വിമാനത്തില്‍ മുഖം പൊത്തിപ്പിടിച്ച് നില്‍ക്കുന്ന ഒരു എയര്‍ഹോസ്റ്റസിന്റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വലിയൊരു കഥയും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. വിമാനത്തിലെ കോക്പിറ്റില്‍നിന്ന് പൈലറ്റും സഹപൈലറ്റും തമ്മില്‍ സംസാരിച്ചത് മൈക്കിലൂടെ കേട്ടതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളെന്ന തരത്തിലാണ് പ്രചാരണം. വിമാനം ലാന്‍ഡ് ചെയ്ത ശേഷം താന്‍ എയര്‍ഹോസ്റ്റസിനെ ചുംബിക്കുമെന്ന് പൈലറ്റ് സഹപൈലറ്റിനോട് സംസാരിച്ചത് കേട്ട എയര്‍ഹോസ്റ്റസ് മൈക്ക് ഓഫ് ചെയ്യാനായി ഓടുകയായിരുന്നുവെന്നും ഇതിനിടെ ഒരു ബാലന്റെ പ്രതികരണം കേട്ടാണ് മുഖം പൊത്തിയതെന്നുമാണ് ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന വിവരണം.
Fact-check:
പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും പ്രചരിക്കുന്നത് വ്യാജമായി മെനഞ്ഞെടുത്ത കഥ മാത്രമാണെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ 2014 ലെ ഒരു മാധ്യമറിപ്പോര്‍ട്ടില്‍ ഈ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി. ചൈനീസ് ഭാഷയില്‍ 2014 ഡിസംബര്‍ 15ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൈനീസ് വിമാനത്തില്‍ എയര്‍ ഹോസ്റ്റസിന് നേരെയുണ്ടായ അതിക്രമമാണെന്നാണ് സൂചന.
ഗൂഗ്ള്‍ ട്രാന്‍സലേറ്റ് ഉപയോഗിച്ച് റിപ്പോര്‍ട്ട് പരിഭാഷപ്പെടുത്തിയതോടെ സംഭവത്തിന് പ്രചരിക്കുന്ന വിവരണവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. വിമാനത്തില്‍ എയര്‍ഹോസ്റ്റസുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് ചൂടുവെള്ളമടങ്ങിയ നൂഡില്‍സ് എയര്‍ഹോസ്റ്റസിന്റെ മുഖത്തേക്കെറിയുകയായിരുന്നു.
ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇംഗ്ലീഷിലും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി.
2014 ഡിസംബര്‍ 16ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ബാങ്കോക്കില്‍നിന്ന് ചൈനീസ് നഗരമായ നാന്‍ജിങിലേക്ക് പോവുകയായിരുന്ന എയര്‍എഷ്യ വിമാനത്തിലാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. പരിക്കേറ്റ എയര്‍ ഹോസ്റ്റസിന് പ്രാഥമിക ചികിത്സ നല്‍കിയെന്നും വിമാനം ബാങ്കോക്കിലേക്ക് തിരിച്ചുവിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേദിവസം പ്രസിദ്ധീകരിച്ച മറ്റൊരു ഓണ്‍ലൈന്‍ മാധ്യമറിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. സംഭവം ചൈനക്കാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതായും ഇതില്‍ പറയുന്നു.
ഇതോടെ പ്രചരിക്കുന്ന വിവരണം തീര്‍ത്തും സാങ്കല്‍പികമാണെന്നും യഥാര്‍ത്ഥ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.
Conclusion:
വിമാനത്തില്‍ മുഖം പൊത്തിപ്പിടിച്ചു നില്‍ക്കുന്ന എയര്‍ ഹോസ്റ്റസിന്റെ ചിത്രത്തിനൊപ്പമുള്ള വിവരണം വ്യാജമാണെന്നും ചൈനയിലേക്കുള്ള വിമാനത്തില്‍ എയര്‍ഹോസ്റ്റസിന്റ മുഖത്തേക്ക് ചൂടുള്ള ഭക്ഷണം വലിച്ചെറിഞ്ഞ 2014ലെ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലേതാണ് ചിത്രമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.