സ്ഥാപിക്കാനാണ് 24 ലക്ഷം രൂപ ചെലവഴിച്ചതെന്നും ഇത് ഒരു തെരുവുവിളക്കിന്റെ തുകയല്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.