മലപ്പുറം അരിപ്ര പാടത്ത് ഇടിച്ചിറക്കിയ വിമാനം: ദൃശ്യങ്ങളുടെ സത്യമറിയാം

മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയ്ക്കടുത്ത് അരിപ്ര പാടത്ത് വിമാനം ഇടിച്ചിറക്കിയതിന്റെ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെയാണ് മലയാള ശബ്ദസന്ദേശം ഉള്‍പ്പെടുത്തിയ 19 സെക്കന്റ് വീഡിയോ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  20 Aug 2023 6:31 PM GMT
മലപ്പുറം അരിപ്ര പാടത്ത് ഇടിച്ചിറക്കിയ വിമാനം: ദൃശ്യങ്ങളുടെ സത്യമറിയാം

മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്ത് അരിപ്ര പാടത്ത് വിമാനം ഇടിച്ചിറക്കിയെന്ന അടിക്കുറിപ്പും പശ്ചാത്തല ശബ്ദവും ചേര്‍ത്ത് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഫെയ്സ്ബുക്കിലും വാട്സാപ്പിലും വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ തകര്‍ന്ന ഒരു വിമാനത്തിന്‍റെ ദൃശ്യങ്ങളും കാണാം.

റോസപ്പൂവ് എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് 2023 ആഗസ്റ്റ് 20ന് പങ്കുവെച്ച വീഡിയോ മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് പേരാണ് കണ്ടത്.


വീഡിയോയുടെ പശ്ചാത്തല ശബ്ദമായി ഇതേ കാര്യം പറയുന്നുണ്ട്. നാട്ടിലെ ജനങ്ങള്‍ക്ക് ഇത് പുതിയ അനുഭവമായെന്നും വിമാനം ഏതെന്ന് അറിയില്ലെന്നും ശബ്ദത്തിലുണ്ട്.

Fact-check:

പ്രചരിക്കുന്ന വീഡിയോയും പശ്ചാത്തല ശബ്ദവും സൂക്ഷ്മമായി പരിശോധിച്ചതോടെ ശബ്ദം പിന്നീട് റെക്കോഡ് ചെയ്ത് ചേര്‍ത്തതാണെന്നും വീഡിയോ എടുത്ത സ്ഥലത്തേതല്ലെന്നും വ്യക്തമായി.


തുടര്‍ന്ന് വീഡിയോയിലെ വിമാനത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചു. Kalitta Air എന്ന് വിമാനത്തില്‍ കാണാം. ഇതോടെ സംഭവം ഇന്ത്യയിലേതല്ലെന്ന സൂചനലഭിച്ചു. തുടര്‍ന്ന് വീഡിയോയില്‍നിന്ന് ഏതാനും കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ വിമാനത്തിന്‍റെ നിരവധി ചിത്രങ്ങള്‍ ലഭിച്ചു. ഇതില്‍നിന്നും വിമാനം അമേരിക്കയിലെ കാലിറ്റ എയര്‍ കാര്‍ഗോ വിമാനമാണെന്ന് വ്യക്തമായി.

തുടര്‍ന്ന് ഈ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2023 ആഗസ്റ്റ് ഏഴിന് പങ്കുവെച്ച ഒരു ട്വിറ്റര്‍ വീഡിയോ ലഭിച്ചു. Flight Emergency എന്ന വെരിഫൈഡ് പേജില്‍നിന്ന് പങ്കുവെച്ച വീഡിയോയില്‍ കാലിറ്റയുടെ K4968 വിമാനം ചൈനയിലെ നിംഗ്ബോ ലിഷെ വിമാനത്താവളത്തില്‍ റണ്‍വേയില്‍നിന്നും തെന്നിമാറിയതായി വ്യക്തമാക്കുന്നു.


തുടര്‍ന്ന് കൂടുതല്‍ വിശദാംശങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മറ്റ് റിപ്പോര്‍ട്ടുകളും ലഭ്യമായി. ആഗസ്റ്റ് ഏഴിന് വൈകീട്ട് നടന്ന സംഭവത്തില്‍ വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയില്‍നിന്ന് പുറത്തേക്ക് തെന്നിമാറിയതോടെ പുല്ല് നിറഞ്ഞ പ്രദേശത്ത് വിമാനം കുടുങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്.




റിപ്പോര്‍ട്ടില്‍ നല്കിയിരിക്കുന്ന വിമാനത്തിന്റെ നമ്പര്‍ N401KZ പ്രചരിക്കുന്ന ദൃശ്യങ്ങളിലും കാണാം.



The Aviation Herald എന്ന വൈബ്സൈറ്റിലും അപകടത്തിന്റെ വിശദമായ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം നല്കിയിട്ടുണ്ട്. ഇതില്‍നിന്നും വിമാനത്തിന്റെ നമ്പര്‍ ഒരിക്കല്‍കൂടി സ്ഥിരീകരിക്കാനായി.



സംഭവവുമായി ബന്ധപ്പെട്ട് AirLive, Stuff തുടങ്ങി വിവിധ വെബ്സൈറ്റുകളിലും വാര്‍ത്തകള്‍ നല്കിയിട്ടുണ്ട്.


ഇതോടെ പ്രചരിക്കുന്ന വീഡിയോ ചൈനയിലെ വിമാനത്താവളത്തില്‍ സംഭവിച്ച അപകടത്തിന്റേതാണെന്നും ഇതിന് മലപ്പുറവുമായോ ഇന്ത്യയുമായി പോലുമോ ബന്ധമില്ലെന്നും വ്യക്തമായി.


Conclusion:

മലപ്പുറം അരിപ്ര പാടത്ത് വിമാനം ഇടിച്ചിറക്കി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ ചൈനയില്‍നിന്നുള്ളതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2023 ആഗസ്റ്റ് ഏഴിന് അമേരിക്കന്‍ കാര്‍ഗോ വിമാനമായ കാലിറ്റ-എയര്‍ ചൈനയിലെ നിങ്ബോ-ലിഷെ വിമാനത്താവളത്തില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറിയ സംഭവത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്നത്.

Claim Review:Aircraft crash lands in Kerala’s Malappuram
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story