ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇക്കുറിയും കനത്ത പരാജയമാണ് CPIM-നുണ്ടായത്. കേരളത്തില്‍ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് സമാനമായി ഒരു സീറ്റില്‍ മാത്രമാണ് പാര്‍ട്ടി വിജയിച്ചത്. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലെ രണ്ട് സീറ്റുകളും രാജസ്ഥാനിലെ ഒരു സീറ്റുമടക്കം ആകെ നാല് സീറ്റുകളാണ് CPIM നേടിയത്. തിരഞ്ഞെടുപ്പിലെ പ്രകടനം പാര്‍ട്ടിയുടെ ദേശീയപദവി നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന് പിന്നാലെ CPIM നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലന്‍ രാജസ്ഥാനിലെ പാര്‍ട്ടിയുടെ വിജയത്തില്‍ കോണ്‍ഗ്രസിന് നന്ദി പറഞ്ഞതായി പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ കാര്‍ഡിന്റെ രൂപത്തിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. (Archive)
CPIM നെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് ഈ ചിത്രം സമൂഹാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എ കെ ബാലന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന കാര്‍ഡ് എഡിറ്റ് ചെയ്തതാകാമെന്ന സൂചനകള്‍ ലഭിച്ചു. കാര്‍ഡിലുപയോഗിച്ചിരിക്കുന്ന പ്രധാന ഉള്ളടക്കത്തിന്റെയും തിയതിയുടെയും ഫോണ്ടുകള്‍. പശ്ചാത്തലത്തില്‍ കാണുന്ന മുസ്ലിം ലീഗിന്റെ പതാക എന്നിവ കാര്‍ഡ് എഡിറ്റ് ചെയ്തതാകാമെന്ന വ്യക്തമായ സൂചനയായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന തിയതിയില്‍ ഇത്തരമൊരു കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ചിട്ടില്ലെന്ന് വ്യക്തമായി. പിന്നീട് ലീഗ്, എ കെ ബാലന്‍ തുടങ്ങിയ കീവേഡുകളും മറ്റ് ചില ഫില്‍ട്ടറുകളും ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ സമാനമായ കാര്‍ഡ് 2023 നവംബര്‍ 3-ന് പങ്കുവെച്ചതായി കണ്ടെത്തി. (Archive)
CPIM സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയതിന് പിന്നാലെ അതിനെ അഭിനന്ദിച്ച് എ കെ ബാലന്‍ രംഗത്തെത്തിയിരുന്നു (പിന്നീട് മുസ്ലിം ലീഗ് ഈ പരിപാടിയില്‍നിന്ന് വിട്ടുനിന്നു). ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ 2023 നവംബര്‍ 3-ന് തയ്യാറാക്കിയതാണ് കാര്‍ഡ്. ഇതിലെ പ്രധാന വാചകങ്ങള്‍ മായ്ച്ച് പുതിയ ഉള്ളടക്കം എഴുതിച്ചേര്‍ത്താണ് പ്രചാരണമെന്ന് ഇതോടെ വ്യക്തമായി.
എ കെ ബാലന്റെ ഈ പ്രതികരണവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ടും ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഇതോടെ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത കാര്‍ഡാണെന്ന് സ്ഥിരീകരിച്ചു.
അവസാനമായി കാര്‍ഡിലെ മറ്റ് അവകാശവാദങ്ങളെക്കുറിച്ച് പരിശോധിച്ചു. രാജസ്ഥാനില്‍ ഒരു സീറ്റില്‍ CPIM ജയിച്ചുവെന്നത് ശരിയാണ്. എന്നാല്‍ ഇവിടെ കോണ്‍ഗ്രസിന്റെ സഹായത്തോടെ എന്ന് പറയുന്നതില്‍ പ്രസക്തിയില്ല. രാജസ്ഥാന്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ CPIM - INDIA സഖ്യത്തിന്റെ ഭാഗമായിരുന്നു. രാജസ്ഥാനില്‍ CPIM വിജയിച്ച സികാര്‍ മണ്ഡലത്തില്‍ INDIA സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ മത്സരിച്ചില്ലെന്നും കാണാം.
ദേശീയ പാര്‍ട്ടി പദവിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ എ കെ ബാലന്‍ തന്നെ നേരത്തെ പങ്കുവെച്ചിരുന്നു.
Conclusion:
രാജസ്ഥാനില്‍ CPIM-നെ ജയിപ്പിച്ചതിന് എ കെ ബാലന്‍ കോണ്‍ഗ്രസിന് നന്ദി അറിയിച്ചുവെന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താകാര്‍ഡെന്ന തരത്തില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ചിത്രമാണ്. എ കെ ബാലന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.