വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ പരസ്യമായി നിയമഭേദഗതിക്കെതിരം രംഗത്തെത്തിയതോടെ പശ്ചിമബംഗാളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ പലതും സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. മുര്‍ഷിദാബാദ് ഉള്‍പ്പെടെ മേഖലകളില്‍ സംഘര്‍ഷം രൂക്ഷമായി. ഈ പശ്ചാത്തലത്തിലാണ് മുസ്ലിം ആള്‍ക്കൂട്ടം സൈനിക ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും വീഡിയോയ്ക്ക് അഞ്ചുവര്‍ഷം പഴക്കമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രത്തിലെ ചില കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് പരിശോധന നടത്തിയതോടെ ഈ വീഡിയോ ഒരു യൂട്യൂബ് ചാനലില്‍ കണ്ടെത്തി. 2020 ഏപ്രില്‍ 29 ന് പങ്കുവെച്ചരിക്കുന്ന വീഡിയോയ്ക്കൊപ്പം പശ്ചിമബംഗാളില്‍ കൊറോണ സമയത്ത് പൊലീസിനെ ആള്‍ക്കൂട്ടം ആക്രമിക്കുന്നതാണെന്ന തരത്തില്‍ വിവരണവും നല്‍കിയിട്ടുണ്ട്.
ഈ സൂചന ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ വിവിധ ദേശീയമാധ്യമങ്ങളും യൂട്യൂബ് ചാനലില്‍ 2020 ഏപ്രില്‍ 29 ന് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തി. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഹൗറയിലെ ബെലീലിയസ് റോഡില്‍ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിനും സിആര്‍പിഎഫിനും നേരെയാണ് ആക്രമണമുണ്ടായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് വിവരണത്തില്‍ പറയുന്നു.
തുടര്‍ന്ന് കീവേഡുകളും തീയതിയും ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളില്‍ സംഭവവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കണ്ടെത്തി.
കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് മാര്‍ക്കറ്റില്‍ കൂട്ടംകൂടിയ ജനങ്ങളെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിനും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കും നേരെ ജനങ്ങള്‍ കൂട്ടമായി ആക്രമിച്ച സംഭവമാണിതെന്നും സംഭവം നടന്നത് ചൊവ്വാഴ്ചയാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതോടെ ദൃശ്യങ്ങള്‍ അഞ്ചുവര്‍ഷം പഴയതാണെന്നും നിലവിലെ വഖഫ് പ്രതിഷേധങ്ങളുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.
Conclusion:
വഖഫ് നിയമഭേദഗതിയ്ക്കെതിരായ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം മുസ്ലിം ജനക്കൂട്ടം സൈനിക ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2020 ഏപ്രിലില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസ് - സൈനിക ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണിത്.