5-ജി സ്പെക്ട്രം ലേലത്തില്‍ 2.8 ലക്ഷം കോടിയുടെ നഷ്ടമെന്ന് വ്യാജ പത്രവാര്‍ത്ത; ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് പ്രചരണം

ടൈംസ് ബിസിനസ് മുന്‍പേജിലെ പ്രധാന തലക്കെട്ട് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന ചിത്രം ഇതിനകം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 5-ജി സ്പെക്ട്രം ലേലത്തില്‍ പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് മോര്‍ഫ് ചെയ്ത പത്രവാര്‍ത്തയും പ്രചരിപ്പിക്കുന്നത്.

By HABEEB RAHMAN YP  Published on  8 Aug 2022 10:22 AM IST
5-ജി സ്പെക്ട്രം ലേലത്തില്‍ 2.8 ലക്ഷം കോടിയുടെ നഷ്ടമെന്ന് വ്യാജ പത്രവാര്‍ത്ത; ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് പ്രചരണം

5-ജി സ്പെക്ട്രം ലേലത്തില്‍ കേന്ദ്രസര്‍ക്കാറിന് പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്ന ആരോപണങ്ങള്‍ക്കിടെ 2.8 ലക്ഷം കോടിയുടെ നഷ്ടമെന്ന വ്യാജ പത്രവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ടൈംസ് ഓഫ് ഇന്‍ഡ്യയുടെ ടൈംസ് ബിസിനസ് ചെന്നൈ എഡിഷനില്‍ ഓഗസ്റ്റ് 2ന് പുറത്തിറങ്ങിയ പതിപ്പിന്‍റെ ആദ്യപേജിലെ പ്രധാന തലക്കെട്ടായി "5-ജി സ്പെക്ട്രം ലേലത്തില്‍ 2.8 ലക്ഷം കോടിയുടെ റെക്കോഡ് നഷ്ടം" എന്ന് പങ്കുവെച്ച ചിത്രങ്ങളില്‍ കാണാം. ട്വിറ്ററിലും ഫെയ്സ്ബുക്കിലും നിരവധി പേരാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

"സ്വാതന്ത്ര്യദിനാഘോഷ സമ്മാനമായി ബിജെപി രാജ്യത്തിന് നല്കുന്നത് 5-ജി അഴിമതിയാണെന്ന് ലോകത്തെ ഓര്‍മിപ്പിക്കാന്‍ ഇതല്ലേ പതാകയായി ഉയര്‍ത്തേണ്ടത്" എന്ന അടിക്കുറിപ്പോടെ ടി ആര്‍ ബി രാജ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രം ഇതിനകം ആയിരത്തിലധികം പേരാണ് പങ്കുവെച്ചത്.



"ഭൂമിയിലെ എറ്റവും വലിയ കൊള്ള" എന്ന അടിക്കുറിപ്പോടെ 'വി ദ്രവീഡിയന്‍സ്' എന്ന ട്വിറ്റര്‍ അക്കൗണ്ടിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്.


"ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി" എന്ന അടിക്കുറിപ്പോടെയാണ് എന്‍.എസ്.യു.ഐ. തമിഴ്നാട് ചിത്രം പങ്കുവെച്ചിരിക്കുന്നത്.



ഇത് കൂടാതെ ഫെയ്സ്ബുക്കിലും വിവിധ അക്കൗണ്ടുകളില്‍നിന്ന് ഇതേ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയാണ് നഷ്ടത്തിന് പിന്നിലെന്നും സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ മറവില്‍ കേന്ദ്രം ഇത് മനപ്പൂര്‍വം മറയ്ക്കുകയാണെന്നും വിശദമാക്കി ചിത്രം പങ്കുവെച്ച മലയാളത്തിലുള്ള പോസ്റ്റും കാണാനായി.



ഫാക്ട് ചെക്ക്:

തലക്കെട്ട് നല്‍കിയ രീതിയില്‍ സാധാരണ പത്രങ്ങള്‍ പിന്തുടരുന്ന ഘടനയിലെ വൈരുദ്ധ്യം, സബ്-ഹെഡിങ് രണ്ട് വരികളിലായി വ്യത്യസ്ത അക്ഷര വലുപ്പത്തില്‍ നല്‍കിയത്, മറ്റ് വാര്‍ത്താ തലക്കെട്ടുകള്‍ക്ക് ഉപയോഗിച്ച ഫോണ്ടില്‍നിന്നുള്ള മാറ്റം തുടങ്ങിയ കാര്യങ്ങള്‍ പ്രഥമദൃഷ്ട്യാ ചിത്രം വ്യാജമാണെന്നതിന്‍റെ സൂചനകള്‍ നല്‍കി:


ഇതിന്‍റെ അടിസ്ഥാനത്തില്‍ സൂക്ഷ്മമായി നടത്തിയ പരിശോധനയില്‍, അക്കത്തില്‍ നല്‍കിയ സംഖ്യയുടെ മൂല്യം താഴെ അക്ഷരത്തില്‍ നല്‍കിയ 2.8 ലക്ഷം കോടി എന്നതില്‍നിന്ന് വ്യത്യസ്തമാണെന്നും കണ്ടെത്തി:


