പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. പേരു ചോദിച്ചും ഇസ്‍ലാം വിശ്വാസപ്രകാരമുള്ള ചില വാക്യങ്ങള്‍ ചൊല്ലാന്‍ ആവശ്യപ്പെട്ടും അമുസ്‍ലിംകളാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് വെടിയുതിര്‍ത്തതെന്ന് പലരും വെളിപ്പെടുത്തിയിരുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ പങ്കുവെച്ച മരണപ്പെട്ടവരുടെ പട്ടികയില്‍ ഒരു മുസ്‍ലിം പേര് മാത്രമാണുണ്ടായിരുന്നത്. ഇത് ആദില്‍ ഹുസൈന്‍ ഷാ എന്ന കശ്മീരി യുവാവിന്റേതാണെന്നും സഞ്ചാരികളെ ഭീകരരില്‍നിന്ന് രക്ഷിക്കുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി കൊല്ലപ്പെട്ടവരില്‍ 15 പേര്‍ മുസ്‍ലിംകളാണെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ പുറത്തുവിട്ട പട്ടിക വ്യാജമാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. 15 മുസ്‍ലിം പേരുകളടങ്ങുന്ന 26 പേരുടെ പട്ടിക സഹിതം പ്രചരിക്കുന്ന പോസ്റ്റില്‍ ‘ഇന്ത്യാ ടിവി’ പുറത്തുവിട്ട യഥാര്‍ത്ഥ പട്ടിക എന്നാണ് അവകാശവാദം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്നത് വ്യാജ പട്ടികയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന പട്ടികയും ഔദ്യോഗികമായി മാധ്യമങ്ങള്‍ക്ക് ലഭ്യമായ പട്ടികയും തമ്മിലെ താരതമ്യമാണ് ആദ്യം നടത്തിയത്.
ഔദ്യോഗിക പട്ടികയിലെ പേരുകളില്‍ പലതും പ്രചരിക്കുന്ന പട്ടികയില്‍ ഇല്ലെന്ന് കണ്ടെത്തി. വാര്‍ത്തകളില്‍ ഇടം നേടിയ കശ്മീരി പൗരന്‍ സയ്യിദ് ആദില്‍ ഹുസൈന്റെയോ ലെഫ്റ്റനന്റ് കേണല്‍ വിനയ് നര്‍വാളിന്റെയോ പേരുകള്‍ പ്രചരിക്കുന്ന പട്ടികയില്‍ ഇല്ലെന്ന് കാണാം. ഇതോടെ പട്ടിക വ്യാജമാകാമെന്ന സൂചന ലഭിച്ചു.
ഇന്ത്യാടിവി പുറത്തുവിട്ടതെന്ന അവകാശവാദത്തോടെയാണ് പട്ടിക പ്രചരിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാ ടിവിയുടെ യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. എന്നാല്‍ ഇന്ത്യാടിവി പ്രസിദ്ധീകരിച്ചത് മറ്റ് മുഖ്യധാരാ മാധ്യമങ്ങള്‍ നല്‍കിയ അതേ പട്ടികയാണെന്ന് കണ്ടെത്തി.
കൂടുതല്‍ സ്ഥിരീകരണത്തിനായി മറ്റ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളും പരിശോധിച്ചു. ലൈവ്മിന്റ്, ഇന്ത്യാടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങി വിവിധ ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഔദ്യോഗികമായി ലഭ്യമായ പട്ടിക തന്നെയാണെന്ന് കണ്ടെത്തി.
കൂടാതെ ദി ഹിന്ദു ഉള്‍പ്പെടെ ചില മാധ്യമങ്ങള്‍ മരണപ്പെട്ടവരുടെ ചിത്രസഹിതം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതായും കണ്ടെത്തി. ഇതും ഔദ്യോഗിക പട്ടിക പ്രകാരമുള്ള പേരുകളാണ്.
ഇതോടെ പ്രചാരണം വ്യാജമാണെന്നും പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരില്‍ 15 പേര്‍ മുസ്‍ലിംകളാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും വ്യക്തമായി.
Conclusion:
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 15 പേര്‍ മുസ്‍ലിംകളാണന്ന അവകാശവാദം അടിസ്ഥാനരഹിതമാണ്. കൊല്ലപ്പെട്ടവരില്‍ മുസ്‍ലിം പേരുള്ളത് കശ്മീരി പൗരനായ് സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടേത് മാത്രമാണെന്നും പ്രചരിക്കുന്ന പട്ടിക വ്യാജമാണെന്നും ഇന്ത്യാടിവി ഉള്‍പ്പെടെ ഒരു മുഖ്യധാരാ മാധ്യമവും ഇത്തരമൊരു പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.