മുഴുവന്‍ വിദ്യാര്‍ഥികളും കൊല്ലപ്പെട്ട ഗസ്സയിലെ സ്കൂള്‍: പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവമറിയാം
ഡെസ്കുകളില്‍ പൂച്ചെണ്ടുകള്‍ വെച്ച ക്ലാസ്മുറിയില്‍ നില്‍ക്കുന്ന ഒരു യുവതിയെയും ചിത്രത്തില്‍ കാണാം.
By - HABEEB RAHMAN YP |
ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധമുഖത്തെ നിരവധി കാഴ്ചകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത്തരത്തില്‍ കരളലിയിക്കുന്ന അടിക്കുറിപ്പോടെയാണ് ഗസ്സയിലെ സ്കൂളിലേതെന്ന അവകാശവാദത്തോടെ ഒരുചിത്രം നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
ഗസ്സയിലെ വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും യുദ്ധമുഖത്ത് രക്തസാക്ഷിത്വം വരിച്ചുവെന്നും അക്കാദമിക് വര്‍ഷം പൂര്‍ത്തിയായെന്നുമാണ് ചിത്രത്തിനൊപ്പം നല്കിയിരിക്കുന്ന വിവരണം.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് സംവിധാനം ഉപയോഗിച്ച് പരിശോധിച്ചു. ഇതേ ചിത്രം Human Rights Watch എന്ന വെബ്സൈറ്റില്‍ ഉപയോഗിച്ചതായി കണ്ടെത്തി.
2021 മെയ് 8ന് സയ്യിദ് അല്‍ ഷുഹദാ ഗേള്‍സ് സ്കൂളിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാവ് ക്ലാസ്റൂമിലെത്തിയ ചിത്രം എന്ന അടിക്കുറിപ്പാണ് ഫോട്ടോയ്ക്ക് നല്കിയിരിക്കുന്നത്. സമാനമായ ചിത്രം വാഷിങ്ടണ്‍ പോസ്റ്റില്‍ 2021 സെപ്തംബര്‍ 1ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സയ്യിദ് അല്‍ ശുഹദ ഗേള്‍സ് സ്കൂളില്‍ 2021 മെയ് 8ന് ഉണ്ടായ ബോംബാക്രമണത്തെക്കുറിച്ചാണ് അടിക്കുറിപ്പിലും പരാമര്‍ശിക്കുന്നത്. സ്കൂളിലെ മറ്റ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പൂച്ചെണ്ടുകള്‍ സമര്‍പ്പിച്ച് ക്ലാസില്‍ ഇരിക്കുന്ന ചിത്രമെന്നാണ് വിവരണം.
ഇതോടെ പ്രചരിക്കുന്ന ചിത്രം അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ 2021 മെയ് 8ന് ഉണ്ടായ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിലേതാണെന്ന് വ്യക്തമായി. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതിനായി ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് കീവേഡുകള്‍ തയ്യാറാക്കി ഇവ അറബി ഭാഷയിലേക്ക് തര്‍ജമ ചെയ്തശേഷം പരിശോധിച്ചു. ഇതോടെ BBC Arabic ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി.
ബോംബാക്രമണത്തില്‍ മുപ്പതോളം കുട്ടികള്‍ കൊല്ലപ്പെട്ടതായും അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. Associated Press പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കൊല്ലപ്പെട്ട നൂറോളം പേരില്‍ ചില കുട്ടികളുടെ ചിത്രസഹിതം നല്കിയതായും കണ്ടെത്തി. ന്യൂയോര്‍ക്ക് ടൈംസിലും ഈ ബോംബാക്രമണം സംബന്ധിച്ച് വാര്‍ത്ത നല്കിയിട്ടുണ്ട്.
Open Asia എന്ന വെബ്സൈറ്റില്‍ പ്രചരിക്കുന്ന ചിത്രം ഉള്‍പ്പെടെ അഫ്ഗാനിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ സംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ടും ലഭിച്ചു.
ലഭ്യമായ വിവരങ്ങളില്‍നിന്ന് പ്രചരിക്കുന്ന ചിത്രത്തിന് നിലവിലെ ഇസ്രയേല്‍ - ഹമാസ് യുദ്ധവുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിക്കാനായി.
Conclusion:
മുഴുവന്‍ വിദ്യാര്‍ഥികളും യുദ്ധത്തില്‍ കൊല്ലപ്പെട്ട ഗസ്സയിലെ സ്കൂള്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ചിത്രം 2021ല്‍ അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ കാബൂള്‍ പ്രവിശ്യയില്‍ ഒരു സ്കൂളിനു നേരെയുണ്ടായ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ളതാണെന്നും ഇതിന് ഗസ്സയുമായോ നിലവിലെ ഇസ്രയേല്‍ - ഹമാസ് യുദ്ധവുമായോ ബന്ധമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.