ചിത്രം വ്യാജമാണെന്ന് വ്യക്തമായതോടെ ഇത് സ്ഥിരീകരിക്കുന്നതിനായി ഓഗസ്റ്റ് 2-ന് പുറത്തിറങ്ങിയ ടൈംസ് ബിസിനസിന്‍റെ പ്രിന്‍റഡ് കോപ്പി ശേഖരിച്ചു. ഇതില്‍‌നിന്ന് പ്രസ്തുത തലക്കെട്ട് വ്യാജമായി ചേര്‍ത്തതാണെന്ന് വ്യക്തമായി:


പത്രത്തിലെ വാര്‍ത്താ തലക്കെട്ട് പ്രകാരം 5-ജി സ്പെക്ട്രം ലേലത്തില്‍ കേന്ദ്രത്തിന് 1.5 ലക്ഷം കോടിയുടെ റെക്കോഡ് വരുമാനം എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ടൈംസ് ഓഫ് ഇന്‍ഡ്യ സീനിയര്‍ നാഷണല്‍ എഡിറ്റര്‍ പങ്കജ് ദോവലിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നും ന്യൂഡല്‍ഹി എഡിഷനില്‍ പ്രസിദ്ധീകരിച്ച മുന്‍പേജിന്‍റെ ഡിജിറ്റല്‍ കോപ്പി ലഭിച്ചു. അതിലും സമാന ലേ-ഔട്ടും തലക്കെട്ടും കാണാനായി.

ജൂലൈ 26 ന് ആരംഭിച്ച് ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 5-ജി സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിവിധ മലയാള മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലേലത്തിന്‍റെ അവസാന ദിവസം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയും ലേലം പൂര്‍ത്തിയായതുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന്‍റെ വാര്‍ത്തയും ഇക്കാര്യം സാധൂകരിക്കുന്നു. മാതൃഭൂമി ഓണ്‍ലൈനിലും ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത കാണാം.


ഓഗസ്റ്റ് രണ്ടിന് മലയാള മനോരമ ഓണ്‍ലൈനില്‍ ജിക്കു വര്‍ഗീസ് ജേക്കബ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ലേലത്തിലൂടെ 1.5 ലക്ഷം കോടി രൂപയുടെ റെക്കോഡ് വരുമാനം ഉണ്ടാക്കാനായെന്നും 2015 ലെ ലേലത്തില്‍ ലഭിച്ച തുകയായ 1.09 ലക്ഷം കോടിയെ ഇത് മറികടന്നുവെന്നും വ്യക്തമാക്കുന്നു.

ഔദ്യോഗിക സ്ഥിരീകരണത്തിനായി ടൈംസ് ഓഫ് ഇന്‍ഡ്യയുടെ ചെന്നൈയിലെ റസിഡന്‍റ് എഡിറ്റര്‍ ശ്രീ. അരുണ്‍ റാമിനെ ന്യൂസ്മീറ്റര്‍ നേരിട്ട് ബന്ധപ്പെട്ടു. ചിത്രം വ്യാജമാണെന്നും തലക്കെട്ട് മോര്‍ഫ് ചെയ്ത് ചേര്‍ത്തതാണെന്നും, ടൈംസ് ബിസിനസ് നല്‍കിയ തലക്കെട്ട് അതല്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്‍ഡ്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിഗമനം

5-ജി സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട് 2.8 ലക്ഷം കോടിയുടെ നഷ്ടം എന്ന തരത്തില്‍ പ്രചരിക്കുന്ന ടൈംസ് ബിസിനസ് മുന്‍പേജ് ചിത്രം വ്യാജമായി നിര്‍മിച്ചതാണ്. യഥാര്‍ത്ഥ ചിത്രത്തില്‍ തലക്കെട്ട് മാത്രം മോര്‍ഫ് ചെയ്ത് മാറ്റി ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ പരാതി നല്‍കിയതായി ടൈംസ് ഓഫ് ഇന്‍ഡ്യ അധികൃതര്‍ അറിയിക്കുകയും ചെയ്തു.

2015-ലെ സ്പെക്ട്രം ലേലത്തില്‍ 1.09 ലക്ഷം കോടി രൂപയുടെ വരുമാനമാണ് നേടിയതെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2022 ല്‍ ഉപഭോക്താക്കളുടെ എണ്ണം കൂടിയതും സാങ്കേതികവിദ്യയിലെ വളര്‍ച്ചയും ഉള്‍പ്പെടെ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇതില്‍ വലിയ മാറ്റം പ്രതീക്ഷിച്ചുവെങ്കിലും അത് ഇല്ലാതെ പോയത് കേന്ദ്രസര്‍ക്കാരിന്‍റെ അഴിമതിയുടെ ഫലമാണെന്ന് വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിന്‍റെകൂടി പശ്ചാത്തലത്തിലാണ് ഇത്തരം ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ പത്രവാര്‍ത്ത ശരിയാണെന്ന അനുമാനത്തില്‍ നിരവധിപേര്‍ ഇത് പങ്കുവെക്കുകയും ചെയ്യുന്നു.

Claim Review:Times Business has published a news article with the headline “5-G Spectrum Auctions Suffer a Record Loss of Rupees 2.8 Lakh Cr”
Claimed By:Social Media Users
Claim Reviewed By:Newsmeter
Claim Source:Social Media
Claim Fact Check:False
Next Story