കെ സുധാകരന്‍ ജെബി മേത്തറിനൊപ്പം അമേരിക്കയിലേക്ക്? വീഡിയോയുടെ വസ്തുതയറിയാം

ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോകുന്ന KPCC പ്രസിഡന്‍റ് കെ സുധാകരനൊപ്പം രാജ്യസഭാ എംപിയും മഹിളാകോണ്‍ഗ്രസ് പ്രസിഡന്‍റുമായ അഡ്വ. ജെബി മേത്തര്‍ യാത്രതിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  27 Dec 2023 1:32 PM GMT
കെ സുധാകരന്‍ ജെബി മേത്തറിനൊപ്പം അമേരിക്കയിലേക്ക്? വീഡിയോയുടെ വസ്തുതയറിയാം

കോണ്‍ഗ്രസ് നേതാവും KPCC പ്രസിഡന്റുമായ കെ സുധാകരന്‍ എംപി ചികിത്സാവശ്യത്തിന് അമേരിക്കയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. രാജ്യസഭാ എംപിയും മഹിളാകോണ്‍ഗ്രസ് പ്രസിഡന്റുമായ അഡ്വ. ജെബി മേത്തറിനൊപ്പമാണ് സുധാകരന്‍ അമേരിക്കയിലേക്ക് പോകുന്നതെന്നാണ് അവകാശവാദം. വിവിധ പ്രൊഫൈലുകളില്‍നിന്ന് വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ വിവരണങ്ങളോടെയും ഈ വീഡിയോ പങ്കുവെച്ചതായി കാണാം.
Fact-check:

ചികിത്സാവശ്യാര്‍ത്ഥം കെ സുധാകരന്‍ എം പി അമേരിക്കയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നുവെങ്കിലും അദ്ദേഹം യാത്രതിരിച്ചതായി മാധ്യമറിപ്പോര്‍ട്ടുകളൊന്നും കണ്ടിരുന്നില്ല. വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയതോടെ ഈ വീഡിയോ അഡ്വ. ജെബി മേത്തര്‍ തന്റെ ഇന്‍സ്റ്റഗ്രാം, പേജിലും ഫെയ്സ്ബുക്ക് പേജിലും റീല്‍ രൂപത്തില്‍ പങ്കുവെച്ചതായി കണ്ടെത്തി.


ഫെയ്സ്ബുക്ക് പേജില്‍ ഇതേ ഫ്രെയിമില്‍ സുധാകരനൊപ്പമുള്ള ചിത്രവും അവര്‍‍ പങ്കുവെച്ചിട്ടുണ്ട്. 2023 ഡിസംബര്‍ 22ന് വൈകീട്ട് 6.25ന് പങ്കുവെച്ച ചിത്രത്തിനൊപ്പം ജന്തർ മന്തറിൽ ഇന്ന് നടന്ന ഇന്ത്യ മുന്നണിയുടെ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം നാളെ കെ.പി.സി.സി. നടത്തുന്ന ഡി.ജി.പി. ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പ്രിയ പ്രസിഡന്റ് ശ്രീ. കെ. സുധാകരൻ എം.പി.ക്കൊപ്പം തിരുവനന്തപുരത്തേക്ക് എന്ന വിവരണവും നല്കിയതായി കാണാം. പോസ്റ്റിന്റെ ലൊക്കേഷനായി ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളവും അടയാളപ്പെടുത്തിയതായി കാണാം.
ഇതോടെ പ്രചരിക്കുന്ന ചിത്രം കെ സുധാകരന്‍‍ അമേരിക്കയിലേക്ക് പുറപ്പെടുന്നതിന്റെ ചിത്രമല്ലെന്ന വ്യക്തമായ സൂചനകള്‍‌ ലഭിച്ചു. തുടര്‍ന്ന് അഡ്വ. ജെബി മേത്തര്‍ എംപിയെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥിരീകരണം തേടി. അവരുടെ പ്രതികരണം ഇങ്ങനെ:

“പ്രചരിക്കുന്ന വീഡിയോ ദൃശ്യം എന്റെ ഫോണില്‍ ചിത്രീകരിക്കുകയും ഞാന്‍ പങ്കുവെയ്ക്കുകയും ചെയ്തതാണ്. ഡിസംബര്‍ 22ന് ന്യൂഡല്‍ഹിയില്‍ ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തതിന് ശേഷം തിരുവനന്തപുരത്തേക്ക് യാത്രതിരിക്കവെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍നിന്നെടുത്ത ദൃശ്യമാണത്. യാത്രയ്ക്കിടെ ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും എന്റെ സുഹൃത്തുക്കള്‍ക്കായി ഞാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. വ്യാജപ്രചരണങ്ങളെ അവഗണിക്കുകയാണ് പതിവ്.”

ജെബി മേത്തര്‍ പറഞ്ഞ പ്രകാരം ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് നടന്ന ഡിജിപി ഓഫീസ് മാര്‍ച്ചില്‍‌ കെ സുധാകരന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങളില്‍ ലഭ്യമാണ്. ഇതിന് പിന്നാലെ അദ്ദേഹത്തെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.


ചികിത്സയ്ക്കായി അദ്ദേഹം ഡിസംബര്‍ 31ന് അമേരിക്കയിലേക്ക് യാത്രതിരിക്കുമെന്നാണ് റിപ്പോര്‍‌ട്ടുകള്‍. മുഖ്യമന്ത്രി നേരത്തെ ചികിത്സതേടിയ അമേരിക്കയിലെ മയോക്ലിനിക്കിലാണ് അദ്ദേഹം ന്യൂറോസംബന്ധമായ ചികിത്സതേടുന്നത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജനുവരി 15നാണ് തിരിച്ചെത്തുകയെന്നും ഭാര്യ കെ സ്മിതയും സെക്രട്ടറി ജോര്‍ജും യാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കുമെന്നും ദി ഫോര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

Claim Review:Adv. Jebi Mather accompanies K Sudhakaran MP while leaving to US for treatment
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story