നടന്‍ വിജയ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഓഫീസ് തകര്‍ത്തുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വിജയ്‍യുടെ ചിത്രം പതിച്ച ഒരു കെട്ടിടം തകര്‍ക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. വിജയ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിന് പിന്നാലെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മതാചാരങ്ങളെ അപമാനിച്ചുവെന്ന തരത്തില്‍ പരാതികളുമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ദൃശ്യങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ദൃശ്യങ്ങളിലെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഇതേ വീഡിയോ 2025 ഫെബ്രുവരിയില്‍തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി കണ്ടെത്തി. വ്യത്യസ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ഫെബ്രുവരി 19 മുതല്‍ വീഡിയോ പങ്കുവെച്ചതായി കാണാം.
ഇന്ത്യയില്‍ ഈ വര്‍ഷത്തെ റംസാന്‍ വ്രതാരംഭം 2025 മാര്‍ച്ച് 1, 2 തിയതികളിലായിരുന്നു. മാര്‍ച്ച് ഏഴിനാണ് വിജയ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ഇതോടെ ദൃശ്യങ്ങള്‍ ഇഫ്താര്‍ വിരുന്നിന് മുന്‍പത്തേതാണെന്ന് വ്യക്തമായി.
ദൃശ്യങ്ങളെക്കുറിച്ച് കൂടുതല്‍ പരിശോധിച്ചതോടെ ഈ ദൃശ്യങ്ങള്‍ ചില മാധ്യമറിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി. 2025 ഫെബ്രുവരി 18ന് കുമുദം ടിവി യൂട്യൂബില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ ദൃശ്യങ്ങള്‍ കാണാം. തിരുവള്ളൂരില്‍ റോഡ് കൈയ്യേറി നിര്‍മിച്ച ടിവികെ ഓഫീസ് പൊളിച്ചുമാറ്റുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ന്യൂസ് തമിഴ് യൂട്യൂബ് ചാനലിലും ഇതേദിവസം പങ്കുവെച്ച ഇതേ റിപ്പോര്‍ട്ടില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നുമായി യാതൊരു ബന്ധവുമില്ലെന്നും ദേശീയപാത കൈയ്യേറി നിര്‍മിച്ച ടിവികെ യൂത്ത് ഓഫീസ് 2025 ഫെബ്രുവരി 18ന് പൊളിച്ചുനീക്കുന്ന ദൃശ്യങ്ങളാണിതെന്നും വ്യക്തമായി. ഏഷ്യാനെറ്റ് ന്യൂസ് തമിഴ് ഉള്‍പ്പെടെ മറ്റ് മാധ്യമങ്ങളും ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്.
Conclusion:
ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതിന് പിന്നാലെ നടന്‍ വിജയ്‍യുടെ ഓഫീസ് അടിച്ചുതകര്‍ത്തുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നതിന് മുന്‍പുള്ളതാണെന്നും തിരുവള്ളൂരില്‍ ദേശീയപാത കൈയ്യേറി നിര്‍മിച്ച ടിവികെ യൂത്ത് ഓഫീസ് പൊളിച്ചുമാറ്റുന്ന ദൃശ്യങ്ങളാണിതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.