എ കെ ആന്റണിയുടെ ഭാര്യ വരച്ച 28 കോടിയുടെ ചിത്രം: വസ്തുതയറിയാം

എ കെ ആന്റണി പ്രതിരോധമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണി വരച്ച പെയിന്റിങ് എയര്‍പോര്‍ട്ട് അതോറിറ്റി 28 കോടി രൂപയ്ക്ക് വാങ്ങിയെന്നാണ് പ്രചരണം.

By -  HABEEB RAHMAN YP |  Published on  26 Sep 2023 3:20 PM GMT
എ കെ ആന്റണിയുടെ ഭാര്യ വരച്ച 28 കോടിയുടെ ചിത്രം: വസ്തുതയറിയാം

മുന്‍ പ്രതിരോധമന്ത്രി എ കെ ആന്‍റണിയുടെ ഭാര്യയുടെ പെയിന്റിങുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. എ കെ ആന്റണി പ്രതിരോധമന്ത്രിയായിരുന്ന സമയത്ത് എയര്‍പോര്‍ട്ട് അതോറിറ്റി 28 കോടി രൂപയ്ക്ക് പെയിന്റിങുകള്‍ വാങ്ങിയെന്നാണ് പ്രചരണം. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണി പെയിന്റിങിനൊപ്പം നില്ക്കുന്ന ചിത്രസഹിതമാണ് പ്രചരണം.
പോരാളി ഷാജി എന്ന ഫെയ്സ്ബുക്ക് പേജില്‍ Ali Alangadan എന്ന പ്രൊഫൈലില്‍നിന്നാണ് 2023 സെപ്തംബര്‍ 26ന് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വിവരണത്തിനൊപ്പം എ കെ ആന്റണിയുടെ വീട്ടിലെ ആതിഥ്യമര്യാദയുമായി ബന്ധപ്പെട്ട് പരിഹാസവും കാണാം.


Fact-check:

എ കെ ആന്‍റണി പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് അഥവാ 2006 - 2014 കാലഘട്ടത്തിലെ സംഭവത്തെക്കുറിച്ചാണ് പോസ്റ്റില്‍ പരാമര്‍ശം. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2012 ല്‍ ഈ സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നതായി കണ്ടെത്തി. ഇന്ത്യാടുഡേ ഉള്‍പ്പെടെ മാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്ത നല്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു.


സംഭവത്തില്‍ എലിസബത്ത് ആന്റണിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ തന്നെ വിശദീകരണം നല്കിയതായി കണ്ടെത്തി. 2012 ജൂണ്‍ 19ന് പങ്കുവെച്ച കുറിപ്പില്‍ പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കുന്നു.
പ്രചരിക്കുന്ന ചിത്രം ഒരു സ്വകാര്യ വ്യക്തിയാണ് വാങ്ങിയതെന്നും എയര്‍പോര്‍ട്ട് അതോറിറ്റി രണ്ടരലക്ഷം രൂപയ്ക്ക് വേറെ ചിത്രങ്ങളാണ് വാങ്ങിയതെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2016ല്‍ ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. സുപ്രീംകോടതി അഭിഭാഷകന്‍ എംഎസ് വിഷ്ണു ശങ്കര്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവള അധികൃതര്‍ രേഖാമൂലം നല്കിയ മറുപടിയില്‍ രണ്ടരലക്ഷം രൂപയ്ക്ക് രണ്ട് ചിത്രങ്ങള്‍ വാങ്ങിയതായി സ്ഥിരീകരിക്കുന്നുണ്ട്.വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി 2016 ആഗസ്റ്റ് 15 ന് വിശദമായ വിവരണത്തോടെ എലിസബത്ത് ആന്റണി തന്നെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതായും കാണാം.
എലിസബത്ത് ആന്റണിയ്ക്ക് ക്ലീന്‍ചിറ്റ് എന്ന തലക്കെട്ടോടെ 2016 ല്‍ വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ ഡെക്കാന്‍ ക്രോണിക്ക്ളും റിപ്പോര്‍ട്ട് നല്കിയിരുന്നു.
ഇതോടെ പ്രചരിക്കുന്ന സന്ദേശം തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി.

2019 ലും വിവിധ തെറ്റായ അടിക്കുറിപ്പുകളോടെ ഇതേ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


Conclusion

എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയുടെ പെയിന്റിങ് എയര്‍പോര്‍ട്ട് അതോറിറ്റി 28 കോടി രൂപയ്ക്ക് വാങ്ങിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വസ്തുതാവരുദ്ധമാണ്. പ്രചരണത്തിനാസ്പദമായ സംഭവം 2011 ലായിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി തിരുവന്തപുരം വിമാനത്താവളത്തിലേക്ക് രണ്ട് ചിത്രങ്ങള്‍ രണ്ടരലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്ന് വിവരാവകാശരേഖയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Claim Review:Airport Authority purchased Elizabeth Antony’s paintings for 28 Cr while AK Antony was the defense minster
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story